14 November Wednesday

പനച്ചിക്കാട് പഞ്ചായത്തിൽ കോൺഗ്രസ്‌‐ ബിജെപി സഖ്യം

വെബ് ഡെസ്‌ക്‌Updated: Friday Aug 31, 2018


പനച്ചിക്കാട് പഞ്ചായത്തിൽ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസപ്രമേയം ബിജെപി പിന്തുണയോടെ പാസായി. പഞ്ചായത്ത് പ്രസിഡന്റ‌് ഇ ആർ സുനിൽകുമാറിനും വൈസ് പ്രസിഡന്റ‌് അനില ബിജുവിനുമെതിരായ  പ്രമേയം 10 നെതിരെ 12 വോട്ടിനാണ‌് പാസ്സായത്.

ബിജെപിയുടെ രണ്ട് അംഗ വും ബിജെപി പിന്തുണച്ച ബിഡിജെഎസ് സ്വതന്ത്രനും കോൺഗ്രസിന് വോട്ട് ചെയ്തു. മറ്റൊരു ബിജെപി അംഗം ഡോ. ലിജി എസ് നായർ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. കക്ഷിനില: എൽഡിഎഫ് ‐10, യുഡിഎഫ് ‐9, ബിജെപി ‐നാല് .

പഞ്ചായത്ത് പ്രസിഡന്റ‌് സിപിഐ എമ്മിലെ ഇ ആർ സുനിൽകുമാറാണ് പുറത്തായത്. പദ്ധതി പ്രവർത്തനം കാര്യക്ഷമമല്ല, പക്ഷപാതപരമായി പെരുമാറുന്നു എന്നീ ആരോപണങ്ങളാണ് അവിശ്വാസ പ്രമേയത്തിൽ ഉന്നയിച്ചിരുന്നതെങ്കിലും  നടത്തിയ വികസനപ്രവർത്തനങ്ങൾ അക്കമിട്ട് നിരത്തിയപ്പോൾ പ്രതിപക്ഷത്തിന് മറുപടിയുണ്ടായില്ല. പഞ്ചായത്തിലെ പൂവൻതുരുത്ത് മേഖലയിൽ  256  ചെറുകിട ഫാക്ടറികളാണ് പ്രവർത്തിക്കുന്നത്. യുഡിഎഫ് ഭരിച്ച 10 വർഷം ഈ ഫാക്ടറികൾ കെട്ടിട‐ തൊഴിൽ നികുതികൾ അടച്ചിരുന്നില്ല. കോടിക്കണക്കിന് രൂപ ഈയിനത്തിൽ പഞ്ചായത്തിന്‌ ലഭിക്കാനുണ്ട്‌. ഇത്‌ പിരിണ്ടക്കാൻ ഭരണസമിതി നീക്കം നടത്തിയതിനെതിരെ ഫാക്ടറി ഉടമകൾ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഈ കേസ് അട്ടിമറിക്കാൻ ലക്ഷങ്ങൾ കോഴ വാങ്ങിയാണ് കോൺഗ്രസ് നേതൃത്വം അവിശ്വാസ പ്രമേയം കൊണ്ടുവന്നതെന്ന് സുനിൽകുമാർ പറഞ്ഞു. കുട്ടനാട്ടിൽ നിന്നുള്ള 100 പേർ ഇപ്പോഴും പനച്ചിക്കാട് പഞ്ചായത്തിലെ ക്യാമ്പിലുണ്ട്. ദുരിതാ ശ്വാസ പ്രവർത്തനങ്ങൾ ഊർജിതമായി നടക്കേണ്ട സമയത്താണ് പഞ്ചായത്ത് ഭരണം അനിശ്ചിതത്വത്തിലായത്‌. 

പള്ളം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി കെ അപ്പുക്കുട്ടൻ ആയിരുന്നു റിട്ടേണിങ‌് ഓഫീസർ.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top