14 November Wednesday

വിദേശസഹായം ലഭ്യമാക്കണം ; കേന്ദ്രത്തോട‌് കേരള നിയമസഭ

പ്രത്യേക ലേഖകൻUpdated: Friday Aug 31, 2018


തിരുവനന്തപുരം
കേരളത്തിന്റെ പുനർനിർമാണത്തിന് അന്താരാഷ്ട്രസഹകരണവും സഹായവും ലഭ്യമാക്കാൻ  കേന്ദ്രസർക്കാർ  അനുകൂലനിലപാട് സ്വീകരിക്കണമെന്നും കൂടുതൽ കേന്ദ്രസഹായം അനുവദിക്കണമെന്നും നിയമസഭ അഭ്യർഥിച്ചു. നൂറ്റാണ്ടിലെ ഏറ്റവുംവലിയ പ്രളയക്കെടുതിയെക്കുറിച്ച‌് ചർച്ചചെയ്യാൻ ചേർന്ന പ്രത്യേക സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ  അവതരിപ്പിച്ച പ്രമേയം ഏകകണ‌്ഠമായാണ‌് സഭ അംഗീകരിച്ചത‌്. പുതിയകേരളം സൃഷ്ടിക്കാൻ സർക്കാർ ഒരുങ്ങുമ്പോൾ വിഭവസമാഹരണം വെല്ലുവിളിയാണ‌്. അതിനാൽ സാങ്കേതികമേഖലയിലും ധനസമാഹരണത്തിലും വിദേശസഹായം അത്യാവശ്യമാകുന്നു. ഇതിനായി മറ്റുരാജ്യങ്ങളുടെയും ഐക്യരാഷ്ട്രസംഘടന, ലോകബാങ്ക്  തുടങ്ങിയ ഏജൻസികളുടെയും സഹായം കേന്ദ്രസർക്കാർ ഇടപെട്ട‌് ലഭ്യമാക്കണം. ഇപ്പോൾ നൽകിയ ആദ്യഗഡുവായ 600 കോടിരൂപയ‌്ക്കു പുറമെ പുനരധിവാസത്തിനും പുനർനിർമാണത്തിനുമുള്ള സഹായം തുടർന്നും അനുവദിക്കണം. കെടുതിയുണ്ടായപ്പോൾ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും കേരളം സന്ദർശിക്കാനെത്തി. നവകേരള സൃഷ്ടിക്കായുള്ള തുടർപ്രവർത്തനങ്ങളിൽ കേന്ദ്രത്തിന്റെ പൂർണസഹകരണം കേരളം പ്രതീക്ഷിക്കുന്നുവെന്നും പ്രമേയത്തിൽ പറഞ്ഞു.

അഭിമാനം, ഈ ഐക്യനിര
ദുരിതാശ്വാസ പ്രവർത്തനങ്ങളിലും കേരളത്തിന്റെ പുനർനിർമാണത്തിലും ഒറ്റക്കെട്ടായി പ്രവർത്തിച്ചുകൊണ്ട് മുന്നേറണമെന്ന്  പ്രമേയം ആഹ്വാനംചെയ‌്തു. കേരളത്തെ സ്നേഹിക്കുന്ന എല്ലാവരും പുനർനിർമാണത്തിൽ സജീവ പങ്കാളികളാകും. വിഭാഗീയചിന്താഗതികൾക്ക‌് അതീതമായി കേരളത്തെ പുനർനിർമിക്കാൻ യോജിപ്പിന്റെ  പുതിയ സംസ്കാരം ഉയർന്നുവരുന്നുവെന്നതിൽ സഭ അഭിമാനവും സന്തോഷവും രേഖപ്പെടുത്തി. 

പ്രത്യേക ഏജൻസിയെ ചുമതലപ്പെടുത്തണം
നാശനഷ്ടങ്ങളുടെയും പുനരധിവാസ പുനർനിർമാണ പ്രവർത്തനങ്ങളുടെയും കൃത്യമായ കണക്ക‌് തയ്യാറാക്കാൻ വിദഗ്ധരുൾപ്പെട്ട  പ്രത്യേക ഏജൻസിയെ ചുമതലപ്പെടുത്തണം.  981 വില്ലേജിലായി 55 ലക്ഷത്തോളം ആളുകൾ പ്രളയദുരന്തത്തിന് ഇരയായി. രക്ഷാപ്രവർത്തനദൗത്യത്തിൽ കേന്ദ്രസംസ്ഥാന സംവിധാനങ്ങളും സ്വജീവൻ പണയപ്പെടുത്തി മത്സ്യത്തൊഴിലാളികളും യുവാക്കളും സന്നദ്ധപ്രവർത്തകരും സജീവമായി അണിനിരന്നു. ഇവരോടൊപ്പം ജനപ്രതിനിധികളാകെയും പങ്കെടുത്തു.

ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനത്തിനാവശ്യമായ സാധനസാമഗ്രികളും ധനസഹായവും ലോകമെങ്ങുനിന്നും പ്രവഹിച്ചു. ക്യാമ്പുകളിൽ ദൃശ്യമായ സൗഹാർദവും മൈത്രിയും പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനുള്ള ആത്മവിശ്വാസവും  പ്രത്യേക പരാമർശം അർഹിക്കുന്നതായും പ്രമേയം ചൂണ്ടിക്കാട്ടി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top