25 September Tuesday
വിശദപദ്ധതി കെടിയു സമർപ്പിച്ചു

വീടുകളുടെ പുനർനിർമാണത്തിന‌് എൻജിനിയറിങ‌്, പോളിടെക‌്നിക‌് വിദ്യാർഥികൾ

എം വി പ്രദീപ‌്Updated: Saturday Aug 25, 2018



പ്രളയത്തിൽ നശിച്ച വീടുകളുടെ പുനർനിർമാണത്തിന‌് എൻജിനിയറിങ‌്, പോളിടെക‌്നിക‌് വിദ്യാർഥികളെത്തും. ചെളിമൂടി നശിച്ച വീടുകൾ വാസയോഗ്യമാക്കുന്നതിനും പ്ലംബിങ്‌, വയറിങ്‌ ജോലികൾ നിർവഹിക്കുന്നതിനും നഷ്ടത്തിന്റെ കണക്കെടുക്കുന്നതിനുമാണ‌് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിന‌് കീഴിലെ പോളിടെക‌്നിക്, എൻജിനിയറിങ്‌ കോളേജ‌് വിദ്യാർഥികൾ എത്തുന്നത‌്. പോളിടെക‌്നിക‌് കോളേജുകളിലെ എൻസിസി ടെക‌്നിക‌് സെൽ നേതൃത്വത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട‌്. പുനരധിവാസ പ്രവർത്തനങ്ങളിൽ എൻജിനിയറിങ്‌ വിദ്യാർഥികളെ പങ്കെടുപ്പിക്കുന്നതിന‌്  സാങ്കേതിക സർവകലാശാല അക്കാദമിക‌് ഡീൻ  ഡോ. ജെ ശ്രീകുമാർ തയ്യാറാക്കിയ വിശദപദ്ധതി ഉന്നതവിദ്യാഭ്യാസ സെക്രട്ടറി ഉഷ ടൈറ്റസിന‌് അംഗീകാരത്തിനായി സമർപ്പിച്ചു. ഈ പദ്ധതി പ്രകാരം സംസ്ഥാനത്തെ മുഴുവൻ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വിദ്യാർഥികളെ സംഘങ്ങളാക്കി അധ്യാപകരുടെ നേതൃത്വത്തിൽ പ്രളയപ്രദേശങ്ങളിലെ മുഴുവൻ വീടുകളുടെയും പുനർനിർമാണ പ്രക്രിയയിൽ  പങ്കാളികളാക്കാൻ കഴിയും. സാങ്കേതിക സർവകലാശാല സമർപ്പിച്ച പദ്ധതിയിൽ ഒരു കോളേജിൽനിന്ന‌് 10 മുതൽ 15 വരെ ടീമുകളെ നിയോഗിക്കാൻ കഴിയും. സംസ്ഥാനത്തെ എൻജിനിയറിങ്‌ കോളേജുകളിലെ ഒാരോ അധ്യാപകരായിരിക്കും ടീം ലീഡർ. ഇവരുടെ പ്രവർത്തനങ്ങൾ ഫീൽഡ‌് വർക്ക‌്, ഓഫീസ‌് വർക്ക‌് എന്നിങ്ങനെ രണ്ടായി തിരിച്ചിട്ടുണ്ട‌്.

ഫീൽഡ‌് വർക്കിൽ പൊതുവിവരശേഖരണം, ദുരന്തത്തിൽപ്പെട്ട വീടുകളുടെ സ‌്കെച്ച‌് തയ്യാറാക്കൽ, നഷ്ടത്തിന്റെ തോത‌് നിർണയിക്കൽ, പുനർനിർമാണം എന്നിവ ഉൾപ്പെടുന്നു. ഓഫീസ‌് വർക്കിൽ നശിച്ച വീടുകളുടെ കംപ്യൂട്ടർ ചിത്രങ്ങൾ തയ്യാറാക്കൽ, പുനരുദ്ധാരണം ഏതുവിധം നടത്താമെന്നത‌് വിലയിരുത്തൽ, അറ്റകുറ്റപ്പണിയുടെ എസ‌്റ്റിമേറ്റ‌് തയ്യാറാക്കൽ എന്നിവ ഉൾപ്പെടുന്നു‌. ഓരോ സംഘത്തിനും റവന്യൂ, പൊലീസ‌്, അതത‌് പ്രദേശത്തെ പൊതുജനപങ്കാളിത്തം എന്നിവയും ഉറപ്പാക്കുന്നുണ്ട‌്. ഫീൽഡ‌് കിറ്റ‌്, ഓഫീസ‌് ഉപകരണങ്ങൾ എന്നിവ ഓരോ ടീമിനും ലഭ്യമാക്കണം. 

ഒരുടീമിന‌് ദിവസം 15 വീടുകൾവരെ പരിശോധിക്കാനും പ്രവർത്തനങ്ങൾ ആസൂത്രണംചെയ്യാനും കഴിയുന്ന വിധമാണ‌് പദ്ധതി തയ്യാറാക്കിയത‌്. ഒരു കോളേജിന‌് പരിശോധനയ‌്ക്കും പുനരുദ്ധാരണത്തിനുമായി 200 കെട്ടിടങ്ങൾവരെ വീതിച്ച‌് നൽകാം. മൂന്നുദിവസംകൊണ്ട‌് സംസ്ഥാനത്ത‌് 10000 മുതൽ 15000 വരെ വീടുകളുടെ നഷ്ടം കണക്കാക്കാനും പുനരുദ്ധാരണ എസ‌്റ്റിമേറ്റ‌് തയ്യാറാക്കാനും കഴിയുംവിധമാണ‌് സാങ്കേതിക സർവകലാശാല പദ്ധതി വിഭാവനം ചെയ‌്തിരിക്കുന്നത‌്. വിദ്യാർഥികൾക്ക‌്  വീടുകളുടെ വയറിങ‌്, പ്ലംബിങ് ജോലികൾ ചെയ‌്ത‌് അവ പൂർവസ്ഥിതിയിലാക്കാനും സാധിക്കും.

പ്രധാന വാർത്തകൾ
Top