17 November Saturday

അതിതീവ്രമഴയ്‌ക്കുള്ള മുന്നറിയിപ്പ് ലഭിച്ചില്ല, ദുരന്തമേഖലകളിലെ നിര്‍മാണപ്രവര്‍ത്തനം പരിശോധിക്കും: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Thursday Aug 30, 2018

തിരുവനന്തപുരം > കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുകളില്‍ ന്യൂനതകളുണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതി തീവ്രമഴ ഉണ്ടാകുമെന്ന അറിയിപ്പ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന് ഓഗസ്റ്റ് മാസത്തില്‍ ലഭിച്ചിട്ടില്ല. അതി ശക്തമായ മഴയാണ് അവര്‍ പ്രവചിച്ചത്. എന്നാല്‍ പെയ്‌തത് അതിതീവ്രമഴയുമാണ്. സര്‍ക്കാരിന് ലഭിച്ചതിനനുസരിച്ചുള്ള മുന്നറിയിപ്പുകള്‍ ജനങ്ങള്‍ക്ക് നല്‍കിയിരുന്നുവെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

ആഗസ്‌ത് ഒന്നുമുതല്‍ ഏഴുവരെ സാധാരണ പ്രതീക്ഷിക്കുന്നതില്‍ നിന്നും 38 ശതമാനം കുറവ് മഴയാണ് ലഭിച്ചത്. പിന്നീടാണ് അപ്രതീക്ഷിതമായ മഴയുണ്ടാകുന്നത്. കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പ്രവചിച്ച അതിശക്തമായ മഴയ്ക്ക് പകരം അതിതീവ്രമഴയാണ് ലഭിച്ചത്.

അപകടസാധ്യത മേഖലയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പരിസ്ഥിതി കൂടി പരിഗണിച്ച ശേഷമേ തീരുമാനമെടുക്കൂ. ആളുകളെ കൊലയ്‌‌‌ക്കു കൊടുക്കാനാവില്ല. ഉരുള്‍പൊട്ടലുണ്ടായ മേഖലകളില്‍ താമസം വേണമോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കും. ഇനിയൊരു ആപത്തുണ്ടായാല്‍ അത് ബാധിക്കാത്ത തരത്തിലാകണം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍. നരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് അന്താരാഷ്ട്ര വിദഗ്ധരുടെ ഉപദേശങ്ങള്‍ സ്വീകാര്യമാണ്. സമഗ്രമായ റിസര്‍വോയര്‍ പരിപാലനം നാട്ടില്‍ നടപ്പാക്കേണ്ടതുണ്ട്. അന്തര്‍ സംസ്ഥാന റിസര്‍വോയറുടെ കാര്യത്തില്‍ വന്നുകഴിഞ്ഞിട്ടുണ്ട്. ഇടുക്കിയിലുള്ള ആളുകളെയാകെ ഒഴിപ്പിക്കാന്‍ പോകുന്നു എന്ന് ഭീതിപരത്തുന്നതിനെ മുഖ്യമന്ത്രി വിമര്‍ശിച്ചു.

മഴയെ പ്രതിരോധിക്കുന്ന റോഡുകള്‍ നിര്‍മ്മിക്കുന്നതിന് ശാസ്‌‌‌ത്രീയവും ദീര്‍ഘവുമായ പദ്ധതികള്‍ വേണം. ഓരോ മഴയിലും തകരുന്ന റോഡുകള്‍ ഇനി വേണ്ട. ദുരന്ത പ്രദേശങ്ങളില്‍ കൃഷിയെ ബാധിക്കുന്ന ഒരു നിയന്ത്രണവും ഉണ്ടാകില്ല. പകരം ദുരന്ത സാധ്യതാ പ്രദേശങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേണോ എന്നാണ് പരിശോധിക്കേണ്ടത്. ഇതിലെല്ലാം ശാസ്‌‌ത്രീയമായ പഠനം വേണം.  പുഴയുടെ തീരങ്ങള്‍ എത്രത്തോളം ഭദ്രമാക്കാന്‍ പറ്റുമെന്നതും പരിശോധിക്കേണ്ട കാര്യമാണ്.

ഡാം സുരക്ഷാ അതോറിറ്റി നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടുതല്‍ വിദഗ്ധരുടെ സേവനം ആവശ്യമെങ്കില്‍ പരിശോധിക്കാവുന്നതാണ്. നിര്‍മ്മാണ സാമഗ്രികളുടെ ദൗര്‍ലഭ്യം എങ്ങിനെ പരിഹരിക്കാമെന്നതിനെ സംബന്ധിച്ച് ചര്‍ച്ച ഉയര്‍ന്നില്ല. ചെറുകിട വ്യാപാരികള്‍ക്ക് ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്തും. വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്കുള്ള സഹായം ഗൗരവമായി പരിശോധിക്കും.

ഫയര്‍ സര്‍വീസ് ആധുനികവല്‍ക്കരണത്തിന് പദ്ധതികള്‍ തുടങ്ങിയിട്ടുണ്ട്. പുതിയ ഉപകരണങ്ങള്‍ ലഭ്യമാക്കും.  2017ല്‍ ആരംഭിച്ച ദുരന്ത പ്രതിരോധ സേന ജനങ്ങളെ അണിനിരത്തി കൂടുതല്‍ ശക്തിപ്പെടുത്തും. പ്രാദേശികമായി പരിശീലനം നല്‍കി ജനങ്ങളെ പ്രാപ്തരാക്കും. അതോടൊപ്പം മല്‍സ്യത്തൊഴിലാളികള്‍, മരംകയറ്റ തൊഴിലാളികള്‍, കിണര്‍ നിര്‍മ്മാണ തൊഴിലാകളികള്‍ പ്ലംബര്‍മാര്‍ തുടങ്ങിയവര്‍ക്ക് പരിശീലനം നല്‍കും.

പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സഹായം പ്രതീക്ഷിക്കുന്നുണ്ട്. യുഎഇയിലെ ഓരോ വീട്ടിനും ഒരു മലയാളി സ്പര്‍ശമുണ്ടാകും. ഏതെങ്കിലും തരത്തിലുള്ള ഒരു മലയാളി ബന്ധം കാണും. അത്രത്തോളം ആത്മബന്ധം ആ നാടിന് നമ്മുടെ നാടുമായിട്ടുണ്ട്. നമുക്കുണ്ടായിട്ടുള്ള ദുരന്തം അവര്‍ക്ക് സംഭവിച്ച ദുരന്തമായിട്ടാണ് അവര്‍ കാണുന്നത്. മനസ്സിലാക്കിയിടത്തോളം നാം കേട്ട തുകയേക്കാള്‍ കൂടുതല്‍ സഹായം ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top