Top
24
Wednesday, January 2018
About UsE-Paper

പുന്നാട് ശിബിരത്തില്‍ കൊലക്കേസ് പ്രതിയും

Friday Dec 29, 2017
വെബ് ഡെസ്‌ക്‌


കണ്ണൂര്‍ > കണ്ണൂരില്‍ വീണ്ടും ചോരപ്പുഴയൊഴുക്കാന്‍ ആര്‍എസ്എസിന് ഊര്‍ജം പകര്‍ന്ന ഇരിട്ടി പുന്നാട് ശിബിരത്തില്‍ കൊലക്കേസ് പ്രതിയും. തിരുവനന്തപുരം പാലോട്ടെ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ദില്‍ഷാദിനെ കൊലപ്പെടുത്തിയ സംഭവത്തിലെ മുഖ്യ സൂത്രധാരന്‍ രഞ്ജുകുമാറാണ് ശിബിരത്തില്‍ പങ്കെടുക്കുന്നത്. സംശയം തോന്നി വിവരം തിരക്കിയ ചില നാട്ടുകാരോട് ഇയാള്‍ കൊയിലാണ്ടി സ്വദേശിയാണെന്നാണ് പ്രാദേശിക സ്വയംസേവകര്‍  പറഞ്ഞത്. വിശദമായ അന്വേഷണത്തിലാണ് തിരുവനന്തപുരത്തുനിന്നുള്ള കൊലക്കേസ് പ്രതിയാണെന്നു തിരിച്ചറിഞ്ഞത്.

പുന്നാട് താവിലാകുറ്റിയിലെ ആര്‍എസ്എസ് ഉടമസ്ഥതയിലുള്ള സ്കൂളില്‍ 23നാണ് പ്രാഥമിക ശിക്ഷാവര്‍ഗ് എന്ന പേരില്‍ ആയുധ പരിശീലന ശിബിരം ആരംഭിച്ചത്. 31വരെയാണിത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ആര്‍എസ്എസ് പ്രചാരകര്‍ പങ്കെടുക്കുന്നുണ്ട്. ക്യാമ്പിനു മുന്നോടിയായി രഞ്ജുകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ സമീപത്തെ വീടുകള്‍ കയറിയിറങ്ങി സഹകരണം തേടിയതായി നാട്ടുകാര്‍ പറയുന്നു.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിയും പങ്കെടുത്ത മട്ടന്നൂരിലെ രഹസ്യയോഗവും 23നായിരുന്നുവെന്നത് യാദൃച്ഛികമല്ല. ക്രിസ്മസ് ദിവസം രാത്രി മട്ടന്നൂര്‍ അയ്യല്ലൂരില്‍ ഹോമിയോ മെഡിക്കല്‍ ഓഫീസറടക്കം രണ്ടുപേരെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത് പുന്നാട് ശിബിരത്തില്‍നിന്ന് ആയുധങ്ങളുമായെത്തിയ ആര്‍എസ്എസ് സംഘമാണ്.

ഇതിന്റെ തുടര്‍ച്ചയായി വ്യാഴാഴ്ച പാനൂര്‍ കൂറ്റേരിയിലും സമാനരീതിയിലുള്ള കൊല്ലാക്കൊല ആവര്‍ത്തിച്ചു. കൊലയാളികളെയടക്കം പങ്കെടുപ്പിച്ച് ശിബിരത്തില്‍ രൂപപ്പെടുത്തിയ ആക്രമണ പദ്ധതിയുടെ ഭാഗമാണ് രണ്ടു സംഭവങ്ങളുമെന്ന് വ്യക്തമാണ്.