Top
20
Monday, November 2017
About UsE-Paper

കള്ളനോട്ട്: മുഖ്യപ്രതി പിടിയില്‍

Saturday Oct 28, 2017
വെബ് ഡെസ്‌ക്‌

തൃശൂര്‍ > കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡിനു സമീപമുള്ള ഹോട്ടലില്‍നിന്നും 16 ലക്ഷം രൂപയുടെ കള്ളനോട്ട് കണ്ടെടുത്ത സംഭവത്തിലെ മുഖ്യപ്രതിയെ പൊലീസ് അറസ്റ്റ്ചെയ്തു. മതിലകം പടിഞ്ഞാറേ വെമ്പല്ലൂര്‍ സ്വദേശി വാഴൂര്‍വീട്ടില്‍ അശോകന്‍ (53) ആണ് പിടിയിലായത്. ഇരുന്നൂറോളംപേരെ ചോദ്യംചെയ്ത ശേഷമാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഹോട്ടലില്‍നിന്ന് ലഭിച്ച സിസിടിവി ദൃശ്യവും ട്രാവല്‍ഏജന്‍സികളില്‍നിന്ന് ലഭിച്ച തെളിവും നിര്‍ണായകമായി. ഇയാള്‍ ഗള്‍ഫില്‍ ജയിലില്‍ കഴിയവേ എടിഎം തട്ടിപ്പുകാരായ വിദേശികളുമായി അടുത്ത ബന്ധമുണ്ടാക്കിയിരുന്നു. ഇതിനുശേഷമാണ് നാട്ടിലെത്തി കള്ളനോട്ടടിയും വിപണനവും ആരംഭിച്ചതെന്ന് പൊലീസ് പറഞ്ഞു.

കേസിലെ പ്രതികളായ വിദേശികളെക്കുറിച്ച് പൊലീസിന്  സൂചന ലഭിച്ചിട്ടുണ്ട്. ഇവര്‍ ഉടന്‍ പിടിയിലാകുമെന്ന് പൊലീസ് അറിയിച്ചു. ഇവര്‍ അച്ചടിച്ച ബാക്കി കള്ളനോട്ടുകളും അച്ചടിക്കാന്‍ ഉപയോഗിച്ച കംപ്യൂട്ടറുകളും മറ്റ് ഉപകരണങ്ങളും കണ്ടെത്തേണ്ടതുണ്ട്. പ്രതികള്‍ എത്രമാത്രം കള്ളനോട്ട് അച്ചടിച്ചിട്ടുണ്ടെന്നും വിതരണം നടത്തിയിട്ടുണ്ടെന്നും കണ്ടെത്തണം. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യും.

ഒക്ടോബര്‍ ആറിന് രാത്രി ഹോട്ടലില്‍ വാടകയ്ക്ക് മുറിയെടുക്കാനെത്തിയ രണ്ട് വിദേശികളും മലയാളിയും കൊണ്ടുവന്ന ബാഗില്‍നിന്നാണ് 16 ലക്ഷത്തോളം രൂപയുടെ കള്ളനോട്ടുകളും കള്ളനോട്ട് നിര്‍മിക്കുന്ന കടലാസുകളും കണ്ടെടുത്തത്. ഹോട്ടലില്‍ പൊലീസ് സാന്നിധ്യം ഉണ്ടെന്ന് സംശയംതോന്നി ബാഗുപേക്ഷിച്ച് കടക്കുകയായിരുന്നു.

പിന്നീട് ഹോട്ടലധികൃതര്‍ അറിയിച്ചതനുസരിച്ച് പൊലീസെത്തി ബാഗ് പരിശോധിച്ചപ്പോഴാണ് കള്ളനോട്ടുകളും മറ്റും കണ്ടെടുത്തത്. തൃശൂര്‍ സിറ്റി പൊലീസ് കമീഷണര്‍ രാഹുല്‍ ആര്‍ നായരുടെ നേതൃത്വത്തില്‍ ഈസ്റ്റ് സിഐ കെ സി സേതു, തൃശൂര്‍ സിറ്റി ഷാഡോപൊലീസ് എന്നിവരുള്‍പ്പെട്ട പ്രത്യേക അന്വേഷകസംഘം രൂപീകരിച്ചു.
 സിസിടിവി ദൃശ്യങ്ങളില്‍ രണ്ട് വിദേശികളും മുണ്ടുടുത്ത ഒരാളും വരുന്നത് വ്യക്തമാണ്. മുണ്ടുടുത്ത് ബാഗുമായി വന്നയാള്‍ഹോട്ടല്‍ ജീവനക്കാരോട്  മലയാളത്തില്‍ സംസാരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മുമ്പ് കള്ളനോട്ടുകേസില്‍ ഉള്‍പ്പെട്ട ഇരുന്നൂറോളം പേരെ ചോദ്യംചെയ്തു.  ടാക്സി, ഓട്ടോ ഡ്രൈവര്‍മാരോടും വിവരങ്ങള്‍ തേടി. തുടര്‍ന്ന് പ്രതികള്‍ സഞ്ചരിച്ച ടാക്സി കണ്ടെത്തി. രാത്രിയില്‍ കൊടുങ്ങല്ലൂരിലേക്കാണ് പ്രതികള്‍ പോയതെന്ന് ടാക്സിഡ്രൈവര്‍ പറഞ്ഞു. പിന്നീട് തൃശൂരിലുള്ള ട്രാവല്‍ ഏജന്‍സികളില്‍നിന്ന് കിട്ടിയ വിവരങ്ങളനുസരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അശോകന്‍ അറസ്റ്റിലായത്.

മദ്യം വിറ്റതിന് മസ്കത്ത് പൊലീസ് അശോകനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. അവിടെവച്ച് എടിഎം തട്ടിപ്പുകേസില്‍ അകത്തായ കാമറൂണ്‍ സ്വദേശികളുമായി സൌഹൃദത്തിലായി. തുടര്‍ന്നാണ് കള്ളനോട്ട് അച്ചടിക്കുന്നതിനും കള്ളനോട്ട് വിപണനത്തിനും പദ്ധതിയിട്ടതെന്ന് പൊലീസ് പറഞ്ഞു.