19 October Friday

മകരവിളക്ക് ഉത്സവം ശബരിമല നട തുറന്നു

വെബ് ഡെസ്‌ക്‌Updated: Saturday Dec 30, 2017

ശബരിമല > മകരവിളക്ക് തീര്‍ഥാടനത്തിനായി ശബരിമല നട തുറന്നു. വൈകീട്ട് അഞ്ചുമണിയോടെ തന്ത്രി കണ്ഠരര് മഹേഷ്മോഹനരും മേല്‍ശാന്തി എവി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയും കന്നിമൂല ഗണപതികോവില്‍, നാഗരാജാകോവില്‍ എന്നിവിടങ്ങളിലെത്തിയ ശേഷം ശ്രീകോവില്‍ തുറന്നു.

തുടര്‍ന്ന് ദീപം തെളിയിച്ചശേഷം ഗണപതികോവില്‍, നാഗരാജാകോവില്‍ എന്നിവ തുറന്ന് ദീപം തെളിയിച്ചു. മേല്‍ശാന്തി പതിനെട്ടാംപടി ഇറങ്ങി ആഴി തെളിയിച്ചതോടെ മകരവിളക്ക് ഉത്സവത്തിന്റെ ചടങ്ങുകള്‍ക്ക് തുടക്കമായി. തുടര്‍ന്ന് ഭക്തര്‍ക്ക് ദര്‍ശനം അനുദിച്ചു.  ഞായറാഴ്ച പുലര്‍ച്ചെ മൂന്നരയ്ക്ക് തന്ത്രി കണ്ഠര് മഹേഷരുടെ കാര്‍മികത്വത്തില്‍ നെയ്യഭിഷേകം ആരംഭിക്കും.

സന്നിധാനത്ത് സുരക്ഷയ്ക്കായി 1600 ഉം പമ്പയില്‍ 1500 ഉം പൊലീസുകാരയുമാണ് നിയമിച്ചിരിക്കുന്നത്. ഇവര്‍ക്കുപുറമെ ആന്ധ്രപ്രദേശ്, തമിഴ്നാട്, തെലങ്കാന സംസ്ഥാന പൊലീസും ആര്‍എഎഫ്, എന്‍ഡിആര്‍എഫ്, കമാന്‍ഡോ, ഇന്ത്യന്‍ റിസര്‍വ്ബറ്റാലിയന്‍ എന്നിവയും സേവനത്തിനുണ്ടാകും. 
മകരവിളക്ക് ദിവസം നിലവിലെ വ്യൂപോയിന്റുകള്‍ക്ക് പുറമെ എട്ട് പുതിയ പോയിന്റുകള്‍ കൂടി ഏര്‍പ്പെടുത്തി. സന്നിധാനത്ത് കൂടുതല്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചു. പാണ്ടിത്താവളം, പുല്ലുമേട്, ജ്യോതിനഗര്‍, ഹില്‍ടോപ്പ്, യുടേണ്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ ക്രമീകരണം ഒരുക്കി. മകരവിളക്ക് അവലോകനയോഗം ജനുവരി മൂന്നിന് പത്തനംതിട്ട കലക്ടറുടെ അധ്യക്ഷതയില്‍ ചേരും.

വെള്ളിയാഴ്ച ഉച്ചമുതല്‍ തീര്‍ഥാടകര്‍ പമ്പയിലെത്തിത്തുടങ്ങി. പലരും രാമമൂര്‍ത്തി മണ്ഡപം, പമ്പാമണപ്പുറം, ത്രിവേണി എന്നിവിടങ്ങളില്‍ തങ്ങുന്നു. ശനിയാഴ്ച പകല്‍ ഒന്നിനുശേഷമേ സന്നിധാനത്തേക്ക് കടത്തിവിടു. ജനുവരി 14 നാണ് മകരവിളക്ക്.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top