Top
18
Monday, December 2017
About UsE-Paper

സിബിഐക്ക് മാര്‍ഗനിര്‍ദേശം നല്‍കാന്‍ ക്രിമിനല്‍ക്കേസ് പ്രതി

Monday Nov 27, 2017
വെബ് ഡെസ്‌ക്‌

തലശേരി > തലശേരി റസ്റ്റ്ഹൌസ് കേന്ദ്രമാക്കി സിബിഐ അന്വേഷിക്കുന്ന കേസുകളില്‍ സഹായം നല്‍കുന്നത് ക്രിമിനല്‍ കേസിലെ പ്രതിയായ പൊലീസുകാരന്‍. സ്വത്ത്തര്‍ക്കത്തിന്  അമ്മയെ മര്‍ദിച്ച കേസില്‍ പ്രതിയായ മാഹി ചാലക്കരയിലെ അനില്‍കുമാറാണ് ക്രിമിനല്‍ കേസ് പ്രതിയായ നിയമപാലകന്‍. ചാലക്കരയിലെ പറമ്പത്ത് മീത്തല്‍ കല്ലുവിനെ (67) തള്ളിവീഴ്ത്തുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന പരാതിയിലാണ് പള്ളൂര്‍ പൊലീസ്  ഇയാള്‍ക്കും സഹോദരനുമെതിരെ കേസെടുത്തത്.

പാനൂര്‍ പൊലീസ് കണ്‍ട്രോള്‍ റൂം എഎസ്ഐ തസ്തികയിലാണിപ്പോള്‍ അനില്‍കുമാര്‍. ക്രിമിനല്‍ കേസില്‍ പ്രതിയാണെങ്കിലും ഇതുവരെ വകുപ്പ്തല അന്വേഷണമുണ്ടായിട്ടില്ല. പള്ളൂര്‍ പൊലീസ് ക്രൈം രജിസ്റ്റര്‍ചെയ്തത് കേരള പൊലീസിനെ അറിയിക്കാത്തതാണ് വകുപ്പുതല അന്വേഷണം വൈകിപ്പിച്ചത്. കേരളപൊലീസിനെ കേസ് വിവരം അറിയിക്കാതിരിക്കാന്‍ വഴിവിട്ട ഇടപെടലുണ്ടായെന്ന വിവരവും ഇതിനിടെ പുറത്തുവന്നിട്ടുണ്ട്.

തറവാട്ടില്‍നിന്ന് സാധനങ്ങള്‍ കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ തടഞ്ഞ അമ്മയെ മര്‍ദിക്കുകയും ഇരുമ്പ്വടി ഉപയോഗിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു അനില്‍കുമാറിനും സഹോദരനുമെതിരായ പരാതി.  സംഭവം  സിബിഐ എസ്പി, ഡിവൈഎസ്പി എന്നിവരെ കല്ലുവമ്മ അറിയിച്ചെങ്കിലും തങ്ങളുടെ കീഴിലുള്ള ഉദ്യോഗസ്ഥനല്ലെന്ന മറുപടിയാണ് ലഭിച്ചത്.

തലശേരിയിലെ എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ ഫസലിന്റെ കൊലപാതക കേസ് അന്വേഷണം തുടങ്ങിയതുമുതലാണ് സിബിഐ സംഘത്തെ സഹായിക്കുന്ന ചുമതലയിലേക്ക് അനില്‍കുമാര്‍ വര്‍ക്കിങ്ങ് അറേഞ്ച്മെന്റില്‍ നിയമിതനായത്. നേരത്തെ മാഹി പൊലീസില്‍ ഹോംഗാര്‍ഡായിരുന്നു. ഇയാളുടെ വീടിന് സമീപമാണ് ഫസലിനെ കൊലപ്പെടുത്തിയ സംഘത്തിലുള്‍പ്പെട്ട മാഹി ചെമ്പ്രയിലെ രണ്ട് ആര്‍എസ്എസ്-ബിജെപിക്കാരുടെ വീടുകള്‍.  ഫസല്‍വധക്കേസില്‍ നിരപരാധികള്‍ പ്രതിചേര്‍ക്കപ്പെടുകയും സിബിഐ പ്രതിക്കൂട്ടിലാവുകയും ചെയ്തിരുന്നു.