Top
18
Monday, December 2017
About UsE-Paper

നീലക്കുറിഞ്ഞി ദേശീയോദ്യാനം: വിവാദം സൃഷ്‌ടിക്കുന്നവര്‍ക്ക് പ്രത്യേക ലക്ഷ്യങ്ങള്‍: പിണറായി

Monday Nov 27, 2017
വെബ് ഡെസ്‌ക്‌

ചെറുതോണി > പ്രശ്‌നങ്ങള്‍ ജനങ്ങളുമായി ചര്‍ച്ചചെയ്‌ത് നീലക്കുറിഞ്ഞി ദേശീയോദ്യാനത്തെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളതെന്നും വിവാദം സൃഷ്‌ടിക്കുന്നവര്‍ക്ക് പ്രത്യേക ലക്ഷ്യങ്ങളുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ചെറുതോണിയില്‍ ജില്ലാ സഹകരണബാങ്കിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

മുന്‍ എല്‍ഡിഎഫ് സര്‍ക്കാരാണ് മൂന്നാറില്‍ നീലക്കുറിഞ്ഞി സാങ്ച്വറി പ്രഖ്യാപിച്ചത്. സദുദ്ദേശത്തോടെയുള്ള നടപടിയായിരുന്നു അത്. പ്രകൃതിയുടെ വരദാനമായ നീലക്കുറിഞ്ഞി പൂക്കുന്ന മേഖലയെ സംരക്ഷിക്കാന്‍ പ്രാഥമിക വിജ്ഞാപനവുമിറക്കി.സാങ്ച്വറി സംബന്ധിച്ച് ചില കണക്കെടുപ്പുകള്‍ നടന്നതല്ലാതെ തുടര്‍നടപടി ഉണ്ടായിരുന്നില്ല. നീലക്കുറിഞ്ഞി പൂക്കുന്നതിന് മുന്നോടിയായി ഒരുക്കങ്ങള്‍ ആലോചിക്കാന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പ്രാദേശിക എതിര്‍പ്പാണ് കാരണമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു.

ഇതേ തുടര്‍ന്നാണ് റവന്യൂ മന്ത്രിയുടെ നേതൃത്വത്തില്‍ വനംമന്ത്രിയും നാട്ടുകാരനായ വൈദ്യുതിമന്ത്രിയും ചേര്‍ന്ന് നാട്ടുകാരെ കണ്ട് സംസാരിക്കാന്‍ തീരുമാനിച്ചത്. കാര്യങ്ങള്‍ പഠിച്ച് തീരുമാനമെടുക്കാനാണ് റവന്യൂമന്ത്രിയുടെ നേതൃത്വത്തില്‍ വനം, വൈദ്യുതി മന്ത്രിമാരെ ഉള്‍പ്പെടുത്തി സമിതിയെ തീരുമാനിച്ചത്. നീലക്കുറിഞ്ഞി പൂക്കുമ്പോള്‍ ഇവിടെയെത്തുന്ന ലക്ഷക്കണക്കിന് വിനോദസഞ്ചാരികള്‍ക്ക് അടിസ്ഥാനസൌകര്യം ഒരുക്കുന്നതോടൊപ്പം നീലക്കുറിഞ്ഞിക്ക് നാശമുണ്ടാകാതെ കണ്ട് ആസ്വദിക്കാനും അവസരമൊരുക്കണം.

ജനങ്ങളെ വിശ്വാസത്തിലെടുക്കാതെ തീരുമാനമെടുക്കാന്‍  ഈ സര്‍ക്കാര്‍ തയ്യാറല്ല. അവര്‍ കഴിഞ്ഞകാലങ്ങളില്‍ ഉയര്‍ത്തിയ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് അവരെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. അവരെക്കൂടി പങ്കാളികളാക്കി ചര്‍ച്ചനടത്തി കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയ ശേഷം സര്‍വെ ആരംഭിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. സാങ്ച്വറിയുടെ വിസ്തൃതി വെട്ടിക്കുറയ്ക്കാന്‍ തീരുമാനമെടുത്തെന്ന പ്രചരണം വസ്തുതാവിരുദ്ധമാണ്. മന്ത്രിയും സെക്രട്ടറിയുമായോ, മന്ത്രിമാര്‍ തമ്മിലോ ഒരു അഭിപ്രായവ്യത്യാസവും ഉണ്ടായിട്ടില്ല. യോഗത്തില്‍ എല്ലാവരും അവരുടെ അഭിപ്രായങ്ങള്‍ പറയുക സ്വാഭാവികമാണ്. അതിന്റെയെല്ലാം അടിസ്ഥാനത്തില്‍ ഒരു തീരുമാനമേ ഉണ്ടായിട്ടുള്ളൂ.

വിവാദത്തിനുപിന്നാലെ കുറേപ്പേരെയെങ്കിലും കൊണ്ടുപോകണമെന്ന ലക്ഷ്യം വിവാദം സൃഷ്ടിക്കുന്നവര്‍ക്കുണ്ട്. വലിയ മാധ്യമങ്ങളെന്ന് ധരിക്കുന്നവര്‍ ജനങ്ങളെ ഇങ്ങനെ തെറ്റിധരിപ്പിക്കണോയെന്ന് ചിന്തിക്കണം. ജനങ്ങള്‍ എല്ലാ സത്യവും മനസിലാക്കും. അപ്പോള്‍ വാര്‍ത്തയുടെ പൊള്ളത്തരം തുറന്നുകാട്ടപ്പെടും. വാര്‍ത്ത നല്‍കിയവരുടെ മുഖവും നഷ്ടമാകും. വിവാദങ്ങളൊന്നും സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. വിവാദം വിവാദത്തിന്റെ വഴിയെയും കാര്യം കാര്യത്തിന്റെ വഴിയെയും പോകും- മുഖ്യമന്ത്രി പറഞ്ഞു.