15 November Thursday

കെപിസിസി യോഗം: മുൻ പ്രസിഡന്റുമാരെ ഒഴിവാക്കി, സുധീരനെ ഒഴിവാക്കാൻ പുതിയ കെണി

വെബ് ഡെസ്‌ക്‌Updated: Friday Jun 29, 2018



സ്വന്തംലേഖകൻ
ലോക‌്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ചേർന്ന കെപിസിസി യോഗത്തിലും കലാപം. നേതൃത്വത്തെ വിമർശിക്കുന്ന വി എം സുധീരനെ യോഗത്തിൽ പങ്കെടുപ്പിക്കാതിരുന്നതാണ‌് തർക്കത്തിനും ചൂടേറിയ വാഗ്വാദത്തിനും കാരണമായത‌്.

കേരളത്തിലെ കോൺഗ്രസിന്റെ ചരിത്രത്തിലാദ്യമായാണ‌് കെപിസിസി വിളിച്ച യോഗത്തിൽ മുൻ പ്രസിഡന്റിനെ ഒഴിവാക്കുന്നത‌്. കെപിസിസി ഭാരവാഹികൾ, പാർലമെന്ററി പാർടി നേതാക്കൾ, ഡിസിസി പ്രസിഡന്റുമാർ എന്നിവരാണ‌് യോഗത്തിൽ പങ്കെടുത്തത‌്. കേരള കോൺഗ്രസിന‌് രാജ്യസഭാ സീറ്റ‌് നൽകിയതിനെത്തുടർന്ന‌് സുധീരൻ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം ഉയർത്തിയിരുന്നു. വ്യാഴാഴ‌്ചത്തെ യോഗത്തിൽ സുധീരനെ പങ്കെടുപ്പിച്ചാൽ വിമർശനം ആവർത്തിക്കുമെന്ന‌ കണക്കുകൂട്ടലിലാണ‌് മുൻ പ്രസിഡന്റുമാരെ ഒഴിവാക്കാൻ തീരുമാനിച്ചത‌്. ഇതോടെ കെ മുരളീധരനും പുറത്തായി.

സുധീരനെ ഒഴിവാക്കാൻ പുതിയ തന്ത്രം മെനഞ്ഞെങ്കിലും അതുഫലിച്ചില്ല. വി ഡി സതീശൻ, ജോൺസൺ എബ്രഹാം, ടി എൻ പ്രതാപൻ എന്നിവർ സുധീരനെ ഒഴിവാക്കിയത‌് യോഗത്തിൽ ചോദ്യം ചെയ‌്തു.

വിമർശനങ്ങളെ ഭയന്ന‌് നേതാക്കളെ ഒഴിവാക്കുന്ന രീതി ശരിയല്ലെന്ന‌് സതീശൻ തുറന്നടിച്ചു. കെപിസിസി വിളിക്കുന്ന യോഗത്തിൽ മുൻ പ്രസിഡന്റുമാരെ പങ്കെടുപ്പിക്കുന്നത‌് പതിവാണ‌്. പക്ഷെ വിമർശനത്തെ ഭയന്ന‌് പതിവ‌ുതെറ്റിച്ചത‌് ശരിയല്ല. ഈ രീതി തുടർന്നാൽ ഭാവിയിൽ ഞങ്ങളെപ്പോലുള്ളവരെയും ഒഴിവാക്കേണ്ടി വരുമെന്ന‌് സതീശൻ പറഞ്ഞു.

ഒഴിവാക്കിയതുകൊണ്ട‌് എതിർ ശബ്ദങ്ങൾ ഇല്ലാതാകില്ലെന്ന‌് സുധീരൻ മാധ്യമപ്രവർത്തകരോട‌് പറഞ്ഞു. മുൻ പ്രസിഡന്റുമാരെ ഒഴിവാക്കിയത‌് പ്രവർത്തകർക്ക‌് തെറ്റായ സന്ദേശമാണ‌് നൽകുകയെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ കാര്യങ്ങളും ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ടെന്ന‌് കെ മുരളീധരൻ പ്രതികരിച്ചു. തലസ്ഥാനത്തെ എംഎൽഎയാണ‌് ഞാൻ.
ലോക‌്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട‌് വിളിച്ച യോഗത്തിൽ എംഎൽഎയെ പങ്കെടുപ്പിക്കാതിരുന്നത‌് എന്തടിസ്ഥാനത്തിലാണെന്ന‌് മനസ്സിലാകുന്നില്ലെന്നും മുരളീധരൻ പറഞ്ഞു.

അതേസമയം മുമ്പും മുൻ പ്രസിഡന്റുമാരെ വിളിക്കാതെ യോഗം ചേർന്നിട്ടുണ്ടെന്ന‌് കെപിസിസി പ്രസിഡന്റ‌് എം എം ഹസ്സൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സുധീരൻ, മുരളീധരൻ എന്നിവരെ മാത്രമല്ല ഒഴിവാക്കിയത‌്. എ കെ ആന്റണി, വയലാർ രവി, ഉമ്മൻചാണ്ടി എന്നീ നേതാക്കളെയും ക്ഷണിച്ചില്ലെന്ന‌് ഹസ്സൻ പറഞ്ഞു.

പ്രധാന വാർത്തകൾ
Top