19 October Friday

സര്‍ഗവസന്തത്തിന് തുടക്കം

വെബ് ഡെസ്‌ക്‌Updated: Thursday Dec 28, 2017

കോഴിക്കോട് > കലയുടെയും സാഹിത്യത്തിന്റെയും പുതുലോകത്തേക്ക് കുരുന്നുകളെ കൈപിടിച്ചുയര്‍ത്തുന്ന വിദ്യാരംഗം സംസ്ഥാന സര്‍ഗോത്സവത്തിന് തുടക്കം. നടക്കാവ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന സര്‍ഗോത്സവം എഴുത്തുകാരന്‍ ടി പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. 

സര്‍ഗോത്സവത്തിലൂടെ വിദ്യാര്‍ഥികള്‍ക്ക് സാംസ്കാരിക രംഗത്തെ പ്രതിഭാധനരുമായി സംവദിക്കാനും സര്‍ഗാത്മകതയുടെ പുതിയ ലോകം പരിചയപ്പെടാനും ലക്ഷ്യമിട്ടാണ് പരിപാടി ഒരുക്കുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പും കേരള സാഹിത്യ അക്കാദമിയും സംഗീത നാടക അക്കാദമിയും ലളിതകലാ അക്കാദമിയും ഫോക്ലോര്‍ അക്കാദമിയും ചേര്‍ന്നാണ് വിദ്യാരംഗം സംസ്ഥാന സര്‍ഗോത്സവം സംഘടിപ്പിക്കുന്നത്.

സാംസ്കാരിക പഠന യാത്രയോടെയാണ് ആദ്യദിവസം ആരംഭിച്ചത്. ബേപ്പൂര്‍ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ വൈലാലില്‍ വീട്ടില്‍  ഒത്തുകൂടി. വിദ്യാര്‍ഥികള്‍ ചരിത്രമുറങ്ങുന്ന കാപ്പാട് തീരത്തുമെത്തി.

വ്യാഴാഴ്ച രാവിലെ ഒമ്പതിന് സി രാധാകൃഷ്ണന്‍ പ്രഭാഷണം നടത്തും. തുടര്‍ന്ന് കഥ, കവിത, നാടകം, കാവ്യാലാപനം, ചിത്രക്കൂട്ടം, നാടന്‍ കലകളും പാട്ടുകളും തുടങ്ങിയ മേഖലകളില്‍ പ്രഗത്ഭരുമായി സംവദിക്കാന്‍ അവസരം നല്‍കും. വൈകിട്ട് ആറിന് ഫോക്ലോര്‍ അക്കാദമി ഒരുക്കുന്ന മുടിയേറ്റ് അരങ്ങേറും. 29ന് പകല്‍ 11ന് മന്ത്രി സി രവീന്ദ്രനാഥ് വിദ്യാര്‍ഥികളുമായി സംവദിക്കും. പകല്‍ രണ്ടിന് സമാപന സമ്മേളനം നടക്കും. എം കെ മുനീര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. എ പ്രദീപ്കുമാര്‍ എംഎല്‍എ സമ്മാനദാനം നിര്‍വഹിക്കും. 

അവാര്‍ഡ് നേടേണ്ടത് നേരായ വഴിയിലൂടെ: ടി പത്മനാഭന്‍
കോഴിക്കോട് > അവാര്‍ഡ് നേടേണ്ടത് നേരായ വഴിയിലൂടെയാണെന്ന് പ്രശസ്ത എഴുത്തുകാരന്‍ ടി പത്മനാഭന്‍ പറഞ്ഞു. വിദ്യാരംഗം സംസ്ഥാന സര്‍ഗോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അവാര്‍ഡുകള്‍ നേടിയെടുക്കാനുള്ള നെട്ടോട്ടത്തിലാണ് പലരും. പുരസ്കാര നിര്‍ണയ കമ്മിറ്റിയില്‍ അംഗമായിരിക്കേ നേടിയെടുക്കുന്ന അവാര്‍ഡുകളാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം പരിഹസിച്ചു.

പൊതുവിദ്യാഭ്യാസ വകുപ്പും കേരള സാഹിത്യ അക്കാദമിയും സംഗീത നാടക അക്കാദമിയും ലളിതകലാ അക്കാദമിയും ഫോക്ലോര്‍ അക്കാദമിയും ചേര്‍ന്നാണ് വിദ്യാരംഗം സംസ്ഥാന സര്‍ഗോത്സവം സംഘടിപ്പിക്കുന്നത്.

ഞാനടക്കമുള്ള സാഹിത്യകാരന്മാര്‍ക്കും സാംസ്കാരിക നായകര്‍ക്കും കുട്ടികളെ വിമര്‍ശിക്കാന്‍ എന്തര്‍ഹതയാണുള്ളത്. യഥാര്‍ഥ കഴിവിന്റെ അടിസ്ഥാനത്തിലാണ് വിജയം നേടേണ്ടതെന്ന് പറയാന്‍ ഞാനുള്‍പ്പെടുന്ന സമൂഹത്തിന്് കഴിയാതെപോകുന്നു. വരുന്ന തലമുറക്ക് മാതൃക കാണിച്ചുകൊടുക്കാന്‍പോലും നമുക്ക് കഴിയുന്നില്ല.
രക്ഷിതാക്കള്‍, അധ്യാപകര്‍, മത്സരങ്ങള്‍ക്ക് മാര്‍ക്കിടുന്ന പണ്ഡിതന്മാര്‍, ഏജന്റുമാര്‍ ഇവരുടെ ഒത്തുകളി രംഗമായി മാറിയിരിക്കുകയാണ് കലോത്സവം. എന്നാല്‍, മത്സരബുദ്ധിയില്ലാത്ത, സര്‍ഗവൈഭവം പ്രദര്‍ശിപ്പിക്കാനുള്ള രംഗമൊരുക്കുന്ന വേദിയായി മാറുന്ന വിദ്യാരംഗം സര്‍ഗോത്സവം മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.

നടക്കാവ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടന്ന ചടങ്ങില്‍ കഴിഞ്ഞവര്‍ഷം സര്‍ഗോത്സവത്തില്‍ പങ്കെടുത്ത കുട്ടികളുടെ കഥകളുടെയും കവിതകളുടെയും സമാഹാരം പ്രകാശനം കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍ നിര്‍വഹിച്ചു. വിഡ്ഢികളുടെ സമൂഹമാണ് ഫാന്‍സ് അസോസിയേന്‍ നിര്‍മിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഇന്ന് അക്ഷരമെഴുതുന്നവര്‍ക്ക് വിലയില്ല. പകരം കച്ചവട സിനിമ, സീരിയല്‍ ഉള്‍പ്പെടുന്ന ദൃശ്യ മാധ്യമങ്ങള്‍ സമൂഹത്തെ മലിനീകരിക്കുന്ന അവസ്ഥയാണുള്ളത്. നീചമായ പ്രവൃത്തിചെയ്തതിന് അറസ്റ്റിലായവന്‍ പുറത്തിറങ്ങിയപ്പോള്‍ ലഡു വിതരണംചെയ്ത യുവത നാടിന് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു.

എ പ്രദീപ്കുമാര്‍ എംഎല്‍എ അധ്യക്ഷനായി. കേരള ലളിതകലാ അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ്, സെക്രട്ടറി പൊന്ന്യം ചന്ദ്രന്‍, കേരള സംഗീത നാടക അക്കാദമി സെക്രട്ടറി എന്‍ രാധാകൃഷ്ണന്‍ നായര്‍, കേരള ഫോക്ലോര്‍ അക്കാദമി സെക്രട്ടറി രാഘവന്‍ കീച്ചേരി, കൌണ്‍സിലര്‍ പി കിഷന്‍ ചന്ദ് എന്നിവര്‍ സംസാരിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ വി മോഹന്‍കുമാര്‍ സ്വാഗതവും ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇ കെ സുരേഷ് കുമാര്‍ നന്ദിയും പറഞ്ഞു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top