18 November Sunday

സൗജന്യ അരിയില്ല; ഇപ്പോഴിതാ മണ്ണെണ്ണയുമില്ലെന്ന‌് കേന്ദ്രം

സ്വന്തം ലേഖകൻUpdated: Tuesday Aug 28, 2018

തിരുവനന്തപുരം > പ്രളയക്കെടുതി നേരിടുന്ന കേരളത്തിന‌് സൗജന്യ അരി നിഷേധിച്ചതിന‌് പിന്നാലെ സൗജന്യ മണ്ണെണ്ണയും കേന്ദ്ര സർക്കാർ നിഷേധിച്ചു. പ്രളയകാലത്ത‌് സൗജന്യമായി മണ്ണെണ്ണ ആവശ്യപ്പെട്ട‌് സംസ്ഥാന സർക്കാർ കേന്ദ്രത്തിന‌് കത്തെഴുതിയിരുന്നു. ഇതിനുള്ള മറുപടിക്കത്തിലാണ‌് കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം  സബ‌്സിഡി ഇല്ലാതെ മണ്ണെണ്ണ അനുവദിക്കാമെന്ന‌് സംസ്ഥാനത്തെ അറിയിച്ചത‌്. 12000 കിലോ ലിറ്റർ മണ്ണെണ്ണയാണ‌് അനുവദിച്ച‌ത‌്. കേന്ദ്രം സബ‌്സിഡി അനുവദിക്കാത്ത സാചഹര്യത്തിൽ ലിറ്ററിന‌് 70 രൂപ നിരക്കിൽ നൽകണ്ടേി വരും. വ്യവസായ ആവശ്യങ്ങൾക്ക‌് നൽകുന്ന മണ്ണെണ്ണയുടെ വിലയാണിത‌്. ഇപ്പോൾ അനുവദിച്ച മണ്ണെണ്ണ വാങ്ങുകയാണെങ്കിൽ 84 കോടി രൂപ സർക്കാർ നൽകേണ്ടി വരും. സബ‌്സിഡി നിരക്കിലുള്ള മണ്ണെണ്ണ 29 രൂപയ‌്ക്കാണ‌് കേന്ദ്രം നൽകുന്നത‌്. ഈ നിരക്കിലും സംസ്ഥാനത്തിന‌് മണ്ണെണ്ണ നൽകാൻ കേന്ദ്രം തയ്യാറായില്ല.

ഇത്രയും ഭീമമായ നിരക്ക‌് നൽകി മണ്ണെണ്ണ വാങ്ങാനാകില്ലെന്ന‌് ഭക്ഷ്യമന്ത്രി പി തിലോത്തമൻ പറഞ്ഞു. കേരളത്തിന്റെ സാഹചര്യം പരിഗണിച്ച‌് സൗജന്യമായി മണ്ണെണ്ണ അനുവദിക്കണമെന്ന‌് കാട്ടി കേന്ദ്രത്തിന‌് വീണ്ടും കത്തുനൽകുമെന്ന‌് മന്ത്രി പറഞ്ഞു.

പ്രളയബാധിത പ്രദേശങ്ങളിലെല്ലാം വൈദ്യുതിബന്ധം താറുമാറാകുകയും പാചകവാതക വിതരണത്തെ മഴക്കെടുതി ബാധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കേരളം അധിക മണ്ണെണ്ണ ആവശ്യപ്പെട്ടത്. എന്നാൽ, ഡീസലിന്റെ വിലയിട്ടാണ‌് കേന്ദ്രം മണ്ണെണ്ണ അനുവദിച്ചത‌്.

 പ്രളയത്തെത്തുടർന്ന‌് സൗജന്യമായി അരി ആവശ്യപ്പെട്ട സംസ്ഥാനത്തിന‌് കിലോയ‌്ക്ക‌് 25 രൂപ നിരക്കിലുള്ള അരി അനുവദിച്ചത‌് വിവാദമായിരുന്നു. എന്നാൽ, സൗജന്യ അരിയാണ‌് നൽകിയതെന്ന‌്  കേന്ദ്ര ഭക്ഷ്യമന്ത്രി രാംവിലാസ‌് പാസ്വാൻ  പറയുന്നു.  സംസ്ഥാന സർക്കാരിന‌് ഇതുസംബന്ധിച്ച‌് ഒരു അറിയിപ്പും ഇതുവരെ ലഭിച്ചിട്ടില്ല.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top