19 September Wednesday

വികസനക്കുതിപ്പിന‌് വേഗംപകർന്ന‌് മെട്രോ ഇൻഫോപാർക്കിലേക്ക‌്

വെബ് ഡെസ്‌ക്‌Updated: Thursday Jul 26, 2018



കൊച്ചി
മെട്രോ ഇൻഫോ പാർക്കിലേക്ക‌് എത്തുന്നത‌് നാളെയുടെ നഗരത്തിന്റെ വികസനക്കുതിപ്പിന‌് വേഗം പകരും. മെട്രോ യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടാകുന്നതാണ‌് രണ്ടാംഘട്ടത്തിന്റെ പ്രത്യേകത.

കാക്കനാട‌് സ‌്മാർട‌്സിറ്റിയിൽ 2020ൽ ഒന്നര ലക്ഷത്തോളം തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നാണ‌് കണക്ക‌്. ഈ സമയത്തുള്ള വൻതിരക്ക‌് പരിഹരിക്കുന്നതിന‌് ഇവിടേക്ക‌് മെട്രോ എത്തേണ്ടത‌് അത്യാവശ്യമാണ‌്.

പ്രതിദിനം 1.26 ലക്ഷം യാത്രക്കാർ ഇൻഫോപാർക്ക‌് ഭാഗത്തേക്കുള്ള മെട്രോയിൽ ഉണ്ടാകുമെന്നാണ‌്  പഠനങ്ങളിൽ വ്യക‌്തമാകുന്നത‌്. 2030ൽ  ഒരു ഭാഗത്തേക്കു മാത്രം മണിക്കൂറിൽ 10,890 യാത്രക്കാർ ഉണ്ടാകും. ഇതാണ‌് ഇൻഫോപാർക്ക‌് വരെയുള്ള രണ്ടാംഘട്ടത്തെ വ്യത്യസ‌്തമാക്കുന്നത‌്. പദ്ധതിക്കു വേണ്ടി കാക്കനാട‌് സിവിൽ ലൈൻ റോഡ‌് 22 മീറ്റർ വീതിയിൽ വികസിപ്പിക്കേണ്ടതുണ്ട‌്. ഏറ്റവും പ്രധാനപ്പെട്ട മുന്നൊരുക്ക പ്രവർത്തനങ്ങളിൽ ഒന്നാണിത‌്.

നഗരത്തിൽനിന്ന‌് കാക്കനാട‌് ഭാഗത്തേക്കുള്ള യാത്ര ഇപ്പോൾ ദുഷ‌്കരമാണ‌്. കനത്ത ഗതാഗതക്കുരുക്കു മൂലം വാഹനങ്ങൾ പലപ്പോഴും ഒച്ചിഴയുന്ന വേഗത്തിലാണ‌്. സീപോർട്ട‌് ﹣ എയർപോർട്ട‌് റോഡിലും സ്ഥിതിവ്യത്യസ‌്തമല്ല. രാത്രി എട്ടര കഴിഞ്ഞാൽ കാക്കനാട‌് ഭാഗത്തുനിന്ന‌് നഗരത്തിലേക്ക‌് ബസും ലഭ്യമല്ല. ഇത്തരം ഗതാഗത പ്രശ‌്നങ്ങൾക്കാണ‌് മെട്രോ പരിഹാരമാകുന്നത‌്. രണ്ടാംഘട്ടത്തിന‌് സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ട സാമൂഹ്യ പ്രത്യാഘാത പഠനം ജൂണിൽ ആരംഭിച്ചു. ഇടപ്പള്ളി, വാഴക്കാല, കാക്കനാട് വില്ലേജ് ഓഫീസ് പരിധികളിലാണ‌് സ്ഥലമേറ്റെടുക്കേണ്ടത്. ഇതിനൊപ്പം തൃപ്പൂണിത്തുറവരെയുള്ള ഒന്നാംഘട്ടത്തിന്റെ നിർമാണപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. തൈക്കൂടം വരെയുള്ള  നിർമാണം 2019 ജൂണിലും പേട്ട വരെയുള്ളത‌് ഡിസംബറിനുള്ളിലും പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത‌്.

പ്രധാന വാർത്തകൾ
Top