15 November Thursday

വെള്ളപ്പൊക്കത്തിന് കാരണം ഡാം തുറന്നതെന്ന് വ്യാജവാർത്തയുമായി വാർത്താചാനൽ

വെബ് ഡെസ്‌ക്‌Updated: Saturday Jul 28, 2018


പത്തനംതിട്ട
കുട്ടനാട് മേഖലയിൽ വെള്ളപ്പൊക്കത്തിനു കാരണം ഡാമുകൾ തുറന്നതാണെന്ന അസംബന്ധവുമായി വാർത്താചാനൽ. തുറക്കാൻ കഴിയാത്ത ഡാമുകൾ തുറന്നെന്ന പച്ചക്കള്ളമാണ് ഇവർ തട്ടിവിട്ടത്.

മഴ ശമിച്ചിട്ടും ജലനിരപ്പ് ഉയരുകയാണെന്നും ഇതിന് കാരണം ഡാമുകൾ തുറന്നുവിട്ടതാണെന്നും ചാനൽ വെള്ളിയാഴ്ച വാർത്ത സംപ്രേഷണംചെയ്തു. തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ പൂർണമായി തുറക്കാത്തതാണ് ജലനിരപ്പ് താഴാത്തതിനു കാരണമെന്ന കണ്ടുപിടിത്തം നടത്തിയ ചാനൽതന്നെയാണ് ഈ വാർത്തയും കൊടുത്തത്. കുട്ടനാട്ടിലെ ജലനിരപ്പ് താഴുന്നില്ലെന്നും നേരിയ തോതിൽ ഉയരുകയാണെന്നും മൂഴിയാർ, കുള്ളാർ, മീനാർ, ഗവി ഡാമുകളുടെ ഷട്ടർ തുറന്നതാണ് കാരണമെന്നും ചാനൽ വാർത്തയിൽ പറയുന്നു. പമ്പ ഡാമിന്റെ അനുബന്ധ ഡാമുകളായ കുള്ളാർ, മീനാർ, ഗവി ഡാമുകൾക്ക് ഷട്ടറില്ല എന്ന വസ്തുത പോലും അറിയാതെയാണ് അസംബന്ധ വാർത്ത എഴുന്നള്ളിച്ചത്.

അനുബന്ധ ഡാമുകളിലെ വെള്ളം പമ്പ ഡാമിലാണ് എത്തുന്നത്. ഇവിടെയേ ഷട്ടർ ഉള്ളൂ. നിലവിൽ പമ്പ ഡാമിലെ ജലനിരപ്പ് 985.20 ആണ്. രണ്ടു മീറ്റർ കൂടി ഉയർന്നാലേ ഡാം തുറക്കേണ്ടതുള്ളൂ. മഴ ശമിച്ചതിനാൽ അങ്ങനെയൊരു സാഹചര്യമില്ല. പമ്പ ഡാം കവിഞ്ഞൊഴുകുന്ന സാഹചര്യമുണ്ടായാൽ, മുന്നറിയിപ്പു നൽകി മാത്രമേ ഷട്ടറുകൾ തുറക്കൂ. എന്നിട്ടും സർക്കാരിനെയും വൈദ്യുതി ബോർഡിനെയും കുറ്റപ്പെടുത്തി തെറ്റായ വാർത്ത കൊടുത്തതിൽ ഡാം സുരക്ഷാ ജീവനക്കാർ പ്രതിഷേധത്തിലാണ്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top