23 September Sunday

ചരിത്രം വീണ്ടെടുത്ത‌് കാക്കൂർ; അത്താണി പുനഃസ്ഥാപിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jun 26, 2018


കൂത്താട്ടുകുളം
പതിറ്റാണ്ടുകൾക്കുമുമ്പ്  നാട്ടിലെ കർഷകർക്കും വഴിയാത്രക്കാർക്കും അത്താണിയായിരുന്ന ചുമടുതാങ്ങി കാക്കൂർ ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ പുനഃസ്ഥാപിച്ചു. അത്താണികളെക്കുറിച്ച് ചരിത്രപഠനത്തിന്റെ ഭാഗമായി സ്കൂൾകുട്ടികൾ വായനശാലയിൽ നടത്തിയ അന്വേഷണമാണ് ചരിത്രശേഷിപ്പിന്റെ കണ്ടെത്തലിനും പുനഃസ്ഥാപനത്തിനും പ്രേരണയായത്. സാധനങ്ങൾ ചുമന്നുകൊണ്ടുപോയിരുന്ന ആളുകൾക്ക് വിശ്രമിക്കാനും പരസഹായം കൂടാതെ ചുമട് ഇറക്കിവയ്ക്കാനും തിരികെ തലയിലേറ്റാനുമാണ് അത്താണിയെന്നും ചുമടുതാങ്ങികളെന്നും അറിയപ്പെടുന്ന ഇത്തരം നിർമാണങ്ങൾ  നടത്തിയിരുന്നത്.  കുത്തിനിർത്തുന്ന വീതിയുള്ള രണ്ടു കരിങ്കൽത്തൂണുകൾക്കു മുകളിൽ മറ്റൊരു കരിങ്കൽത്തൂൺ എടുത്തുവച്ചാണ് അത്താണികൾ നിർമിക്കുന്നത്. ചുവട്ടിൽ ഇരിക്കാനായി ബെഞ്ച‌്പോലെ ഒരു കരിങ്കൽപ്പാളിയും ഉണ്ടാകും. എപ്പോഴും വെള്ളം കിട്ടുന്ന പ്രദേശവും വ്യാപാര സ്ഥാപനങ്ങളുള്ള സ്ഥലവുമാണ് ഇതിനായി തെരഞ്ഞെടുത്തിരുന്നത‌്.

പണ്ട് എറണാകുളത്തുനിന്നും തൊടുപുഴ, പാല തുടങ്ങിയ ഭാഗങ്ങളിലേക്ക് പോകുന്നവർക്കുള്ള പ്രധാനപാതയായിരുന്നു ഇത്. എല്ലാ കവലകളിലും ഇത്തരം അത്താണിക്കല്ല‌് ഉണ്ടായിരുന്നു. കാക്കൂരിൽ കൂരാപ്പിള്ളി കുരിശ്, അമ്പലപ്പടി, ടെക്നോ ലോഡ്ജിന‌് എതിർവശം എന്നിവിടങ്ങളിൽ ഇത്തരം അത്താണികൾ ഉണ്ടായിരുന്നതായി പഴമക്കാർ പറഞ്ഞു. ഒന്നരമാസം നടത്തിയ അന്വേഷണത്തിനൊടുവിൽ ഭൂമിക്കടിയിൽനിന്നാണ് ഒരു അത്താണി വീണ്ടെടുത്തത്.
പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ കെ ആർ പ്രകാശ്, വായനശാല പ്രസിഡന്റ് കെ പി അനീഷ് കുമാർ, സെക്രട്ടറി വർഗീസ് മാണി, വി കെ ശശിധരൻ, എസ് സതീഷ്, പി കെ പ്രസാദ്, ബീന ജോസ് എന്നിവരുടെ നേതൃത്വത്തിൽ ഇത് ഗ്രാമീണ വായനശാലയ‌്ക്കു സമീപം സ്ഥാപിച്ചു. സ്ഥാപിച്ച കുടുംബത്തിന്റെ പേരുൾപ്പെടെ പഴയ ലിപിയിൽ ഏതാനും എഴുത്തുകൾ, വീണ്ടെടുത്ത കല്ലുകളിൽ കൊത്തിയിട്ടുണ്ട്.
 

പ്രധാന വാർത്തകൾ
Top