22 September Saturday

സൈനയ്ക്ക് വെങ്കലം; സിന്ധു ചരിത്രത്തിനരികെ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 28, 2018

ജക്കാർത്ത > ഏഷ്യൻ ഗെയിംസ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ പി വി സിന്ധു ഫൈനലിൽ കടന്നു. ആദ്യമായാണ് ഏഷ്യൻ ഗെയിംസിന്റെ ബാഡ്മിന്റണിൽ ഒരു ഇന്ത്യൻ താരം സിംഗിൾസ് ഇനത്തിൽ ഫൈനലിൽ കടക്കുന്നത്. മറ്റൊരു വനിതാ താരം സൈന നെഹ്വാൾ സെമിയിൽ പരാജയപ്പെട്ടെങ്കിലും വെങ്കല മെഡലിന് അർഹയായി. ബാഡ്മിന്റൺ സിംഗിൾസ് വിഭാഗത്തിൽ ഒരു ഇന്ത്യൻ വനിത നേടുന്ന ആദ്യ മെഡലാണിത്. 36 വർഷത്തിനുശേഷമാണ് ഒരു ഇന്ത്യൻ താരം ഏഷ്യൻ ഗെയിംസ് ബാഡ്മിന്റണിൽ സിംഗിൾസ് മെഡൽ നേടുന്നത്. 1982ലെ സയ്യദ് മോഡിയുടെ വെങ്കലമാണ് ഒടുവിൽ ലഭിച്ച സിംഗിൾസ് മെഡൽ.

കടുത്ത സെമിഫൈനൽ പോരാട്ടത്തിൽ ലോക രണ്ടാംനമ്പർ താരം ജപ്പാന്റെ അകാനെ യമഗുചിയെയാണ് സിന്ധു പരാജയപ്പെടുത്തിയത് (21‐17, 15‐21, 21‐10). ആദ്യ സെറ്റ് നേടിയ സിന്ധുവിന് രണ്ടാംസെറ്റിൽ നിരന്തരം പിഴച്ചു. എന്നാൽ, അവസാന സെറ്റിൽ ശക്തമായ തിരിച്ചുവരവ് നടത്തിയ ലോക മൂന്നാംനമ്പർ താരം ചരിത്രനേട്ടം കൈവരിച്ചു. 1962ൽ ബാഡ്മിന്റൺ ഏഷ്യൻ ഗെയിംസിൽ മത്സര ഇനമായശേഷം സിംഗിൾസ് വിഭാഗത്തിൽ ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടമാണ് ഹൈദരാബാദുകാരി സ്വന്തമാക്കിയത്.
ലോക ഒന്നാം നമ്പറായ ചൈനീസ് തായ്പെയുടെ തായ് സു യിങ്ങിനോടാണ് സൈന പരാജയപ്പെട്ടത് (21‐17, 21‐14). സു യിങ്ങിന്റെ വേഗത്തിനും തന്ത്രങ്ങൾക്കും മറുപടി നൽകാൻ സൈനയ്ക്കായില്ല. 2010, 2014 ഗെയിംസുകളിൽ ക്വാർട്ടറിൽ മടങ്ങിയ സൈനയ്ക്ക് ഇത്തവണത്തെ വെങ്കലം മികച്ച നേട്ടമായി.

ലോക ഒന്നും മൂന്നും റാങ്കുകാർ തമ്മിലുള്ള ഫൈനൽ കടുത്ത പോരാട്ടമാകും എന്നുറപ്പ്. ഇതുവരെ 11 തവണ ഏറ്റുമുട്ടിയതിൽ ഒമ്പത് തവണയും സി യുങ്ങിനായിരുന്നു ജയം. ഒടുവിൽ നടന്ന അഞ്ച് മുഖാമുഖങ്ങളിലും സിന്ധുവിന് തോൽവിയായിരുന്നു. 2016 ലെ റിയോ ഒളിമ്പിക്സിൽ സിന്ധു സു യിങ്ങിനെ തോലപ്പിച്ചിരുന്നു.ം'ഫൈനൽ പേടി' അകറ്റി ഫോമിലേക്കുയർന്നാൽ സ്വർണവുമായി മടങ്ങാൻ ഇന്ത്യൻ താരത്തിനാകും.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top