26 September Wednesday

തൊഴിലാളികൾ ഒരുമാസത്തെ വേതനം നൽകും: സിഐടിയു

വെബ് ഡെസ്‌ക്‌Updated: Thursday Aug 30, 2018


തൊഴിലാളികളും ജീവനക്കാരും ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസ ഫണ്ടിലേക്ക്  നൽകണമെന്ന മുഖ്യമന്ത്രിയുടെ നിർദേശം നടപ്പാക്കുമെന്ന് സിഐടിയു സംസ്ഥാനകമ്മിറ്റി അറിയിച്ചു. ഓരോ സ്ഥാപനത്തിലെയും മേഖലയിലെയും ട്രേഡ് യൂണിയനുകൾ ഇതിന‌് രംഗത്തിറങ്ങും.
നേരത്തെ സർക്കാർ നടത്തിയ അഭ്യർഥനയെ തുടർന്ന‌് രണ്ടുദിവസത്തെ വേതനം നൽകി. ദിവസക്കൂലിക്കാരായ തൊഴിലാളികൾപോലും കഴിവിനനുസരിച്ച് പണം നൽകി. പ്രളയകാലത്ത് മനുഷ്യരെ രക്ഷപ്പെടുത്താൻ മത്സ്യത്തൊഴിലാളികൾ നടത്തിയ പ്രവർത്തനങ്ങളെ സംസ്ഥാനകമ്മിറ്റി അഭിനന്ദിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിൽ ചരക്കുകൾ ഇറക്കാനും കയറ്റാനും ചുമട്ടുതൊഴിലാളികൾ പ്രതിഫലം വാങ്ങാതെയാണ് ജോലി ചെയ്തത്.

തകർന്ന വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ വൈദ്യുതി ബോർഡിലെ ജീവനക്കാരും ഓഫീസർമാരും തൊഴിലാളികളും അവധിദിവസങ്ങളിൽപോലും ജോലിയെടുത്തു. വിവിധവിഭാഗം തൊഴിലാളികൾ ഒരേ മനസ്സോടെ കൂട്ടായി നടത്തിയ പരിശ്രമമാണ് ദുരന്തകാലത്ത് സംസ്ഥാനത്തിന് ആശ്വാസമേകിയത്. സുരക്ഷാ സേനകൾ, പൊലീസുകാർ, ഫയർഫോഴ്സ്, സർക്കാർ ജീവനക്കാർ, ആരോഗ്യപ്രവർത്തകർ, സന്നദ്ധപ്രവർത്തകർ തുടങ്ങിയ എല്ലാവരെയും സിഐടിയു അഭിനന്ദിച്ചു.

യോഗത്തിൽ പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി എളമരം കരീം റിപ്പോർട്ട് അവതരിപ്പിച്ചു.

പ്രധാന വാർത്തകൾ
Top