19 November Monday

മീനാക്ഷിയമ്മ നൽകി 21 സെന്റ്

വെബ് ഡെസ്‌ക്‌Updated: Monday Aug 27, 2018


മാടായി (കണ്ണൂർ)
ചെറുതാഴത്തെ മഞ്ഞേരി വീട്ടിൽ മീനാക്ഷിയമ്മയുടെ ആഗ്രഹമായിരുന്നു തനിക്ക് തറവാട്ടുവക ലഭിച്ച സ്വത്ത് പൊതു ആവശ്യത്തിന് ഉപയോഗിക്കണമെന്നത്. പ്രളയജലം കേരളത്തിനെയാകെ തകർത്തപ്പോൾ ആ അമ്മയുടെ മനസും വല്ലാതെ ഉലഞ്ഞു. വീടും കുടിയും നഷ്ടപ്പെട്ട ആയിരങ്ങൾ, അവരുടെ സങ്കടങ്ങൾ, അവരെ സംരക്ഷിക്കാനുള്ള സർക്കാറിന്റെ ശ്രമങ്ങൾ. ടിവിയിലും മറ്റും കണ്ണീരണിഞ്ഞ ദൃശ്യങ്ങൾ മാറിമറിഞ്ഞപ്പോൾ മീനാക്ഷിയമ്മ ഉറച്ച തീരുമാനത്തിലെത്തി. തന്റെ പേരിലുള്ള പടന്നപ്രത്തെ 21 സെന്റ് ഭൂമി ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിന‌് സർക്കാരിന് നൽകുക. ഇക്കാര്യം ആദ്യംപറഞ്ഞത് മകൾ ഭാഗ്യലക്ഷ്മിയോടും മകളുടെ ഭർത്താവായ വേണുഗോപാലനോടുമാണ‌്. ഇവരുടെ വീട്ടിലാണ് മീനാക്ഷിയമ്മയുടെ താമസം.  ചെറുതാഴം പഞ്ചായത്തിന്റെ മുൻ പ്രസിഡന്റും സിപിഐ എം മാടായി ഏരിയാകമ്മിറ്റി അംഗവുമായ സി എം വേണുഗോപാലൻ സന്തോഷപൂർവം തീരുമാനത്തെ സ്വീകരിച്ചു.  മറ്റുമക്കളായ ജയശ്രീയെയും ഗൾഫിലുള്ള മകൻ ഗിരീഷിനെയും ഇക്കാര്യം അറിയിച്ചു. അമ്മയുടെ ആഗ്രഹത്തെ എല്ലാവരും നിറഞ്ഞ ഹൃദയത്തോടെ പിന്തുണച്ചു. തിരുവോണനാളിൽ മീനാക്ഷിയമ്മ, വേണുഗോപാലൻ, മകൻ വിഭാത്, ഗിരീഷിന്റെ മകൻ ധ്യാൻ കൃഷ്ണൻ എന്നിവർ മന്ത്രി ഇ പി ജയരാജന്റെ വീട്ടിലെത്തി രേഖകൾ കൈമാറി.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top