22 September Saturday

അങ്കമാലി ബ്ലോക്കിൽ വ്യാപക കൃഷിനാശം

വെബ് ഡെസ്‌ക്‌Updated: Friday Jul 27, 2018


അങ്കമാലി
തുടർച്ചയായ മഴമൂലം അങ്കമാലി ബ്ലോക്ക‌് പഞ്ചായത്ത‌് പ്രദേശത്ത‌് ഏത്തവാഴ, പച്ചക്കറിക്കൃഷി പൂർണമായും നശിച്ചു. ഓണവിപണി ലക്ഷ്യമിട്ട‌് ഒരുക്കിയിരുന്ന 30 ഹെക്ടർ സ്ഥലത്തെ പച്ചക്കറിക്കൃഷിയും 80 ഹെക്ടർ  സ്ഥലത്തെ ഏത്തവാഴക്കൃഷിയും പൂർണമായും നശിച്ചു.

മഴക്കെടുതിയിലുണ്ടായ നാശ‌നഷ്ടങ്ങൾ വിലയിരുത്തുന്നതിന‌് അങ്കമാലി ബ്ലോക്ക‌് പഞ്ചായത്തിൽ വിളിച്ചുചേർയ്യ കറുകുറ്റി, മൂക്കന്നൂർ, തുറവൂർ, മഞ്ഞപ്ര, അയ്യമ്പു, കാലടി, മലയാറ്റൂർ, കാഞ്ഞൂർ പഞ്ചായത്തുകളിലെ ജനപ്രതിനിധികളുടെയും കൃഷി, റവന്യൂ, പഞ്ചായത്ത‌് വകുപ്പ‌് ഉദ്യോഗസ്ഥരുടെയും യോഗത്തിൽ അവതരിപ്പിച്ച കണക്കുകൾ പ്രകാരമാണിത‌്. ഉദ്ദേശം 100 ഹെക്ടർ സ്ഥലത്തെ നെൽക്കൃഷി ആഴ‌്ചകളായി മഴവെള്ളത്തിനടിയിലാണ‌്. മുപ്പതോളം  ഹെക്ടർ സ്ഥലത്തെ കപ്പക്കൃഷിയും നശിച്ചുപോയി. 60 ഹെക്ടർ സ്ഥലത്തെ ജാതിവൃക്ഷങ്ങൾ ഒടിഞ്ഞും കടപുഴകിയും നശിച്ചു. പത്തോളം ഹെക്ടർ സ്ഥലത്തെ റബർ കൃഷിക്കും നാശമുണ്ടായതായി റിപ്പോർട്ട‌് ചെയ്യപ്പെട്ടു. ഏഴു വീടുകൾ പൂർണമായും 34 വീടുകൾ ഭാഗികമായുംതകർന്നതായും റിപ്പോർട്ട‌് ചെയ്യപ്പെട്ടിട്ടുണ്ട‌്.

പാടശേഖരങ്ങളിലെ ജലബഹിർഗമന തോടുകൾ കൈയേറ്റം മൂലവും മണ്ണ‌് അടിഞ്ഞും കാട‌് കയറിയും ജലത്തിന്റെ ഒഴുക്ക‌് തടസ്സപ്പെടുന്നത‌് മഴക്കെടുതികൾ വർധിക്കാനിടയായതായി യോഗം വിലയിരുത്തി.

മഴക്കെടുതിമൂലമുണ്ടായ നാശനഷ്ടങ്ങൾ സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിന‌് ബ്ലോക്ക‌് പഞ്ചായത്ത‌് പ്രസിഡന്റിന്റെ നേതൃത്വത്തിൽ പഞ്ചഞായത്ത‌് പ്രസിഡന്റുമാരുൾപ്പെടുന്ന നിവേദക സംഘത്തെ ചുമതലപ്പെടുത്തി. പ്രസിഡന്റ‌് പി ടി പോൾ ഉദ‌്ഘാടനംചെയ‌്തു. വൈസ‌് പ്രസിഡന്റ‌് വത്സ സേവ്യർ അധ്യക്ഷനായി. മൂക്കന്നൂർ പഞ്ചായത്ത‌് പ്രസിഡന്റ‌് ജയ രാധാകൃഷ‌്ണൻ, ബിജു പാലാട്ടി, സരിത സുനിൽ, സിൽവി ബൈജു, ടി പി ജോർജ‌്, കെ പി അയ്യപ്പൻ, ഗ്രേസി റാഫേൽ, അംഗങ്ങളായ ടി എം വർഗീസ‌്, സിജു ഈരാളി, റെന്നി ജോസ‌്, എൽസി വർഗീസ‌്, കെ വി ബിബീഷ‌്, രാജി ബിനീഷ‌്, ജിഷ ജോജി, സരിത, ബിഡിഒ ടി എസ‌് രാധാമണി എന്നിവർ സംസാരിച്ചു.

പ്രധാന വാർത്തകൾ
Top