Top
18
Saturday, November 2017
About UsE-Paper

ഒക്ടോബര്‍ വിപ്ളവം : നൂറാംവാര്‍ഷിക സമാപനം ആഘോഷിക്കുക: സിപിഐ എം

Monday Oct 30, 2017
വെബ് ഡെസ്‌ക്‌

തിരുവനന്തപുരം > ഒരുവര്‍ഷം നീളുന്ന ഒക്ടോബര്‍ വിപ്ളവത്തിന്റെ 100-ാം വാര്‍ഷികപരിപാടിയുടെ സമാപനഭാഗമായി നവംബര്‍ ഏഴിന് പൊതുസ്ഥലങ്ങളിലും പാര്‍ടി ഓഫീസുകളിലും ചെങ്കൊടി ഉയര്‍ത്തണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു. വര്‍ഗപരമായ ചൂഷണത്തില്‍നിന്ന് മുക്തമായ സമൂഹം സൃഷ്ടിക്കുന്നതിനായി തൊഴിലാളികളും കര്‍ഷകരും മറ്റ് ചൂഷിതവിഭാഗങ്ങളും നടത്തിയ ആദ്യത്തെ വിജയകരമായ വിപ്ളവമാണ്  ഒക്ടോബര്‍ വിപ്ളവം. ലോകത്ത് മുമ്പുനടന്ന വിപ്ളവങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായിരുന്നു ഇത്. ഫ്യൂഡല്‍വര്‍ഗങ്ങളില്‍നിന്നും കുലീനവിഭാഗങ്ങളില്‍നിന്നും ബൂര്‍ഷ്വാസി അധികാരം പിടിച്ചെടുക്കുകയായിരുന്നു മുമ്പുനടന്ന വിപ്ളവങ്ങളില്‍. അതില്‍നിന്ന് വ്യത്യസ്തമായി ഭരിച്ചുകൊണ്ടിരുന്ന ബൂര്‍ഷ്വാസികളെയും മറ്റ് ചൂഷക വര്‍ഗങ്ങളെയും തൊഴിലാളിവര്‍ഗവും അതിന്റെ സഖ്യശക്തികളായ ദരിദ്രകര്‍ഷകരും മറ്റ് ജനവിഭാഗവും ചേര്‍ന്ന് വിപ്ളവത്തിലൂടെ അട്ടിമറിച്ചു. ഇത് ലോകത്താകെ സാമ്രാജ്യത്വത്തിനെതിരായ സമരത്തിന് ആവേശവും പ്രചോദനവുമായി. ഇന്ത്യന്‍ സ്വാതന്ത്യ്രസമരത്തിനും കരുത്ത് വര്‍ധിപ്പിച്ചു.

മുതലാളിത്തം അവസാനിപ്പിച്ച് സോഷ്യലിസം സ്ഥാപിക്കാനാകുമെന്ന് മാനവരാശിക്ക് കാണിച്ചുകൊടുത്തത് ഒക്ടോബര്‍ വിപ്ളവമാണ്. 21-ാം നൂറ്റാണ്ടിലും മുതലാളിത്തത്തിന് ബദല്‍പാത തേടുന്നവര്‍ക്ക് വഴിവിളക്കായി ഒക്ടോബര്‍ വിപ്ളവം ജ്വലിച്ചുനില്‍ക്കുന്നു. നവലിബറല്‍ ആക്രമണങ്ങള്‍ക്കും സാമ്രാജ്യത്വ കീഴ്പ്പെടുത്തലിനും എതിരായി ലോകത്തെമ്പാടുമുള്ള തൊഴിലാളിവര്‍ഗവും ഇതര ജനവിഭാഗങ്ങളും പോരാടുകയാണ്. അവരെ സംബന്ധിച്ചിടത്തോളം ഒക്ടോബര്‍ വിപ്ളവം മാര്‍ഗദര്‍ശിയാണ്.

പാര്‍ടി ഓഫീസുകള്‍ക്കുപുറമെ എല്ലാ ബ്രാഞ്ചുകളിലും പൊതുസ്ഥലത്തും ബ്രാഞ്ചിലെ മെമ്പര്‍മാരും അനുഭാവികളും ഒത്തുചേര്‍ന്ന് ഏഴിന് രക്തപതാക ഉയര്‍ത്തണം. ഒക്ടോബര്‍ വാര്‍ഷിക ഭാഗമായി ജില്ലകളില്‍ സംഘടിപ്പിച്ചിരുന്ന റെഡ് വളന്റിയര്‍ മാര്‍ച്ച് മലപ്പുറത്ത് ജില്ല കേന്ദ്രീകരിച്ച് നവംബര്‍ ഏഴിന് നടക്കും.