Top
23
Tuesday, January 2018
About UsE-Paper

സ്നേഹസാന്ത്വനവുമായി തളിക്കുളം പകല്‍വീട്ടില്‍ മുഖ്യമന്ത്രി

Thursday Dec 28, 2017
വെബ് ഡെസ്‌ക്‌

നാട്ടിക > 'ചെവിയും കേള്‍ക്കാത്ത, കണ്ണിന് കാഴ്ചയും കുറഞ്ഞ ഞങ്ങളെ കാണാന്‍ മുഖ്യമന്ത്രിയെത്തിയല്ലോ', 91 വയസ്സുള്ള തളിക്കുളം ഇയ്യാനിവീട്ടില്‍ കല്യാണി ശങ്കരന് സന്തോഷം പറഞ്ഞറിയിക്കാനാവുന്നില്ല. തളിക്കുളം വികാസ് ട്രസ്റ്റിന്റെ പകല്‍വീട് ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചപ്പോഴാണ് കല്യാണി അമ്മൂമ്മ ആഹ്ളാദം പങ്കിട്ടത്.

മറ്റ് അന്തേവാസികളും മുഖ്യമന്ത്രിയെ കാണാനും കുശലം പറയാനും സാധിച്ചതിലുള്ള സന്തോഷവും അഭിമാനവും മറച്ചുവച്ചില്ല. തളിക്കുളം വികാസ് ട്രസ്റ്റും മണപ്പുറം ഫൌണ്ടേഷനുമായി സഹകരിച്ചാണ് 2012ല്‍ വയോജനങ്ങള്‍ക്ക് പകല്‍വീട് ആരംഭിച്ചത്. ഏകാന്തത അനുഭവിക്കുന്ന മുതിര്‍ന്ന പൌരന്‍മാര്‍ക്ക് ഒത്തുകൂടുന്നതിനും വിനോദത്തിനും സര്‍ഗാത്മകത പ്രകടിപ്പിക്കാനും പകല്‍വീട് വേദിയാവുന്നു. പ്രാതലും ഉച്ചഭക്ഷണവും രണ്ടുനേരം ലഘുഭക്ഷണവും സംഘാടകര്‍ നല്‍കുന്നു. ആവശ്യമായ വൈദ്യപരിശോധനയും മരുന്നും ഇവിടെയുണ്ട്.

70 വയസ്സു കഴിഞ്ഞ 50 പേര്‍ക്കാണ് പകല്‍വീട് വിഭാവനം ചെയ്തത്. ഇപ്പോള്‍ 40ഓളം പേര്‍ ദിവസവും വരുന്നു. തളിക്കുളം വികാസ് ട്രസ്റ്റില്‍ വ്യവസായ വകുപ്പിന്റെ സഹകരണത്തോടെ  ആരംഭിക്കുന്ന സ്ത്രീ സമത്വ സാമൂഹിക പ്രസ്ഥാനമായ തളിക്കുളം അപ്പാരല്‍ വര്‍ക്കേഴ്സ് ഇന്‍ഡസ്ട്രിയല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് മുഖ്യമന്ത്രി പകല്‍ വീട് സന്ദര്‍ശിച്ചത്.  വികാസ് ട്രസ്റ്റിന്റെ മറ്റൊരു സംരംഭമായ 100 വനിതകള്‍ പണിയെടുക്കുന്ന വസ്ത്രനിര്‍മാണ  യൂണിറ്റും മുഖ്യമന്ത്രി സന്ദര്‍ശിച്ചു. മന്ത്രി എ സി മൊയ്തീന്‍, ഗീത ഗോപി എംഎല്‍എ എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായി. വികാസ് ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. പി മുഹമ്മദാലി, ഡയറക്ടര്‍ ടി ആര്‍ ചന്ദ്രദത്ത്, ജോയിന്റ് ഡയറക്ടര്‍ പി ശങ്കരനാരായണന്‍ എന്നിവര്‍ മുഖ്യമന്ത്രിയെ സ്വീകരിച്ചു.

വികാസ് ട്രസ്റ്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വയോജന പകല്‍വീട് കാണാന്‍ കഴിഞ്ഞത് സന്തോഷം പകര്‍ന്ന അനുഭവമാണെന്ന് വസ്ത്രനിര്‍മാണത്തൊഴിലാളി സഹകരണ സംഘം ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ആയുര്‍ദൈര്‍ഘ്യം ഉയര്‍ന്നതിന്റെ ഫലമായി ജനസംഖ്യയില്‍ വയോജനങ്ങളുടെ അനുപാതം വര്‍ധിച്ചു. പല തരത്തിലുള്ള രോഗപീഡകളും ഒറ്റപ്പെടലും വിവേചനവും അനുഭവിക്കുന്നവരാണിവര്‍. ഇവര്‍ക്ക് സുരക്ഷിതമായ പരിപാലനം സമൂഹം ഏറ്റെടുക്കണം. 2518 വയോജനങ്ങളുടെ ആരോഗ്യ പരിപാലനത്തില്‍ ശ്രദ്ധിക്കുന്ന തളിക്കുളം വികാസ് ട്രസ്റ്റ് അനുമോദനമര്‍ഹിക്കുന്നു. ആരോഗ്യ പരിപാലനത്തിന് ആവശ്യമായ സഹായങ്ങള്‍ ചെയ്യുന്ന തൃശൂര്‍ ഗവ. മെഡിക്കല്‍, നേഴ്സിങ് കോളേജുകളിലെ ഡോക്ടര്‍മാരെയും വിദ്യാര്‍ഥികളെയും അഭിനന്ദിക്കുന്നതായും പിണറായി പറഞ്ഞു.