13 November Tuesday

ആനയുടെ ആക്രമണത്തില്‍ ജാർഖണ്ഡ‌് സ്വദേശി കൊല്ലപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Monday Aug 27, 2018


പൂക്കോട്ടുംപാടം(മലപ്പുറം)
ടി കെ കോളനിയിൽ ജാർഖണ്ഡ് സ്വദേശി ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. വടക്കേ കോട്ടമലയിലെ കൃഷിനോട്ടക്കാരനായ മഹേഷ് ഒറാവോണാ (40)ണ് കൊല്ലപ്പെട്ടത്.  ഞായറാഴ്ച പുലർച്ചെയാണ് സംഭവം. ടികെ കോളനി പൂന്തോട്ടം കടവിന് സമീപത്തുനിന്ന‌് ഒരു കിലോമീറ്റർ മാറി ചോക്കാട് പഞ്ചായത്ത് പരിധിയിൽപ്പെടുന്ന വടക്കേകോട്ട മലയിൽവച്ചാണ് മാഹേഷിനെ ആന ആക്രമിച്ചത്. കോട്ടമ്മൽ മുഹമ്മദ് ബഷീറിന്റെ സ്ഥലം പാട്ടത്തിനെടുത്ത്  റഷീദ് എന്നയാൾ വാഴകൃഷി ചെയ്യുന്നുണ്ട്. ഈ കൃഷിയിടത്തിലെ കാവൽക്കാരനാണ് മഹേഷ്. പുലർച്ചെ മൂന്നോടെ  കൃഷിയിടത്തിലെത്തിയ ആനയെ കണ്ട‌് നായ‌്ക്കൾ കുരക്കുന്നത് കേട്ടാണ് മഹേഷ് കിടന്നിരുന്ന ഷെഡ്ഡിൽനിന്ന് പുറത്തിറങ്ങിയത്.  ഏകദേശം 25 മീറ്റർ താഴെയെത്തിയ മഹേഷിനെ അവിടെയിട്ട് ആന പിടികൂടുകയായിരുന്നു. മഹേഷിന്റെ കരച്ചിൽ കേട്ട‌് സമീപത്തെ പറമ്പിലെ നോട്ടക്കാരായ മറ്റ് ഇതര സംസ്ഥാന തൊഴിലാളികൾ എത്തി.

അപ്പോഴേക്കും മഹേഷ് മരിച്ചിരുന്നു. തുടർന്ന‌് നിലമ്പൂർ സൗത്ത് ഡിഎഫ്ഒ സജിയുടെ നേതൃത്വത്തിലുള്ള വനപാലകരും  ചോക്കാട്, അമരമ്പലം പഞ്ചായത്തുകളിലെ ജനപ്രതിനിധികളും രാഷ്ട്രീയ പാർടി നേതാക്കളും  സ്ഥലത്തെത്തി. പകൽ പതിനൊന്നോടെ കാളികാവ്  എസ്ഐ കുര്യാക്കോസിന്റെ നേതൃത്വത്തിലുള്ള  പൊലീസ‌്   മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ജാർഖണ്ഡ് ലോഹർദാഖ ജില്ലയിലെ ഹിർഹാം വില്ലേജിൽ താമസിക്കുന്ന ബുദ്രം ഓവറോണിന്റെ മകനാണ് മരിച്ച മഹേഷ്. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി  സ്വീകരിക്കും.
 

പ്രധാന വാർത്തകൾ
Top