17 November Saturday

'200 പഠനദിനങ്ങള്‍ ഉറപ്പാക്കുന്ന നിര്‍ദ്ദേശം കര്‍ശനമായി നടപ്പാക്കണം'; പരീക്ഷകള്‍ ക്രമീകരിക്കണമെന്നും മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Monday Jul 30, 2018

തിരുവനന്തപുരം > ഒരു അധ്യയനവര്‍ഷം 200 പഠനദിനങ്ങള്‍ ഉറപ്പാക്കണമെന്ന നിര്‍ദ്ദേശം കര്‍ശനമായി നടപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പരീക്ഷാ ദിനങ്ങള്‍ കൂടാതെയാണ് 200 പഠനദിനങ്ങള്‍ ഉറപ്പാക്കേണ്ടത്. ഇതിനാവശ്യമായ രീതിയില്‍ പരീക്ഷകള്‍ ക്രമീകരിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം മിഷന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നവകേരളം കര്‍മ്മപദ്ധതിയുടെ ഭാഗമായ നാലു മിഷനുകള്‍ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന് ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുകയും ഭാവി പ്രവര്‍ത്തനങ്ങളുടെ രൂപരേഖ അംഗീകരിക്കുകയും ചെയ്തു.  മന്ത്രിമാരായ തോമസ് ഐസക്, എ.കെ ബാലന്‍, കെ.ക ശൈലജടീച്ചര്‍, സി. രവീന്ദ്രനാഥ്, കെ.ടി ജലീല്‍, ഇ.ചന്ദ്രശേഖരന്‍, മാത്യു.ടി. തോമസ്, മേഴ്‌സിക്കുട്ടിയമ്മ, പി. തിലോത്തമന്‍, വി.എസ് . സുനില്‍കുമാര്‍, അഡ്വ. കെ.രാജു, ചീഫ് സെക്രട്ടറി  ടോം ജോസ് എന്നിവരും വിവിധ മിഷനുകളുമായി ബന്ധപ്പെട്ട പ്രധാന ഉദ്യോഗസ്ഥരും യോഗങ്ങളില്‍ പങ്കെടുത്തു.

ലൈഫ്, ആര്‍ദ്രം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ഹരിതകേരളം എന്നീ മിഷനുകളാണ് യോഗം ചേര്‍ന്നത്. അഗസ്റ്റ് 2,3 തീയ്യതികളില്‍ സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ സ്വയംഭരണ അധ്യക്ഷരുടെയും മിഷന്‍ വകുപ്പ് തല ചുമതലക്കാരുടെയും ദ്വിദിന സംഗമം തിരുവനന്തപുരത്ത് ഗിരിദീപം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്നുണ്ട്.

മിഷനുകളുടെ വാര്‍ഷിക അവലോകനത്തിനുവേണ്ടിയാണ് ഈ ഒത്തുചേരല്‍. തിങ്കളാഴ്ച ചേര്‍ന്ന സംസ്ഥാന മിഷനുകളുടെ തീരുമാനങ്ങള്‍ ഈ സംഗമത്തില്‍ അവതരിപ്പിക്കും. മുഖ്യമന്ത്രിയാണ് സംഗമം ഉദ്ഘാടനം ചെയ്യുന്നത്.



 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top