19 November Monday

നിയമസഭാസമ്മേളനം പിരിഞ്ഞു ; മറുപടി നൽകുന്നതിൽ മാതൃകയായി മന്ത്രിമാർ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 26, 2018


തിരുവനന്തപുരം
നിയമസഭാ ചോദ്യങ്ങൾക്ക‌് മറുപടി നൽകുന്നതിൽ മന്ത്രിമാർ മാതൃക കാണിച്ചെന്ന‌് സ‌്പീക്കർ പി ശ്രീരാമകൃഷ‌്ണൻ. പതിനാലാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനം അവസാനിപ്പിച്ച‌് നടത്തിയ പ്രസ‌്താവനയിലാണ‌് സ‌്പീക്കർ ഇക്കാര്യം വ്യക്തമാക്കിയത‌്‌. 12 ദിവസം നീണ്ടുനിന്ന സമ്മേളനം തിങ്കളാഴ‌്ച സമാപിച്ചു. 

മന്ത്രിമാരായ ടി പി രാമകൃഷ‌്ണൻ,  മാത്യു ടി തോമസ‌് എന്നിവർ അതതുദിവസംതന്നെ എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകിയെന്ന‌് സ‌്പീക്കർ പറഞ്ഞു. എം എം മണി,   ജി സുധാകരൻ,  ജെ മേഴ‌്സിക്കുട്ടിഅമ്മ,  വി എസ‌് സുനിൽകുമാർ,  രാമചന്ദ്രൻ കടന്നപ്പള്ളി, പി തിലോത്തമൻ, എ സി മൊയ‌്തീൻ,  ഇ ചന്ദ്രശേഖരൻ,  കടകംപള്ളി സുരേന്ദ്രൻ എന്നിവർ  എല്ലാചോദ്യങ്ങൾക്കും  മറുപടി നൽകി. തോമസ‌് ഐസക‌്,  സി രവീന്ദ്രനാഥ‌് എന്നിവർ നാമമാത്രമായ ചോദ്യങ്ങൾക്കുമാത്രമേ ഇനി മറുപടി പറയാനുള്ളൂവെന്നും സ‌്പീക്കർ വ്യക്തമാക്കി.

ജൂൺ നാലിന‌് ആരംഭിച്ച പതിനൊന്നാം സമ്മേളന കാലയളവിൽ സഭ സമ്മേളിച്ച 12 ദിവസത്തിൽ 10 ദിവസവും നിയമനിർമാണത്തിനായി നീക്കിവച്ചു. ഒരു ദിവസം ഉപധനാഭ്യർഥനയ്ക്കും ഒരു ദിവസം അംഗങ്ങളുടെ അനൗദ്യോഗിക കാര്യങ്ങൾക്കും നീക്കിവച്ചു. പതിനാലാം കേരള നിയമസഭ നിലവിൽ വന്നശേഷം പുറപ്പെടുവിച്ച 35 ഓർഡിനൻസിൽ 32 എ‌ണ്ണവും ഈ സമ്മേളനത്തോടെ നിയമമായി. 14 ഓർഡിനൻസിനു പകരമുള്ള ബില്ലുകൾ ഈ സമ്മേളനത്തിൽ പാസായി. നെൽവയൽ തണ്ണീർത്തട സംരക്ഷണ ഭേദഗതി ഉൾപ്പെടെയുള്ള ഓർഡിനൻസുകളാണ‌് നിയമമായത‌്. 10 അടിയന്തര പ്രമേയ നോട്ടീസുകൾ അവതരണാനുമതി തേടി.
അതിൽ എം കെ മുനീർ അവതരിപ്പിച്ച നിപാ വൈറസ‌് ബാധ സംബന്ധിച്ച അടിയന്തര പ്രമേയം സഭ പരിഗണിച്ചു. 360 നക്ഷത്ര ചിഹ്നമിട്ട ചോദ്യവും 4293 നക്ഷത്ര ചിഹ്നമിടാത്ത ചോദ്യവും അനുവദിച്ചു. 43 ചോദ്യത്തിന‌് മന്ത്രിമാർ വാക്കാൽ മറുപടി നൽകി. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച സിപിഐ എമ്മിലെ സജി ചെറിയാൻ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ‌്തു.

പ്രധാന വാർത്തകൾ
Top