18 July Wednesday

നാട്ടികയെ ചുവപ്പിച്ച് ഇന്ന് ചെമ്പട ഇരമ്പും

വെബ് ഡെസ്‌ക്‌Updated: Thursday Dec 28, 2017

തൃശൂര്‍ >  സിപിഐ എം ജില്ലാ സമ്മേളനത്തിന് സമാപനംകുറിച്ച് ചുവപ്പുസേനാ മാര്‍ച്ചും ബഹുജനറാലിയും വ്യാഴാഴ്ച. നവോത്ഥാന, തൊഴിലാളിവര്‍ഗ പോരാട്ടങ്ങള്‍ ഇരമ്പുന്ന നാട്ടിക മണപ്പുറത്തിന്റെ ഹൃദയഭൂമി വ്യാഴാഴ്ച പതിനായിരങ്ങളുടെ മുന്നേറ്റത്തിന് സാക്ഷ്യം വഹിക്കും. പൊതുസമ്മേളനം  സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. റെഡ്വളണ്ടിയര്‍ പരേഡും റാലിയും ചരിത്രവിജയമാക്കാന്‍ നാടൊരുങ്ങി. സമ്മേളനം നടക്കുന്ന തൃപ്രയാറും പരിസരവും മാത്രമല്ല മണപ്പുറം മേഖലയാകെ ചെന്തോരണങ്ങളാല്‍ നിറഞ്ഞു.  

വ്യാഴാഴ്ച പകല്‍ മൂന്നിന് വലപ്പാട് ചന്തപ്പടിയില്‍നിന്നും നാട്ടിക കോട്ടണ്‍മില്‍ പരിസരത്തുനിന്നുമാണ് വളണ്ടിയര്‍മാര്‍ച്ച് തുടങ്ങുക. വളണ്ടിയര്‍ മാര്‍ച്ചില്‍ നാട്ടിക ഏരിയക്ക് പുറമെ, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍, ചേര്‍പ്പ്, മണലൂര്‍, ചാവക്കാട് ഏരിയകളില്‍നിന്നുള്ള യുവതീയുവാക്കളുടെ ചെങ്കുപ്പായസേനയും  അണിനിരക്കും. പിന്നാലെ  വൈകിട്ട് നാലിന്  വലപ്പാട് ചന്തപ്പടിയില്‍നിന്ന്  ബഹുജനറാലി തുടങ്ങും. ചെമ്പടയും പൊതുപ്രകടനവും വന്‍ജനമുന്നേറ്റമായി കെ കെ മാമക്കുട്ടി നഗറിലെത്തുന്നതോടെ (തൃപ്രയാര്‍ ബസ്സ്റ്റാന്‍ഡിനു സമീപമുള്ള മൈതാനം) പൊതുസമ്മേളനം ആരംഭിക്കും. വൈകിട്ട് അഞ്ചിന് ആരംഭിക്കുന്ന പൊതുസമ്മേളനത്തില്‍ പിണറായിക്കു പുറമെ സിപിഐ എം നേതാക്കളായ  എ  വിജയരാഘവന്‍,  ഇ പി ജയരാജന്‍, വൈക്കം വിശ്വന്‍, ഡോ. തോമസ് ഐസക്, ബേബിജോണ്‍, കെ ജെ തോമസ്് തുടങ്ങിയവരും സംസാരിക്കും.

തൃപ്രയാറിലെ സി ഒ പൌലോസ് നഗറില്‍ (ടിഎസ്ജിഎ സ്റ്റേഡിയം) തുടരുന്ന പ്രതിനിധി സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി അവതരിപ്പിച്ച റിപ്പോര്‍ട്ടിന്മേല്‍ നടന്ന പൊതുചര്‍ച്ച ബുധനാഴ്ച സമാപിച്ചു. 54പേര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ മറുപടി പറഞ്ഞു.  വ്യാഴാഴ്ച ഉച്ചയ്ക്ക് പ്രതിനിധി സമ്മേളനം സമാപിക്കും. പുതിയ ജില്ലാ കമ്മിറ്റിയേയും ജില്ലാ സെക്രട്ടറിയേയും സമ്മേളനം തെരഞ്ഞെടുക്കും.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top