15 October Monday

ദേശീയപാതയില്‍ കായംകുളത്ത് നാലുവരിപ്പാലം നിര്‍മിക്കും: മന്ത്രി ജി സുധാകരന്‍

വെബ് ഡെസ്‌ക്‌Updated: Friday Oct 27, 2017

കായംകുളം > ദേശീയപാതയില്‍ നാലുവരിപാലം നിര്‍മിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. ദേശീയപാത വികസനവുമായി ബന്ധപ്പെട്ടാണ് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപത്തുള്ള പാലം നാലുവരി പാലമാക്കുന്നത്. കൂടാതെ എംഎസ്എം കോളേജ് ജങ്ഷന്‍ മുതല്‍ കൃഷ്ണപുരംവരെ ഫ്ളൈ ഓവര്‍ നിര്‍മിക്കാന്‍ പദ്ധതിയുണ്ട്. കോടിക്കണക്കിന് രൂപയുടെ വികസനമാണ് പൊതുമരാമത്തുരംഗത്ത് കായംകുളത്ത് നടപ്പാക്കുന്നത്. അഞ്ച് പാലങ്ങള്‍ക്കായി 25.5 കോടി രൂപയാണ് അനുവദിച്ചതെന്നും മന്ത്രി പറഞ്ഞു.

വ്യാപാരി വ്യവസായി സമിതി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള കായംകുളം മര്‍ക്കന്റയില്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സഹകരണ പ്രസ്ഥാനത്തെ എന്നും വളര്‍ത്തിവലുതാക്കിയിട്ടുള്ളത് ഇടതുപക്ഷമാണ്. സാമൂഹ്യബോധവും സഹകരണ മനോഭാവവും ഉണ്ടായാല്‍ സംഘത്തെ ജനങ്ങള്‍ കൂടുതല്‍ വിശ്വസിക്കുമെന്നും മന്ത്രി പറഞ്ഞു.

സമിതി ഓഫീസ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ പ്രതിഭാഹരി എംഎല്‍എ അധ്യക്ഷയായി. നഗരസഭാ ചെയര്‍മാന്‍ അഡ്വ. എന്‍ ശിവദാസന്‍ ആദ്യനിക്ഷേപം സ്വീകരിച്ചു. ആലപ്പി സഹകരണ സ്പിന്നിങ്മില്‍ ചെയര്‍മാന്‍ എം എ അലിയാര്‍, സിപിഐ എം ഏരിയ സെക്രട്ടറി പി അരവിന്ദാക്ഷന്‍, പി ഗാനകുമാര്‍, സമിതി ജില്ലാ പ്രസിഡന്റ് ഒ അഷറഫ്, സെക്രട്ടറി  ടി വി ബൈജു, സി കെ ജലീല്‍, എന്‍ ശിവന്‍പിള്ള, കെ ഹരികുമാര്‍, ഐ ഹസന്‍കുഞ്ഞ്, നമ്പലശേരില്‍ ഷാഹുല്‍ ഹമീദ്, ടി എ നാസര്‍, അസിസ്റ്റന്റ് രജിസ്ട്രാര്‍ എസ് ബീന, വിദ്യ എന്നിവര്‍ സംസാരിച്ചു. സംഘം പ്രസിഡന്റ് ഇ അബ്ദുള്‍സെമീര്‍ സ്വാഗതവും സെക്രട്ടറി എ എ വാഹിദ് നന്ദിയും പറഞ്ഞു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top