23 September Sunday

അനധികൃത കെട്ടിടം പൊളിച്ചുമാറ്റാൻ നഗരസഭാ സെക്രട്ടറി എത്തി; സ‌്റ്റേയുമായി കലക്ടറും രംഗത്ത‌്

വെബ് ഡെസ്‌ക്‌Updated: Thursday Aug 30, 2018


കൊച്ചി
അനുമതിയില്ലാതെ നഗരസഭയുടെ സ്ഥലത്ത് പണിത കെട്ടിടം പൊളിച്ചുമാറ്റാൻ സെക്രട്ടറിയും സംഘവുമെത്തിയപ്പോൾ കെട്ടിടം പൊളിക്കുന്നത് നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട്  കലക്ടറുടെ ഇടപെടൽ.

കെഎസ്ആർടിസി ജെട്ടി സ്റ്റാൻഡിലേക്കുള്ള പ്രവേശന കവാടത്തോട് ചേർന്ന് കോർപറേഷൻ കെഎസ്ആർടിസിക്ക് സ്ഥലം വിട്ടുനൽകിയിരുന്നു. ഈ സ്ഥലത്ത് അനുമതിയില്ലാതെ പണിത ഇരുനില കെട്ടിടം പൊളിച്ചുമാറ്റാൻ മേയർ നഗരസഭാ സെക്രട്ടറിക്ക് അന്ത്യശാസനം നൽകി. ഇതനുസരിച്ച് ബുധനാഴ്ച രാവിലെയോടെ സെക്രട്ടറിയും സംഘവും കെട്ടിടം പൊളിച്ചുമാറ്റാൻ സ്ഥലത്തെത്തി. കട്ട കെട്ടാതെ സ്റ്റീൽ ഫ്രെയിമുകളും ബോർഡുകളും  ഉപയോഗിച്ച് നിർമിച്ചിരുന്ന കെട്ടിടത്തിന്റെ മുകളിലത്തെ നില പൊളിച്ചു കഴിഞ്ഞപ്പോൾ കലക്ടർ സെക്രട്ടറിയെ ഫോണിൽ വിളിക്കുകയായിരുന്നു. ഇതോടെ പൊളിക്കൽ നിർത്താൻ സെക്രട്ടറി നിർദേശം നൽകി. ഈ കെട്ടിടം സംബന്ധിച്ച്  ഹൈക്കോടതിയിൽ നിന്നുള്ള ഉത്തരവുണ്ടെന്നും  അതു നടപ്പാക്കുന്നതുവരെ പൊളിക്കരുതെന്നുമായിരുന്നു കലക്ടർ  നിർദേശിച്ചതെന്നും സെക്രട്ടറി എ എസ് അനൂജ പറഞ്ഞു.

സ്ഥലം ഉടമസ്ഥാവകാശത്തെ ചൊല്ലി കെഎസ്ആർടിസിയും  ജലഗതാഗത വകുപ്പും തമ്മിൽ കേസ് നിലനിൽക്കുന്ന  സ്ഥലത്ത് ജലഗതാഗത വകുപ്പ് ക്യാന്റീൻ നടത്താൻ കരാർ നൽകിയിരുന്ന പി പി അബ്ദുൽ സലിം  ആണ് നഗരസഭ അനുമതിയില്ലാതെ ഇരുനില കെട്ടിടം പണിതത്. ക്യാന്റീൻ കരാറുകാരൻ  നഗരസഭാ  നടപടിക്കെതിരെ കോടതിയെ സമീപിച്ചെങ്കിലും  ബന്ധപ്പെട്ട കക്ഷികളുടെ വിശദീകരണം കേൾക്കാൻ നഗരസഭയോട് നിർദേശിച്ച് കേസ് അവസാനിപ്പിക്കുകയായിരുന്നു.

ഇതനുസരിച്ച് നഗരസഭ, കെഎസ്ആർടിസിയുടെയും  ജലഗതാഗത വകുപ്പിന്റെയും കരാറുകാരന്റെയും  വിശദീകരണം  കേട്ടു. ഇതിനു ശേഷമാണ‌് പൊളിക്കാൻ നടപടിയെടുത്തത‌്.

പ്രധാന വാർത്തകൾ
Top