21 November Wednesday

കാണാച്ചിത്രമായി ഷിബില ; ഓർമകളിൽ നനഞ്ഞ‌് ഓടക്കയം സ‌്കൂൾ

ടി വി സുരേഷ്Updated: Thursday Aug 30, 2018

ഉരുൾപൊട്ടലിൽ മരിച്ച ഷിബിലയുടെ പേര്‌ സഹപാഠികൾ ക്ലാസ്‌ മുറിയിലെ ഡെസ്‌കിൽ പൂക്കളാൽ എഴുതിയപ്പോൾ. ഷിബില വരച്ച ചിത്രങ്ങളും കാണാം


ഓടക്കയം (മലപ്പുറം)
സ്‌കൂൾചുമരിലെ ആ ചിത്രങ്ങൾ ഇന്ന‌് അവരെ സന്തോഷിപ്പിക്കുന്നില്ല. കിളികൾ, പൂക്കൾ, ചെടികൾ... നിറങ്ങൾ ചാലിച്ച് ഷിബില വരച്ച ചിത്രങ്ങൾക്കരികിലിരുന്ന‌്,  പ്രിയ കൂട്ടുകാരി ഓർമച്ചിത്രമായി മാറിയതോർത്ത് സഹപാഠികൾ വിങ്ങി. 16ന‌് നെല്ലിയായി കോളനിയിലുണ്ടായ ഉരുൾപൊട്ടലിലാണ‌് ഷിബിലയും സഹോദരി അമ്പിളിയും മരിച്ചത‌്. ഇവർക്ക‌് മറ്റു ബന്ധുക്കളില്ല. വിവാഹിതയായ അമ്പിളി സുബുലുസലാം ഹയർ സെക്കന്‍ഡറി സ്‌കൂളിൽ പ്ലസ‌്ടു വിദ്യാർഥിനിയായിരുന്നു.

പ്രളയക്കെടുതിക്കുശേഷം സ‌്കൂൾ തുറന്ന ബുധനാഴ‌്ച ഓടക്കയം ഗവ. യുപി സ‌്കൂൾ ആറാം ക്ലാസിലെ ബഞ്ചിലിരുന്ന‌്, ഷിബില വരച്ച ചിത്രങ്ങൾ നോക്കി അഞ്ജനയും യമുനയും അമൃത രാജനുമെല്ലാം കണ്ണീർവാർത്തു. നിറങ്ങളുടെ കൂട്ടുകാരിയായിരുന്ന ഷിബില മരിച്ചത‌് അവർക്ക‌് ഇനിയും ഉൾക്കൊള്ളാനായിട്ടില്ല.

ദുരന്തത്തിനുശേഷം സ്‌കൂൾ വീണ്ടും തുറന്നപ്പോൾ ആറാം ക്ലാസിലെ ശൂന്യമായ അവളുടെ ഇരിപ്പിടം അവരെയെല്ലാം കരയിച്ചു. മണ്ണെടുത്തുപോയവൾക്ക‌്  കൂട്ടുകാരും  അധ്യാപകരും ആദരാഞ്‌ജലി നേർന്നു. പേമാരി വിതച്ച ദുരിതങ്ങൾ കണ്ടറിഞ്ഞവരായിരുന്നു ഓടക്കയം സ്‌കൂളിലെ വിദ്യാർഥികളേറെയും. ഷിബില ഉരുൾപൊട്ടലിൽ ഒലിച്ചുപോയതായി ദുരിതാശ്വാസ ക്യമ്പിൽവച്ചാണ് അഞ്ജനയും യമുനയും അറിഞ്ഞത്.

ക്ലാസ് ലീഡർ കെ എൽ അർച്ചനയുടെയും എം ശ്രീനിഷയുടെ മധ്യത്തിലായിരുന്നു 12 വയസുകാരി ഷിബിലയുടെ സീറ്റ്. പൂക്കളുടെയും കിളികളുടെയും മരങ്ങളുടെയുമെല്ലാം ചിത്രങ്ങൾ അവൾ വരച്ചുതരാറുണ്ടായിരുന്നു‐ അർച്ചന പറഞ്ഞു. ഒരു മിഠായി കിട്ടിയാൽപോലും കൂട്ടുകാരികളായ ഞങ്ങൾക്ക് പങ്കുവച്ചിട്ടേ അവൾ കഴിക്കാറുള്ളൂ‐ അവർ കണ്ണീരോടെ ഓർത്തു.  ‘'എന്നും ഞങ്ങൾ ഒരുമിച്ചാണ് ഭക്ഷണം കഴിക്കുന്നതും വീട്ടിലേക്ക് പോകുന്നതും. ഇനിയവൾ വരില്ലെന്ന് അറിയാമെങ്കിലും അവളുടെ ഓർമയ‌്ക്കുവേണ്ടിയാണ് ഇന്ന് ആ സീറ്റ‌്ഒഴിച്ചിട്ടത്’’ ﹣ പറയുന്നതിനിടെ ശ്രീനിഷയുടെ കണ്ണുനിറഞ്ഞു. പഠനകാര്യത്തിൽ ഷിബില എല്ലാവർക്കും സഹായിയായിരുന്നുവെന്ന‌് ആൺകുട്ടികളും അനുസ‌്മരിച്ചു. പഠനത്തോടൊപ്പം കലാ, കായിക രംഗത്തും കഴിവുള്ള ഷിബില സ്‌കൂളിന്റെ പ്രതീക്ഷയായിരുവെന്ന് ക്ലാസ് ടീച്ചർ ഷൈൻ പി ജോസും ഓർമിച്ചു.

പലപ്പോഴായി കൂട്ടുകാരികൾക്കായി ഷിബില വരച്ച ചിത്രങ്ങളുടെ പ്രദർശനവും നടത്തി. സ്വാതന്ത്ര്യദിനത്തിൽ അവൾ വരച്ചുനൽകിയ പതാകയും സഹപാഠികൾ കൊണ്ടുവന്നു. ഈ ചിത്രങ്ങൾ സംരക്ഷിക്കുമെന്ന് അധ്യാപകർ പറഞ്ഞു. ചോലാർ കോളനിയിലെ ബദൽ സ്‌കൂളിലാണ് ഷിബില നാലാംക്ലാസുവരെ പഠിച്ചത്. സ്‌കൂളിൽ പോകാനുള്ള സൗകര്യത്തിനാണ് സഹോദരി അമ്പിളിക്കൊപ്പം താമസമാക്കിയത്.

പ്രധാന വാർത്തകൾ
Top