22 September Saturday

കേരളത്തെ ഉയരങ്ങളിലെത്തിക്കും: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Thursday Aug 30, 2018


പ്രളയകാലത്ത‌്  മുൻപിൻനോക്കാതെ ധീരവും ചടുലവുമായ പ്രവൃത്തിയിലൂടെ രക്ഷാദൗത്യം നിർവഹിച്ച മത്സ്യത്തൊഴിലാളികൾ മനുഷ്യസ‌്നേഹത്തിന്റെ വലിയ സന്ദേശമാണ‌് നൽകുന്നതെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.  ദുരന്തത്തിൽ  കരഞ്ഞിരിക്കാൻ നാം തയ്യാറല്ല, നാടിനെ കൂടുതൽ ഉയരത്തിലെത്തിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രളയദുരന്തത്തിൽ രക്ഷാപ്രവർത്തനം നടത്തിയ മത്സ്യത്തൊഴിലാളികളെ ആദരിക്കാൻ സംസ്ഥാന സർക്കാരിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

രക്ഷാപ്രവർത്തനം വിജയിപ്പിക്കുന്നതിൽ ഏറ്റവും പ്രധാനഘടകമായി മത്സ്യത്തൊഴിലാളികൾ മാറി. നമ്മുടെ സഹോദരങ്ങളെക്കുറിച്ചുള്ള മേനിപറച്ചിലല്ല, അക്ഷരാർഥത്തിൽ അങ്ങനെയായിരുന്നു.  ഇത് നമ്മുടെ നാടിന്റെ കൂട്ടായ്മയുടെ ഭാഗമാണ്. ഈ ദുരന്തത്തെ നാം നേരിട്ടത് അങ്ങേയറ്റം ഐക്യത്തോടും ഒരുമയോടുമാണ്. 

ഒന്നും ആലോചിക്കാതെയാണ് നമ്മുടെ മത്സ്യത്തൊഴിലാളി സഹോദരങ്ങൾ രക്ഷയ്ക്കിറങ്ങിയത്. പെട്ടെന്ന് പ്രളയജലം ആർത്തലച്ച് വന്നപ്പോൾ, രക്ഷാപ്രവർത്തനം നമ്മുടെ കടമയാണെന്ന് കരുതി നല്ല ഉൾക്കരുത്തോടെ  യുവാക്കളും ചാടിയിറങ്ങി. ആപത്ഘട്ടത്തിൽ സഹജീവികളെ സംരക്ഷിക്കാൻ മനുഷ്യസ്‌നേഹത്തോടെയുള്ള നിലപാടെടുത്ത യുവാക്കൾ നമ്മുടെ ഭാവി ശോഭനമാണെന്നതിന്റെ ഉറപ്പാണ്.

പക്ഷേ, വെള്ളം കൂടുതൽ കയറിയപ്പോഴാണ‌് വെള്ളത്തെ നല്ലനിലയിൽ പരിചയമുള്ള മത്സ്യത്തൊഴിലാളി സഹോദരങ്ങളെ രക്ഷാദൗത്യത്തിൽ പങ്കാളികളാക്കേണ്ടതിന്റെ ചർച്ചയുയർന്നത്. പിന്നെ അറച്ചുനിൽക്കാതെ മത്സ്യത്തൊഴിലാളികളുടെ വൈദഗ്ധ്യത്തിലും കരുത്തിലും അതിജീവനശേഷിയിലും പൂർണവിശ്വാസമുള്ളതുകൊണ്ടുതന്നെ വേഗത്തിൽ ഓരോ പ്രദേശത്തുനിന്നും തൊഴിലാളികളെ എത്തിച്ചു. ഈ ഐക്യം നാം കാത്തുസൂക്ഷിക്കണം. അതുമായി നാം മുന്നോട്ടുപോകണം.

നമ്മുടെ നാടിനെ നഷ്ടപ്പെട്ടതിനേക്കാൾ മികച്ചതായി ഉയർത്തിക്കൊണ്ടുവരാൻ നമുക്ക് കഴിയണം. കഷ്ടനഷ്ടങ്ങൾ അനുഭവിച്ചവർക്ക് ശരിയായ പുനരധിവാസം ഉറപ്പുവരുത്തും. വീടുനഷ്ടപ്പെട്ടവർക്കും കേടുപാടുണ്ടായവർക്കും കുറവുകൾ തീർക്കണം. ലോകത്തിൽ എവിടെ താമസിക്കുന്നവർക്കും കേരളം എന്താണെന്നറിയാം. കേരളത്തിനുവന്ന പരിക്ക്, തങ്ങളുടെ പരിക്കാണെന്ന് അവർ തിരിച്ചറിയുന്നു. അമേരിക്കയിൽനിന്ന് രണ്ടു ചെറുപ്പക്കാർ ഫെയ‌്സ്ബുക്ക് കൂട്ടായ്മവഴി പിരിച്ച 10 കോടി രൂപയാണ് ഓഫീസിലെത്തിയത്.
ഇതാണ് നമ്മുടെ നാടിന്റെ പ്രത്യേകത. എല്ലാവരും പങ്കുവഹിച്ചാൽ നമ്മുടെ നാടിനെ കൂടുതൽ ഉയരത്തിലെത്തിക്കുന്നവിധം പുനർനിർമിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പ്രധാന വാർത്തകൾ
Top