19 November Monday

കുട്ടനാട്ടുകാർ ഇന്ന് വീടുകളിലേക്ക്

വെബ് ഡെസ്‌ക്‌Updated: Thursday Aug 30, 2018


ആലപ്പുഴ
സർവതും വിഴുങ്ങിയ പ്രളയത്തിൽ വീടും നാടും വിട്ട‌് ക്യാമ്പുകളിൽ കഴിഞ്ഞിരുന്ന കുട്ടനാട്ടുകാർ വ്യാഴാഴ‌്ച വീടുകളിലേക്ക‌് മടങ്ങും. കൈനകരി പഞ്ചായത്തുകാർ ഒഴികെയുള്ളവരാണ‌് വീടുകളിലേക്ക് തിരികെ പോകുന്നത‌്.  ജൂൺ പകുതിയോടെ ആരംഭിച്ചതാണ‌് കുട്ടനാട്ടിലെ വെള്ളപ്പൊക്കം. ജൂലൈ മാസം മഴ കനത്തതോടെ കൈനകരി, പുളിങ്കുന്ന‌്, ചമ്പക്കുളം ഉൾപ്പെടെയുള്ള പ്രദേശങ്ങൾ വെള്ളത്തിലായി. 

16 ന‌്  തുടങ്ങിയ മഹാപ്രളയത്തിൽ പ്രവചനാതീതമായി വെള്ളം ഉയർന്നതോടെ കുട്ടനാട‌് ജനതയെ മുഴുവൻ ആലപ്പുഴയിൽ വിവിധ പ്രദേശങ്ങളിൽ ആരംഭിച്ച ക്യാമ്പുകളിലേക്ക‌് മാറ്റുകയായിരുന്നു.  ഇനിയും വെള്ളമിറങ്ങാത്ത കൈനകരി പഞ്ചായത്തുകാർക്ക‌് സ്‌കൂളുകളിലെ ക്യാമ്പുകൾ ഒഴിവാക്കി പുതിയ വാസകേന്ദ്രങ്ങൾ ഒരുക്കും.  സ‌്കൂളുകൾ തുറക്കേണ്ടി വന്ന സാഹചര്യത്തിലാണിത‌്. സാധ്യമായ എല്ലാ സ്‌കൂളുകളും അധ്യായനത്തിന് വിട്ടു നൽകാനാണ് തീരുമാനം. 

ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് വീടുകളിലേക്ക് മടങ്ങുന്നതോടെ ഒരോ പഞ്ചായത്തിലും  ഭക്ഷണവിതരണ കേന്ദ്രം സജ്ജമാക്കാൻ കലക‌്ടർ എസ് സുഹാസ് കുട്ടനാട്  തഹസിൽദാർക്ക് നിർദേശം നൽകി. വീടുകളിൽ പാചകത്തിനുള്ള പത്രങ്ങളും സൗകര്യങ്ങളും മറ്റും ലഭ്യമല്ലാത്തതിനാലാണിത്. ഒരാഴ‌്ചയെങ്കിലും ഭക്ഷണവിതരണകേന്ദ്രങ്ങൾ തുടരേണ്ടിവരുന്ന സാഹചര്യമാണുള്ളത‌്. വീടുകളിൽ യുദ്ധകാല അടിസ്ഥാനത്തിൽ പതിനായിരങ്ങളെ അണിനിരത്തിയുള്ള ശുചീകരണം നടക്കുകയാണ‌്. എല്ലാ പഞ്ചായത്തുകളിലും കുടിവെള്ളം ലഭ്യമാക്കാൻ കിയോസ്‌കുകൾ തയ്യാറാക്കാൻ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക‌്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. വിവിധ പഞ്ചായത്തുകളിലായി 191 കിയോസ്‌കുകൾ പ്രവർത്തനക്ഷമമാണെന്നും കൂടുതൽ  ആവശ്യമുള്ളയിടത്ത് സ്ഥാപിക്കുമെന്നും ഉപഡയറക‌്ടർ പറഞ്ഞു. നിലവിൽ ആറു പഞ്ചായത്തുകളിൽ ജല അതോറിറ്റി കുടിവെള്ളം വിതരണം ചെയ്യുന്നുണ്ട്.

പ്രധാന വാർത്തകൾ
Top