13 November Tuesday

കേരളത്തിലെ വാട്ട്സ്ആപ്‌ ഹർത്താൽ അന്വേഷിക്കുമെന്ന് മന്ത്രി രവിശങ്കർ പ്രസാദ്

വെബ് ഡെസ്‌ക്‌Updated: Friday Jul 27, 2018


ന്യൂഡൽഹി
കഠ്വ സംഭവത്തിൽ പ്രതിഷേധിച്ച് കേരളത്തിൽ വാട‌്സാപ‌് ആഹ്വാനത്തിലൂടെ അരങ്ങേറിയ ഹർത്താലിനെക്കുറിച്ച് അന്വേഷിക്കുമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ്‐ ഐടി മന്ത്രി രവിശങ്കർ പ്രസാദ്. രാജ്യസഭയിൽ സാമൂഹ്യമാധ്യമങ്ങളുടെ ദുരുപയോഗം സംബന്ധിച്ച ഹ്രസ്വചർച്ചയ്ക്കുള്ള മറുപടിയിലാണ് കേരളത്തിലെ ഹർത്താലിനെക്കുറിച്ച് അന്വേഷിക്കുമെന്ന് മന്ത്രി അറിയിച്ചത്. ചർച്ചയ്ക്ക് തുടക്കമിട്ട് സംസാരിച്ച വി മുരളീധരനാണ് കേരളത്തിലെ ഹർത്താൽ സംഭവം ഉന്നയിച്ചത്.

കേരളത്തിൽ ഹർത്താലിന‌് ഇടയാക്കിയ വാട‌്സാപ‌് സന്ദേശം പ്രചരിപ്പിച്ചത് വലതുതീവ്ര ശക്തികളാണെന്ന് കെ കെ രാഗേഷ് ചർച്ചയിൽ വ്യക്തമാക്കി. വാട‌്സാപ്പിലൂടെ വ്യാജപ്രചാരണത്തിന് തുടക്കമിട്ടവരെ പൊലീസ് പിടികൂടിയിരുന്നു. ഇവർ വലതുതീവ്ര സംഘടനകളിൽ പ്രവർത്തിക്കുന്നവരാണ്. കേരളത്തിൽ സംഘർഷം സൃഷ്ടിക്കാനായിരുന്നു ശ്രമം. വ്യാജ സന്ദേശങ്ങളെയും വാർത്തകളെയും തുടർന്നുള്ള അക്രമസംഭവങ്ങൾക്ക് സാമൂഹ്യമാധ്യമങ്ങളെ മാത്രമായി കുറ്റപ്പെടുത്തുന്നതിൽ അർഥമില്ല. യഥാർഥത്തിൽ വിദ്വേഷത്തിന്റെ രാഷ്ട്രീയമാണ് വലിയതോതിലുള്ള ആൾക്കൂട്ടഹത്യകളിലേക്ക് നയിക്കുന്നത്. സാമൂഹ്യമാധ്യമങ്ങളുടെ ദുരുപയോഗമാണ് നടക്കുന്നത്.

വർഗീയസംഘടനകൾ വ്യാജ ഐഡികൾ സൃഷ്ടിച്ച് വർഗീയത പ്രചരിപ്പിക്കുകയാണ്. കാവിസംഘങ്ങൾ ഉൾപ്പെട്ട ഭൂരിപക്ഷ വർഗീയതയ്ക്കൊപ്പംതന്നെ ന്യൂനപക്ഷ യാഥാസ്ഥിതിക സംഘടനകളും ഇതിലുൾപ്പെടുന്നു. പോസ്റ്റ‌്കാർഡ് ന്യൂസ് എന്ന വ്യാജ ഫെയ‌്സ്ബുക്ക് ഐഡിയിലൂടെ കേരളത്തിലെ മതേതര ഘടന തകർക്കുന്നതിനായി തുടർച്ചയായി വ്യാജപ്രചാരണം നടത്തി. ഫെയ‌്സ്ബുക്ക് പിന്നീട് ഈ ഐഡി പിൻവലിച്ചു. ആരാണ് ഈ ഐഡിക്കു പിന്നിലെന്ന് അന്വേഷിക്കണം. വർധിച്ചുവരുന്ന സൈബർ കുറ്റങ്ങളും പരിശോധിക്കപ്പെടണം. ഇത് തടയുന്നതിന് പ്രത്യേക ചട്ടങ്ങൾക്ക് രൂപം നൽകണം. സാങ്കേതിക പരിജ്ഞനമുള്ള ജഡ്ജിമാർ വളരെ അനിവാര്യമാണ്. സാമൂഹ്യമാധ്യമങ്ങളുടെ ദുരുപയോഗം തടയുന്നതിന് കർക്കശമായ ചട്ടങ്ങൾക്ക് രൂപം നൽകേണ്ടതുണ്ടെന്നും രാഗേഷ് പറഞ്ഞു.

പ്രധാന വാർത്തകൾ
Top