19 September Wednesday

കൊട്ടിയൂർ പീഡനം വിചാരണ സ്റ്റേ ചെയ്യണമെന്ന ആവശ്യം നിരസിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jul 27, 2018



ന്യൂഡൽഹി
കൊട്ടിയൂരിൽ പ്ലസ്ടു വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ വിചാരണ നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി നിരസിച്ചു. ആഗസ്തിൽ കേസിന്റെ വിചാരണ തുടങ്ങാനിരിക്കെയാണ‌് വൈദികൻ ഉൾപ്പെടെയുള്ള പ്രതികൾ വിചാരണനടപടി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. കേസിലെ കുറ്റപത്രം റദ്ദാക്കണമെന്നുള്ള ഹർജിയും വിടുതൽ ഹർജിയും കോടതിയുടെ പരിഗണനയിലാണ്. ഈ ഹർജികളിൽ കോടതി തീരുമാനമുണ്ടാകുന്നതുവരെ വിചാരണനടപടി സ്റ്റേ ചെയ്യണമെന്നും പ്രതികൾ ആവശ്യപ്പെട്ടു. എന്നാൽ, ഈ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് ജസ്റ്റിസുമാരായ എ കെ സിക്രി, അശോക്ഭൂഷൺ എന്നിവർ അംഗങ്ങളായ ബെഞ്ച് അഭിപ്രായപ്പെട്ടു.  പൊലീസും മാധ്യമങ്ങളും അവഹേളിക്കുകയാണെന്നും അടിയന്തരമായി ഹർജി തീർപ്പാക്കണമെന്നും പ്രതികൾക്കുവേണ്ടി ഹാജരായ അഭിഭാഷകർ ആവശ്യപ്പെട്ടു. ഒരോരുത്തർക്കും ഒാരോ ആവശ്യമുണ്ടെന്നും അതിനനുസരിച്ച് കാര്യങ്ങൾ തീർപ്പാക്കാൻ സാധിക്കില്ലെന്നും കോടതി നിരീക്ഷിച്ചു. കൊട്ടിയൂർ പീഡനക്കേസിലെ മൂന്നും നാലും ഒമ്പതും അഞ്ചും പ്രതികളായ സിസ്റ്റർ ഡോക്ടർ ടെസി തോമസ്, ഡോ. ഹൈദരാലി, സിസ്റ്റർ ആൻസി മാത്യു, ഫാ. തോമസ് തേരകം തുടങ്ങിയവരാണ് വിചാരണനടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചത്.

പ്രധാന വാർത്തകൾ
Top