19 September Wednesday
പുനരധിവാസപ്രവർത്തനങ്ങൾ വിലയിരുത്തി

യുസി കോളേജ‌് ക്യാമ്പിന‌്‌ പകരം സംവിധാനമൊരുക്കും: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Monday Aug 27, 2018


കൊച്ചി
പ്രളയത്തിൽ ദുരിതത്തിലായ ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ പുനരധിവാസപ്രവർത്തനങ്ങൾ മന്ത്രി എ സി മൊയ‌്തീന്റെ നേതൃത്വത്തിൽ വിലയിരുത്തി. ആലുവ യുസി കോളേജിലെ ദുരിതാശ്വാസക്യാമ്പും അദ്ദേഹം സന്ദർശിച്ചു.

ആലുവ താലൂക്ക‌് ഓഫീസിൽ ചേർന്ന അവലോകനയോഗത്തിൽ തഹസീൽദാരുമായി ചർച്ച നടത്തി. നെടുമ്പാശേരി വിമാനത്താവളത്തിലെ വെള്ളക്കെട്ട‌് ഒഴിവാക്കുന്നതിനുള്ള പദ്ധതി എത്ര തുക ചെലവായാലും നടപ്പാക്കുമെന്ന‌് സിയാൽ എംഡി വി ജെ കുര്യൻ മന്ത്രിക്ക‌് ഉറപ്പ‌ുനൽകി. ജനപ്രതിനിധികളുമായി കൂടിയാലോചിച്ചശേഷമാകും പദ്ധതി നടപ്പാക്കുക. മന്ത്രി ചെങ്ങൽ പ്രദേശം സന്ദർശിച്ച‌് സ്ഥിതിഗതി വിലയിരുത്തി.

ആലുവ യുസി കോളേജിൽ  പ്രവർത്തിക്കുന്ന‌ ദുരിതാശ്വാസക്യാമ്പിന‌ു പകരംസംവിധാനമൊരുക്കുമെന്ന‌് മന്ത്രി എ സി മൊയ‌്തീൻ പറഞ്ഞു. ക്യാമ്പ‌് സന്ദർശിച്ചശേഷം ജനങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്യാമ്പിൽനിന്നും ആരെയും നിർബന്ധിച്ച‌് മാറ്റില്ല. വീട‌് നഷ‌്ടമായവർക്ക‌് കിടന്നുറങ്ങാൻ സംവിധാനമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. അങ്കമാലി‐മഞ്ഞപ്ര റോഡ‌് പുനർനിർമാണത്തിനാവശ്യമായ നിർദേശങ്ങൾ പൊതുമരാമത്ത‌് ഉദ്യോഗസ്ഥർക്ക‌് നൽകി.
ആലങ്ങാട‌് പഞ്ചായത്തിൽ ജനപ്രതിനിധികളുമായും വകുപ്പ‌് സെക്രട്ടറിമാരുമായും ചർച്ച നടത്തി. കരുമാലൂർ, കടുങ്ങല്ലൂർ, ആലങ്ങാട‌് പ്രദേശങ്ങളിലെ കുടിവെള്ളം, വൈദ്യുതി, പാചകവാതകം, റേഷൻ എന്നിവ ഉടൻ ലഭ്യമാക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക‌് നിർദേശം നൽകി.

പ്രളയത്തിൽ പൂർണമായും മുങ്ങിയ കരുമാലൂരിലെ ശുചീകരണ പ്രവർത്തനങ്ങളും വിലയിരുത്തി. വിവിധ ക്യാമ്പുകളുടെ പ്രവർത്തനങ്ങളും പരിശോധിച്ചു. വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷൻമാർ, സെക്രട്ടറിമാർ, രാഷ‌്ട്രീയ പാർടി നേതാക്കൾ എന്നിവരും മന്ത്രിക്കൊപ്പം വിവിധയിടങ്ങൾ സന്ദർശിച്ചു. ചൊവ്വാഴ‌്ച വടക്കേക്കര, ചേന്ദമംഗലം, പറവൂർ എന്നിവിടങ്ങളിലെ അവലോകനയോഗങ്ങളിൽ മന്ത്രി പങ്കെടുക്കും.

പ്രധാന വാർത്തകൾ
Top