23 September Sunday

കേന്ദ്ര അവഗണനയ‌്ക്കെതിരെ ബഹുജന പ്രക്ഷോഭം ; സെപ‌്തംബർ 17ന‌് പഞ്ചായത്ത‌് കേന്ദ്രങ്ങളിൽ എൽഡിഎഫ‌് ധർണ

വെബ് ഡെസ്‌ക്‌Updated: Friday Jul 27, 2018


കേരളത്തോടുള്ള കേന്ദ്ര സർക്കാരിന്റെ നിരന്തര അവഗണനയ‌്ക്കെതിരെ  ബഹുജനങ്ങളെ അണിനിരത്തി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന‌് എൽഡിഎഫ‌് കൺവീനർ എ വിജയരാഘവൻ പറഞ്ഞു. ഇതിന്റെ ഭാഗമായി എല്ലാ പഞ്ചായത്ത‌് കേന്ദ്രങ്ങളിലും സെപ‌്തംബർ 17ന‌് സായാഹ്ന ധർണ സംഘടിപ്പിക്കുമെന്ന‌് എൽഡിഎഫ‌് സംസ്ഥാന കമ്മിറ്റിക്കുശേഷം വാർത്താസമ്മേളനത്തിൽ വിജയരാഘവൻ അറിയിച്ചു.

മുമ്പെങ്ങുമില്ലാത്ത അവഗണനയാണ‌് കേരളത്തോട‌്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കണ്ട സർവകക്ഷിസംഘത്തെ അപമാനിച്ചു വിട്ടു. കേരളത്തിന്റെ പ്രത്യേക സാഹചര്യവും പരിഗണിച്ചില്ല. ഭൂരിപക്ഷം ജനങ്ങളുടെയും ആവശ്യമായ റേഷനോട‌് നിഷേധാത്മക സമീപനം സ്വീകരിച്ചു. പാലക്കാട‌്  കോച്ച‌് ഫാക്ടറി പൂർണമായി ഉപേക്ഷിച്ചു. കേരളത്തിന‌് അനുവദിച്ച കോസ്റ്റൽ അക്കാദമി തമിഴ‌്നാട്ടിലേക്കു കൊണ്ടുപോകുന്നു. പതിനഞ്ചാം ധനകാര്യ കമീഷൻ സംസ്ഥാനത്തെ പാടേ അവഗണിച്ചു. ഈ സാഹചര്യത്തിലാണ‌് പ്രക്ഷോഭത്തിന‌് തീരുമാനിച്ചത‌്. സായാഹ്ന ധർണയ‌്ക്കുശേഷം പഞ്ചായത്ത‌ുതലംവരെയുള്ള എൽഡിഎഫ‌് കമ്മിറ്റികൾ വിളിച്ചുചേർക്കും. തുടർപ്രക്ഷോഭങ്ങൾ ഇതിൽ ചർച്ചചെയ്യും.

എൽഡിഎഫുമായി സഹകരിക്കുന്ന പാർടികളെ മുന്നണിയിലെടുക്കുന്നത‌് ഘടക കക്ഷികൾ ചർച്ചചെയ്യും. തീരുമാനങ്ങൾ അടുത്ത എൽഡിഎഫ‌് യോഗത്തെ അറിയിക്കും. ഘടകകക്ഷിയിൽ സമവായം ഉണ്ടായശേഷം പാർടികളെ മുന്നണിയിലെടുക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കും.

എൽഡിഎഫിന്റെ ബഹുജന അടിത്തറ വർധിപ്പിക്കുകയാണ‌് ലക്ഷ്യം. വർഗീയതയ‌്ക്കെതിരെ നിലപാടെടുക്കുന്ന, നവ ഉദാരവൽക്കരണ നയങ്ങളെ എതിർക്കുന്ന എതു പാർടിയുമായും സഹകരിക്കും. പുരോഗമന കാഴ‌്ചപ്പാടുള്ള ഏതു സംഘടനയ‌്ക്കും എൽഡിഎഫുമായി സഹകരിക്കാം. യുഡിഎഫിലുള്ള ആർഎസ‌്പി ഇടതുപക്ഷ പാർടിയാണ‌്. അവർ എൽഡിഎഫിലേക്ക‌് വരണമെന്നാണ‌് ആഗ്രഹം. പക്ഷെ, ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത‌് ആർഎസ‌്പിയാണ‌്. പാർടികൾ തമ്മിലുള്ള ലയനം അവരുടെ ആഭ്യന്തരകാര്യമാണ‌്. എൽഡിഎഫിന‌് ഇടപെടാനാകില്ല.

കേരളത്തിൽ വർഗീയധ്രുവീകരണം  സൃഷ്ടിക്കാൻ തീവ്രസ്വഭാവമുള്ള ചില പാർടികൾ ശ്രമിക്കുന്നുണ്ട‌്. മഹാരാജാസ‌് കോളേജിലെ അഭിമന്യുവിന്റെ വധം ഇതിന്റെ ഭാഗമാണ‌്. ഇതിനെതിരെ ബഹുജനാഭിപ്രായം ഉയർന്നുവരാൻ സാംസ‌്കാരിക നായകരും എഴുത്തുകാരും മുന്നിട്ടിറങ്ങണം.മഴക്കെടുതി ദുരിതാശ്വാസ പ്രവർത്തനങ്ങൾ സർക്കാർ നേതൃത്വത്തിൽ ഭംഗിയായി നിർവഹിക്കുന്നുണ്ട‌്. ദുരിതബാധിതർക്ക‌് സഹായമെത്തിക്കാൻ എല്ലാ എൽഡിഎഫ‌് പ്രവർത്തകരും മുന്നിട്ടിറങ്ങണമെന്ന‌് വിജയരാഘവൻ അഭ്യർഥിച്ചു.

പ്രധാന വാർത്തകൾ
Top