Top
17
Sunday, December 2017
About UsE-Paper

ദേവസ്വം അഴിമതി അന്വേഷണം: 30നകം റിപ്പോര്‍ട്ട്

Wednesday Nov 29, 2017
വെബ് ഡെസ്‌ക്‌

തിരുവനന്തപുരം > തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, മുന്‍ അംഗം അജയ് തറയില്‍ എന്നിവരുടെ അഴിമതിയെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബോര്‍ഡ് ഉത്തരവിട്ടു. ദേവസ്വം വിജിലന്‍സിനാണ് അന്വേഷണച്ചുമതല. 30നകം പ്രാഥമികറിപ്പോര്‍ട്ട് സമര്‍പ്പിക്കണം. റിപ്പോര്‍ട്ട് ലഭിച്ചശേഷം ഉന്നതതല അന്വേഷണത്തിന് സര്‍ക്കാരിന് ശുപാര്‍ശ നല്‍കുമെന്ന് ദേവസ്വം പ്രസിഡന്റ് എ പത്മകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇരുവരുടെയും കാലത്ത് നടന്ന വമ്പന്‍ അഴിമതികളുടെ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ട സാഹചര്യത്തിലാണ് ബുധനാഴ്ച നടന്ന ബോര്‍ഡ് യോഗം അന്വേഷണം തീരുമാനിച്ചത്. അഴിമതി അന്വേഷിക്കാന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനും നിര്‍ദേശം നല്‍കി.

അക്കാലത്തെ മിനിട്സ്, ഇടപാടുകളുടേതടക്കമുള്ള  മറ്റ് രേഖകള്‍ തുടങ്ങിയവയെല്ലാം നഷ്ടപ്പെടാതെ സൂക്ഷിക്കാന്‍ ബോര്‍ഡ് സെക്രട്ടറിയെ യോഗം ചുമതലപ്പെടുത്തി. ഈ രേഖകള്‍ക്ക് സുരക്ഷ ഒരുക്കും. സെക്രട്ടറിക്കാകും ചുമതല. അന്വേഷണസംഘം രേഖകള്‍ വിശദമായി പരിശോധിക്കും.

പ്രയാറും തറയിലും വ്യാജരേഖകളുണ്ടാക്കി ലക്ഷങ്ങള്‍  യാത്രപ്പടി കൈപ്പറ്റിയതടക്കമുള്ള നിരവധി അഴിമതി ആരോപണങ്ങളാണ് പുറത്ത് വന്നത്. ബോര്‍ഡ് നേരിട്ട് നടത്തിയ ശാന്തി നിയമനങ്ങളിലടക്കമുള്ള അഴിമതികളും പുറത്തുവന്നു. അഴിമതിയില്‍ മുന്‍ സെക്രട്ടറി വി എസ് ജയകുമാറിന്റെ പങ്കും അന്വേഷിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു. ദേവസ്വം നിയമത്തിലെ പഴുതുകള്‍ ഉപയോഗിച്ച് അഴിമതിയും ചട്ടവിരുദ്ധമായ നടപടികളും സ്വീകരിച്ചവര്‍ ആരായാലും നിയമനടപടി നേരിടേണ്ടിവരും. കൃത്രിമം കാട്ടി ഒരു രൂപയെങ്കിലും കൈപ്പറ്റിയിട്ടുണ്ടെങ്കില്‍ മുന്‍ ഭരണസമിതി കണക്ക് പറയേണ്ടിവരും. ഒരു കാരണവശാലും അഴിമതി വച്ചുപൊറുപ്പിക്കില്ല. ബോര്‍ഡിലെ സാമ്പത്തിക വിനിയോഗം നിരീക്ഷിക്കാനും പരിശോധിക്കാനും ഫിനാന്‍സ് വിജിലന്‍സ് രൂപീകരിക്കും. ബോര്‍ഡിലെ വാഹനങ്ങളുടെ ദുരുപയോഗം തടയാന്‍ ലോഗ് ബുക്ക് ഏര്‍പ്പെടുത്തും. ഡിസംബര്‍മുതല്‍ ഇത് നിലവില്‍വരും. ബോര്‍ഡിന്റെ എല്ലാ ക്ഷേത്രങ്ങളിലും സിസിടിവി നിരീക്ഷണം ഏര്‍പ്പെടുത്തും. കെല്‍ട്രോണുമായി ഇക്കാര്യം ചര്‍ച്ച ചെയ്തു. ശബരിമലയിലെ മണ്ഡല മകരവിളക്ക് കാലം കഴിഞ്ഞാല്‍ ബോര്‍ഡിലെ ചില ഉദ്യോഗസ്ഥര്‍ നടത്തുന്ന വിദേശയാത്രയെപ്പറ്റിയും വിജിലന്‍സ് അന്വേഷിക്കുമെന്നും പ്രസിഡന്റ് അറിയിച്ചു. ബോര്‍ഡ് അംഗം കെ രാഘവനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.