17 November Saturday

നടുങ്ങി; മുളക്കുഴ ഗ്രാമം

ബി സുദീപ്‌Updated: Thursday Jun 28, 2018



ചെങ്ങന്നൂർ
എംസി റോഡിൽ വാഹനാപകടം പതിവാകുന്ന മുളക്കുഴ കാണിക്കമണ്ഡപം ജങ‌്ഷന് സമീപം ഇത്രയും വലിയ അപകടം ഉണ്ടായത്തിന്റെ ഞെട്ടലിൽ നിന്ന് ആളുകൾ മാറിയിട്ടില്ല. രാവിലെ 6.20 ഓടെ വലിയ ശബ്ദംകേട്ടാണ് ആളുകൾ ഉണർന്നത്. ഓടിയെത്തിയവർ ബസിലിടിച്ച‌് തകർന്ന വാഹനത്തിൽ കുരുങ്ങിയ നിലയിൽ ചിതറിയ ശരീരങ്ങളാണ് കണ്ടത്.  സമീപവാസിയായ ചെങ്ങന്നൂർ ബ്ലോക്കു പഞ്ചായത്തംഗം ഐപ്പ് ശമുവേൽ, പഞ്ചായത്തംഗം മനോജ് എന്നിവരുടെ നേതൃത്വത്തിലാണ്‌ രക്ഷാപ്രവർത്തനങ്ങൾ നടന്നത്. ബാബുവിനെ ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. വാഹനത്തിന്റെ  മുൻവശം വെട്ടി പൊളിച്ചാണ് രണ്ടു പേരെ പുറത്തെടുത്തത്.  ഇവരെ മുളക്കുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അപ്പോഴേക്കും ചെങ്ങന്നൂർ പൊലീസ്, ഫയർഫോഴ്സ് എന്നിവർ സ്ഥലത്തെത്തി. ഫയർഫോഴ്സ് എത്തി റോഡു കഴുകുന്നതിനിടയിലാണ് പിക്ക്‌അപ്പ്‌ വാനിന്റെ പിൻഭാഗത്ത് ഒരാളുടെ കാൽ ശ്രദ്ധയിൽപെട്ടത്. കമ്പികളും പൈപ്പുകളും മറ്റു ഉപകരണങ്ങളും വാഹനത്തിലുണ്ടായിരുന്നതിനാൽ രക്ഷാപ്രവർത്തനം നടത്തിയവരുടെ ശ്രദ്ധയിൽ ഇദ്ദേഹം പെട്ടില്ല. നേരിയ അനക്കം ഉണ്ടായിരുന്ന ഇയാളെ മുളക്കുഴയിലെ സ്വകാര്യാശുപത്രിയിൽ  എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപ്പോഴേക്കും അപകടസ്ഥലത്ത് കേട്ടറിഞ്ഞെത്തിയ ആളുകൾ തടിച്ചുകൂടി. എംസി റോഡിൽ ഗതാഗത തടസം സൃഷ്ടിച്ചു.

സിപിഐ എം ചെങ്ങന്നൂർ ഏരിയ സെക്രട്ടറി എം എച്ച് റഷീദ്, ജില്ലാ പഞ്ചായത്തംഗം അഡ്വ. വി വേണു എന്നിവർ എത്തി രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുത്തു. അപകടത്തിൽ മരിച്ചവർക്ക് സജി ചെറിയാൻ എംഎൽഎ അനുശോചനം രേഖപ്പെടുത്തി.

പ്രധാന വാർത്തകൾ
Top