21 September Friday

ഒരുമാസത്തിനകം അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം ; ഷുക്കൂർ കേസില്‍ സുപ്രീംകോടതി

വെബ് ഡെസ്‌ക്‌Updated: Friday Jul 27, 2018


സ്വന്തം ലേഖകൻ
ന്യൂഡൽഹി
ഷുക്കൂർ വധക്കേസിൽ ഒരുമാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി സിബിഐ അന്തിമറിപ്പോർട്ട് സമർപ്പിക്കണമെന്ന് സുപ്രീംകോടതി. അന്വേഷണം പൂർത്തിയാക്കാൻ സിബിഐ മൂന്നുമാസത്തെ സമയം ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല. കേസ് സിബിഐക്ക് വിട്ട ഹൈക്കോടതി ഉത്തരവിനെതിരായ അപ്പീലുകളിൽ സെപ്തംബർ 19 മുതൽ അന്തിമവാദം കേൾക്കുമെന്നും ജസ്റ്റിസുമാരായ കുര്യൻജോസഫ്, സഞ്ജയ്കിഷൻ കൗൾ എന്നിവർ അറിയിച്ചു. അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യമുണ്ടെന്ന് വാദിച്ച സിബിഐ അഭിഭാഷകൻ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിച്ചെങ്കിലും കോടതി സ്വീകരിച്ചില്ല. അന്വേഷണത്തിന്റെ പേരിൽ 'കേന്ദ്രപൊലീസ്' വേട്ടയാടുകയാണെന്ന് സിപിഐ എം നേതാവ് പി ജയരാജൻ അടക്കമുള്ളവര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകരായ ആർ ബസന്ത്, പി വി ദിനേശ് എന്നിവർ ചൂണ്ടിക്കാട്ടി. കേസിൽ ഗൂഢാലോചന തെളിയിക്കാനുള്ള ഒരുതെളിവും സിബിഐയുടെ പക്കൽ ഇല്ലെന്നും അന്വേഷണത്തിന്റെ പേരിൽ വർഷങ്ങളായി കേസ് നീട്ടിക്കൊണ്ടുപോകുകയാണെന്നും അഭിഭാഷകർ വാദിച്ചു. കേസുമായി ബന്ധപ്പെട്ട് രണ്ട് പേജുള്ള മറ്റൊരു തൽസ്ഥിതി റിപ്പോർട്ട് സിബിഐ രണ്ടുദിവസം മുമ്പേ സമർപ്പിച്ചിട്ടുണ്ടെങ്കിലും അതിലും അന്വേഷണത്തിന് കൂടുതൽ സമയം അനുവദിക്കണമെന്ന ആവശ്യം ആവർത്തിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്.

സിബിഐ അന്വേഷണത്തിൽ ഇതുവരെ പുരോഗതിയില്ലെന്നും അതിന്റെ പേരിൽ വിചാരണനടപടി നീട്ടിക്കൊണ്ടുപോകേണ്ട കാര്യമില്ലെന്നും സംസ്ഥാനസർക്കാരിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകരായ ഹരേൻ പി റാവലും സ്റ്റാൻഡിങ് കോൺസൽ ജി പ്രകാശും  വ്യക്തമാക്കി. വിചാരണ തുടങ്ങിയ ശേഷവും അധികതെളിവുകൾ എന്തെങ്കിലും ഉണ്ടാകുന്ന സാഹചര്യത്തിൽ സിആർപിസി 319﹣ാം വകുപ്പുപ്രകാരം അതും കോടതി മുമ്പാകെ സമർപ്പിക്കാൻ അവസരമുണ്ടെന്നും സംസ്ഥാനം പറഞ്ഞു. ഷുക്കൂർ വധക്കേസ് സിബിഐയ്ക്ക് വിട്ട നടപടി നേരത്തെ ഹൈക്കോടതി സിംഗിൾബെഞ്ചും ഡിവിഷൻ ബെഞ്ചും ശരിവച്ചിരുന്നു. സംസ്ഥാനപൊലീസ് കുറ്റപത്രം സമർപ്പിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ചൂണ്ടിക്കാണിച്ച് പി ജയരാജൻ ഉൾപ്പെടെയുള്ളവർ സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിക്കുകയായിരുന്നു.

കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചല്ല ഹൈക്കോടതി അന്വേഷണം സിബിഐക്ക് വിട്ടതെന്ന വാദവും അപ്പീലിൽ ഉന്നയിച്ചിരുന്നു. അന്നത്തെ സർക്കാരിന്റെ രാഷ്ട്രീയതാൽപ്പര്യങ്ങളുടെയും ഭരണസ്വാധീനത്തിന്റെയും ഫലമായി പ്രതിപക്ഷത്തെ പ്രമുഖനേതാക്കളെ കേസിൽ അകപ്പെടുത്താനുള്ള നീക്കമാണ് നടന്നതെന്ന വസ്തുത ഹൈക്കോടതി പരിഗണിച്ചില്ല. കേസിൽ സംസ്ഥാനപൊലീസ് നടത്തിയ വിശദഅന്വേഷണം പരിഗണിച്ചില്ലെന്നും അപ്പീലിൽ പറയുന്നു. കേസിൽ നേരത്തെ ഹൈക്കോടതി നടത്തിയ ചില പരാമർശമങ്ങൾ അനുചിതവും അസ്ഥാനത്തുള്ളതുമെന്ന് സുപ്രീംകോടതി വിമർശിച്ചിരുന്നു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top