18 November Sunday

ഹനാനെതിരെ വ്യാജപ്രചരണത്തിന്‌ തുടക്കമിട്ടയാൾ ക്ഷമാപണവുമായി രംഗത്ത്‌

വെബ് ഡെസ്‌ക്‌Updated: Thursday Jul 26, 2018

എറണാകുളം > കൊച്ചിയില്‍ പഠനച്ചെലവിനായി മീന്‍ വില്‍പ്പന നടത്തുന്ന ഹനാൻ എന്ന പെണ്‍കുട്ടിയെക്കുറിച്ചുള്ള വാർത്തകൾ സിനിമാ പ്രമോഷനായി കൃത്രിമമായി സൃഷ്‌ടിച്ചതാണെന്ന പ്രചരണത്തിന്‌ ഫേസ്‌ബുക്കിൽ തുടക്കമിട്ട നൂറുദ്ദീൻ ഷേക്ക്‌ എന്നയാൾ ക്ഷമാപണവുമായി രംഗത്ത്‌. ഫേസ്‌ബുക്ക്‌ ലൈവിലൂടെ ഇയാളുയർത്തിയ ആക്ഷേപമേറ്റെടുത്താണ്‌ പിന്നീട്‌ നിരവധിപേർ സാമൂഹ്യമാധ്യമങ്ങളിൽ പെൺകുട്ടിയെ അധിക്ഷേപിച്ച്‌ രംഗത്തെത്തിയത്‌.

താനൊരു ലീഗ്‌ പ്രവർത്തകനാണെന്നും ഹനാന്റെ വീട്ടിന് അടുത്തുള്ള പച്ചക്കറി കടക്കാരന്‍ പറഞ്ഞത് കേട്ടാണ് താന്‍ ഇങ്ങനെ പറഞ്ഞതെന്നും വിശദീകരിച്ചുകൊണ്ട്‌ വ്യാഴാഴ്‌ച വൈകുന്നേരം ഇയാൾ ഫേസ്‌ബുക്ക്‌ ലൈവ്‌ വീഡിയോലൂടെ രംഗത്തെത്തിയിരുന്നെങ്കിലും അൽപസമയത്തിനകം തന്നെ വീഡിയോ നീക്കം ചെയ്‌തു.

പുതിയ ഫേസ്ബുക്ക് ലൈവില്‍ ഇയാള്‍ പറയുന്നത് ഇങ്ങനെ: ഞാന്‍ ലീഗ് പ്രവര്‍ത്തകനാണ് ഹനാന്റെ വീടിന്‌ അടുത്തുള്ള പച്ചക്കറി കടക്കാരന്‍ പറഞ്ഞത് കേട്ടാണ് താന്‍ ഇങ്ങനെ പറഞ്ഞത്. ഇതില്‍ ഞാന്‍ അവളോട് മാപ്പ് പറയുന്നു. മാധ്യമങ്ങളാണ് ഹനാന്റെ ജീവിതം ഇത്തരത്തിലാക്കിയത് എന്നും ഇയാള്‍ പറയുന്നു.

ഹനാൻ  നടത്തിയത് നാടകമാണ് എന്ന തരത്തിലുള്ള നൂറുദ്ദീൻ ഷേക്കിന്റെ ഫേസ്ബുക്ക് ലൈവാണ് ഹനാന് നേരെയുണ്ടായ സോഷ്യല്‍ മീഡിയ അധിക്ഷേപങ്ങൾക്ക് കാരണമായത്‌. എന്നാല്‍, തനിക്കെതിരെ ഉയരുന്ന  വ്യാജ പ്രചരണങ്ങള്‍ക്ക് മറുപടിയുമായി ഹനാന്‍ തന്നെ രംഗത്തെത്തി. വ്യാജ പ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്നും സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കണമെന്നും ഹനാന്‍ അഭ്യര്‍ത്ഥിച്ചു.

ഇതിന്‌ പിന്നാലെയാണ്‌ അധിക്ഷേപങ്ങൾക്ക്‌ കാരണക്കാരനായ വ്യക്തി വിശദീകരണവുമായി രംഗത്തെത്തിയത്‌.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top