18 November Sunday

മണൽ കടത്ത് അഴിമതിക്ക‌് കൂടുതൽ തെളിവുകൾ: പഞ്ചായത്ത‌് കണക്കുകൾ പരസ‌്പര വിരുദ്ധം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 26, 2018



ഹരിപ്പാട‌്
സംഭരിച്ച മണൽ സംബന്ധിച്ച‌് ചെറുതന പഞ്ചായത്ത‌് വെളിപ്പെടുത്തിയ കണക്കുകളിലെ പൊരുത്തക്കേട‌് അഴിമതിക്കുള്ള തെളിവ‌്. പഞ്ചായത്ത‌് രേഖകകളിൽ ചെറുതന പഞ്ചായത്തിൽ സംഭരിച്ചിരുന്ന മണലിന്റെ അളവുസംബന്ധിച്ച‌് പരസ‌്പരവിരുദ്ധമായ കണക്കുകളാണുള്ളത‌്. ഹരിപ്പാട‌് എൽഎസ‌്ജിഡി അസിസ‌്റ്റൻഡ‌് എൻജിനിയർ 2014 ആഗസ്‌ത‌് 29ന‌് റിപ്പോർട്ട‌് നൽകിയിരുന്നു. 2016 ഏപ്രിൽ 25ന‌് ഹരിപ്പാട‌് എൽഎസ‌്ജിഡി അസിസ‌്റ്റൻഡ‌് എക‌്സിക്യൂട്ടീവ‌് എൻജിനിയർ നൽകിയ റിപ്പോർട്ടിൽ 65473 മെട്രിക് (40921ക്യുബിക‌്) മണലുണ്ടെന്നാണ‌് രേഖകൾ. ആദ്യ അളവെടുപ്പിൽ ഗുരുതരമായ ക്രമക്കേടു നടന്നെന്ന‌് രണ്ടാമത്തെ റിപ്പോർട്ടിൽ പറയുന്നു. വിൽപ്പനക്കായി സംഭരിച്ചിരിക്കുന്ന മണലിന്റെ കൃത്യത ഉറപ്പാക്കാൻ ശാസ‌്ത്രീയ മാർഗങ്ങൾ പഞ്ചായത്ത‌് സ്വീകരിക്കാതിരുന്നതും ദുരൂഹമാണ‌്. ലോക്കൽ ഫണ്ട‌് ഓഡിറ്റിലും ഇക്കാര്യം ഗുരുതരമാണെന്ന‌് വിലയിരുത്തുന്നു. ചെറുതനയിലെ മണൽവിൽപ്പനയിലെ ക്രമക്കേട‌് സംബന്ധിച്ച‌് ധനകാര്യ പരിശോധനാ വിഭാഗം ആവശ്യപ്പെട്ട രേഖകൾ മൂന്നുമാസം കഴിഞ്ഞിട്ടും ചെറുതന ഗ്രാമപഞ്ചായത്ത‌് നൽകിയിട്ടില്ലെന്നാണ‌് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത‌്. എന്നാൽ, പഞ്ചായത്ത‌് 9632 മെട്രിക‌്ടൺ മണൽ വിൽപ്പന നടത്തിയെന്നും 14000 ടൺ ചളി കലർന്ന മണൽ ശേഷിച്ചിട്ടുണ്ടെന്നുമാണ‌് കഴിഞ്ഞ ദിവസം പ്രസിഡന്റ‌് രത‌്നകുമാരി വെളിപ്പെടുത്തിയത‌്. ഇത‌് നേരത്തെ നൽകിയ മണലിന്റെ അളവ‌് രേഖകളുമായി പൊരുത്തപ്പെടാത്തതുതന്നെ മണൽകൊള്ള നടന്നതിന്റെ തെളിവുമായി ചൂണ്ടിക്കാണിക്കപ്പെടുകയാണ‌്.

കരുവാറ്റ പഞ്ചാത്തിലെ കൊപ്പറക്കടവിൽ നിന്നുള്ള മണലിന‌് സമീപ പഞ്ചായത്തായ ചെറുതനയിൽ നിന്നുള്ള നിയമവിരുദ്ധ പാസ‌് നൽകി ഉദ്യോഗസ്ഥർ അഴിമതിക്ക‌് കൂട്ടുനിൽക്കുകയായിരുന്നുവെന്ന‌് സിപിഐ എം കക്ഷി നേതാവ‌് രാജേഷ‌്കുമാർ പറഞ്ഞു. പെർമിറ്റ‌് ഉൾപ്പെടെയുളള രേഖകളില്ലാതെ പൊതുവഴിയിൽ 24 മണിക്കൂറിലേറെ താണ്ടിയ ലോറികൾക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ തയ്യാറാകാതിരുന്ന പൊലീസ‌് നടപടിക്കെതിരെ പരാതി നൽകുമെന്ന‌് സിപിഐ എം ഹരിപ്പട‌് ഏരിയ സെക്രട്ടറി എം സോമൻ പറഞ്ഞു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top