14 November Wednesday

വീണ്ടും തളിർക്കുന്നു ജീവിതം

സിബിജോർജ‌്Updated: Thursday Aug 30, 2018

നെടുമുടി ആനന്ദ ഭവനിൽ രാജേഷും ശരണ്യയും വീടിനോട‌് ചേർന്നുള്ള കോഴിഫാമിൽ


ആലപ്പുഴ
‘വെള്ളമിറങ്ങിയപ്പോൾ തിരികെയെത്തിയ ഞങ്ങൾക്ക‌് എന്തുചെയ്യണമെന്ന‌് എത്തും പിടിയുമില്ലായിരുന്നു. വീടിനകത്തും പുറത്തുമെല്ലാം മുട്ടറ്റം ചെളി, വീട്ടുപകരണങ്ങളും കട്ടിലുകളിലുമെല്ലാം ചെളി പിടിച്ചു. ഞങ്ങൾ രണ്ടുപേരും ചേർന്നാൽ എന്ന‌് വൃത്തിയാക്കി തീർക്കുമെന്നായിരുന്നു ആശങ്ക, ഇപ്പോൾ വീട‌് കണ്ടോ, ഇനി ഞങ്ങൾക്കിവിടെ ധൈര്യമായി ഉറങ്ങാം’‐ സന്നദ്ധപ്രവർത്തകർ വൃത്തിയാക്കിയ സ്വന്തം വീട‌് നോക്കി നെടുമുടി ആനന്ദ‌്ഭവനിൽ രാജേഷും ശരണ്യയും വാചാലരായി.

ഈ വീട‌് 12 ദിവസമായി വെള്ളത്തിനടിയിലായിരുന്നു. വീട്ടിൽ മുട്ടക്കോഴികളെ വളർത്തുന്ന ശരണ്യ ആദ്യമൊക്കെ വീടുവിട്ടുപോകാൻ മടിച്ചു. കോഴികൾ നഷ‌്ടപ്പെടുമെന്ന പേടിയായിരുന്നു. അതുപോലെ സംഭവിച്ചു. പലതും ചത്തു. കഴിഞ്ഞദിവസം വീട്ടിലെത്തിയപ്പോൾ ദുരിതക്കാഴ‌്ച കണ്ട‌് പകച്ചു. എങ്ങനെ വൃത്തിയാക്കും എവിടെ തുടങ്ങും എന്ന ആശങ്കയിൽ ഒരു രാത്രി പിന്നിട്ടു. ഇതിനിടെയാണ‌് കുട്ടനാട‌് ശുചീകരിക്കാനുള്ള മഹാദൗത്യം ഏറ്റെടുത്ത‌് പതിനായിരങ്ങൾ വന്നിറങ്ങിയത‌്. പമ്പ‌് ഉപയോഗിച്ച‌് വീട‌് കഴുകി മുഴുവൻ ഗ‌ൃഹോപകരണങ്ങളും വൃത്തിയാക്കിയാണ‌് സന്നദ്ധസംഘം മടങ്ങിയത‌്. ‘സകലതും നഷ‌്ടമായവരെ സർക്കാർ സംരക്ഷിക്കുമെന്ന‌് ഞങ്ങൾക്കുറപ്പുണ്ട‌്. വീട‌് ശുചീകരിക്കാനുള്ള പ്രവർത്തനങ്ങൾക്കും സർക്കാർതന്നെ മുൻകൈയെടുത്തതിൽ ഏറെ സന്തോഷമുണ്ട‌്‐ ഇരുവരും പറഞ്ഞു’. 

കുട്ടനാടിനെ പ്രളയക്കെടുതിയിൽനിന്ന‌് കൈപിടിച്ചുയർത്താൻ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ അരലക്ഷം പേർ പങ്കെടുത്ത ശുചീകരണ യജ്ഞം പുരോഗമിക്കുകയാണ‌്. ക്യാമ്പുകളിലും ബന്ധുവീടുകളിലുമായി അഭയംതേടിയ 97 ശതമാനം കുട്ടനാട്ടുകാരെ വീടുകളിലേക്ക് മടക്കിയെത്തിക്കാൻ ലക്ഷ്യമിട്ട‌് ചൊവ്വാഴ‌്ചയാണ‌് ശുചീകരണയജ്ഞം തുടങ്ങിയത‌്. മന്ത്രിമാർമുതൽ വിദ്യാർഥികൾവരെ വലിപ്പച്ചെറുപ്പമില്ലാതെ ഒരേലക്ഷ്യത്തിനായി കൈകോർക്കുന്ന കാഴ‌്ചയാണ‌്. 

പ്രധാന വാർത്തകൾ
Top