21 September Friday

‘സുരക്ഷിതമാക്കിയ’ സർട്ടിഫിക്കറ്റുകൾ നശിച്ചു; ഞെട്ടൽ മാറാതെ പ്രീതി

വെബ് ഡെസ്‌ക്‌Updated: Saturday Aug 25, 2018


ആലുവ
കാത്തുസൂക്ഷിച്ചുവെന്നു കരുതിയ സർട്ടിഫിക്കറ്റുകൾ വെള്ളത്തിലായതിന്റെ വിഷമത്തിലാണ്‌ ആലുവ തുരുത്ത്‌ ആയില്യത്തിൽ പ്രീതി രാധാകൃഷ്‌ണൻ. വാടകയ്‌ക്ക്‌ താമസിക്കുന്ന കിഴക്കേ ദേശത്തെ വീട്ടിലെ  വെള്ളമിറങ്ങിയപ്പോൾ തിരികെയെത്തി അലമാരകൾ പരിശോധിച്ചപ്പോഴാണ്‌ ഞെട്ടിയത്‌. വെള്ളമുയർന്ന്‌ റോഡിൽ ഒഴുകിത്തുടങ്ങിയപ്പോൾ ഡിഗ്രി സർട്ടിഫിക്കറ്റുകളും എസ്‌എസ്‌എൽസി ബുക്കും ഉൾപ്പെടെയുള്ള മറ്റെല്ലാ രേഖകളും  വച്ച ഫയലുകൾ ആദ്യമെടുത്ത്‌ കൈയിൽവച്ചാണ്‌ പുളിനത്തെ ചെറിയമ്മയുടെ വീട്ടിലേക്ക്‌ കുട്ടികളും കുടുംബാംഗങ്ങളുമായി  രക്ഷപ്പെട്ടത്‌.  സുരക്ഷിതമെന്നു കരുതി താൻ  കൈയിൽ പിടിച്ച ഫയലിൽ തന്റെ സർട്ടിഫിക്കറ്റുകൾ  ഉണ്ടെന്നുറപ്പിച്ച പ്രീതി, വ്യാഴാഴ്‌ച വീട്ടിലെത്തി വീട്‌ വൃത്തിയാക്കാൻ തുടങ്ങുമ്പോഴാണ്‌ ഒരു അലമാരയ‌്ക്കകത്ത്‌ ലോക്കറിൽ മറ്റൊരു ഫയൽ കാണുന്നത്‌. 

താൻ കൊണ്ടുപോയ ഫയലിൽ തന്റെ സർട്ടിഫിക്കറ്റുകൾ ഉണ്ടായിരുന്നില്ലെന്ന്‌ അലമാര പരിശോധിക്കുമ്പോഴാണ്‌ തിരിച്ചറിഞ്ഞത്‌. വണ്ടിയുടെ ആർസി ബുക്ക്‌, എൽഐസി സർട്ടിഫിക്കറ്റ്‌ എന്നിവയ്‌ക്കൊപ്പം ഡിഗ്രി സർട്ടിഫിക്കറ്റുകളും നനഞ്ഞുകുതിർന്നു. പല അക്ഷരങ്ങളും മാഞ്ഞുതുടങ്ങി.  നഷ്ടപ്പെട്ട സർട്ടിഫിക്കറ്റുകൾ തിരിച്ചുനൽകുമെന്ന്‌ അധികൃതർ പറയുമ്പോഴും അതിന്‌ എത്രകാലം വേണ്ടിവരുമെന്ന ആശങ്കയിലാണ്‌ പ്രീതിയും കുടുംബവും.

പ്രധാന വാർത്തകൾ
Top