26 September Wednesday

മുത്തലാഖ് : സ്ത്രീകൾക്ക് അനുകൂലമായി കേന്ദ്രസർക്കാർ നിയമം കൊണ്ടുവരണം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 29, 2018


തിരുവനന്തപുരം
മുത്തലാഖുമായി ബന്ധപ്പെട്ട് സ്ത്രീകൾക്ക് അനുകൂലമായ നിയമം എത്രയും പെട്ടെന്ന് രാജ്യത്ത് കൊണ്ടുവരാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് കേരള വനിതാ കമീഷൻ അധ്യക്ഷ എം  സി ജോസഫൈൻ പറഞ്ഞു. കണ്ണൂരിലെ പയ്യന്നൂരിൽ 23 വയസ്സുള്ള യുവതിയെ പെരുമ്പ സ്വദേശിയായ ഭർത്താവ് ഒരു കുറിപ്പിലൂടെ മുത്തലാഖ് ചൊല്ലിയ വിഷയത്തിൽ കേരള വനിതാ കമീഷൻ സ്വമേധയാ കേസെടുക്കുമെന്നും ജോസഫൈൻ അറിയിച്ചു.

കുറെ വർഷങ്ങളായി ഇന്ത്യയിൽ നിലനിൽക്കുന്ന ഒരു വിവാദവിഷയമാണ് മുത്തലാഖ്. തികച്ചും സ്ത്രീവിരുദ്ധമായ ഒരു മതനിയമമാണിത്. രാജ്യത്ത് വിവാഹമോചനം നൽകേണ്ടത് കോടതിയാണെന്നും മതസംവിധാനമോ  മതമേലധ്യക്ഷരോ മതനേതാക്കളോ അല്ലെന്നും വനിതാ കമീഷൻ അധ്യക്ഷ പറഞ്ഞു. ഒരു കുറിപ്പിലൂടെ മതനേതാക്കളുടെ സാന്നിധ്യത്തിൽപോലും അല്ലാതെ സ്ത്രീയെ മൊഴിചൊല്ലുന്ന അതിക്രൂരമായ രീതിയാണ് ഇവിടെ നിലനിൽക്കുന്നത്. ഇത് മാറണം. സംഭവത്തിൽ കേരള വനിതാ കമീഷൻ ശക്തമായി ഇടപെട്ട് തുടർനടപടികൾ സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി.

വെള്ളക്കടലാസിൽ എഴുതി നൽകിയാണ് അഞ്ചുവർഷത്തെ വിവാഹ ബന്ധമുള്ള യുവതിയെ മൊഴി ചൊല്ലിയതെന്ന് മാധ്യമവാർത്തകളിലുണ്ട്. വിവാഹത്തിൽ നാലുവയസ്സുള്ള മകനുണ്ട്. കഴിഞ്ഞ മാസം മുത്തലാഖ് നൽകി ഒമ്പത് ദിവസങ്ങൾക്കുശേഷം ഭർത്താവ് മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിച്ചതായും വാർത്തകളിലുണ്ട്. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് വനിതാ കമീഷൻ കേസെടുത്തത്.

പ്രധാന വാർത്തകൾ
Top