21 November Wednesday

നഷ്ടപരിഹാരത്തിന്‌ അപേക്ഷ വേണ്ട ; വ്യാപാരികൾക്ക്‌ പലിശയില്ലാതെ പത്തുലക്ഷം

സ്വന്തം ലേഖകൻUpdated: Saturday Aug 25, 2018

തിരുവനന്തപുരം > പ്രളയക്കെടുതിയിൽ വീടിന് ഉൾപ്പെടെ നാശനഷ്ടം സംഭവിച്ചവർക്ക‌് സർക്കാരിൽ നിന്ന് നഷ്ടപരിഹാരം ലഭിക്കാൻ പ്രത്യേക അപേക്ഷ സമർപ്പിക്കേണ്ടതില്ല. റവന്യൂ, തദ്ദേശസ്വയംഭരണ അധികൃതർ സ്ഥലം സന്ദർശിച്ചു നൽകുന്ന പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മാനദണ്ഡങ്ങൾക്കനുസരിച്ച് സഹായം നൽകുകയെന്ന‌് മുഖ്യമന്ത്രി   പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

സന്നദ്ധ സംഘടനകളുടെ കൂടി സഹായത്തോടെ ദുരിതബാധിതമായ എല്ലാ വീടുകളുടെയും നിലവിലുള്ള സ്ഥിതി മൊബൈല്‍ ആപ്പ്‌ വഴി രേഖപ്പെടുത്തും. ഈ വിവരശേഖരണങ്ങള്‍ കൂട്ടിച്ചേര്‍ത്ത്‌ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ കീഴില്‍ ആവശ്യമായ സാങ്കേതിക പിന്തുണ ഏര്‍പ്പെടുത്തി അതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന നഷ്‌ടപരിഹാരം നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കും. പ്രാദേശികമായ സോഷ്യല്‍ ഓഡിറ്റിങ്‌ എന്ന നിലയില്‍ ഈ സംവിധാനം മാറും.

ഇത്തരം സംവിധാനം പ്രളയബാധിത പ്രദേശമല്ലെങ്കിലും മഴക്കെടുതി നാശം വിതച്ച എല്ലാ സ്ഥലങ്ങളിലും ഏര്‍പ്പെടുത്തുന്നതിനാണ്‌ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്‌. പ്രാഥമിക കണക്കുകള്‍ കാണിക്കുന്നത്‌ 7000 ത്തോളം വീടുകള്‍ പൂര്‍ണ്ണമായും 50,000 ത്തോളം വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ടെന്നാണ്‌. ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക്‌ വീടുകളില്‍ പോകുന്നവര്‍ക്ക്‌ അത്യാവശ്യ കാര്യങ്ങള്‍ക്കായി 10,000 രൂപ നല്‍കുമെന്ന്‌ നേരത്തെ അറിയിച്ചിരുന്നു. ബാങ്ക്‌ അക്കൗണ്ടിലേക്ക്‌ പണം നല്‍കും. അതിനാവശ്യമായ വിശദാംശങ്ങള്‍ റവന്യൂ അധികൃതരെ അറിയിക്കണം. ഇതിനകം ക്യാമ്പില്‍ നിന്നും പോയ അര്‍ഹതപ്പെട്ടവര്‍ക്ക്‌ ആ തുക നല്‍കുന്നതുമാണ്‌.

പ്രളയക്കെടുതിയിൽ ആധാർ കാർഡ്‌, റേഷൻ കാർഡ്‌ തുടങ്ങിയ പ്രധാന രേഖകളും സർട്ടിഫിക്കറ്റുകളും നഷ്ടപ്പെട്ടവർക്ക്‌ ഒരൊറ്റ കേന്ദ്രത്തിൽനിന്ന‌്‌ ഇവയെല്ലാം നൽകാൻ വേണ്ട സംവിധാനം ഒരുക്കും. സംസ്ഥാന വിവര സാങ്കേതിക വകുപ്പ്‌ മറ്റു വകുപ്പുകളുമായി സഹകരിച്ച‌് നടപ്പാക്കുന്ന ഈ പദ്ധതി നിർവഹണത്തിനുള്ള സോഫ്‌റ്റ്‌വെയർ ദ്രുതഗതിയിൽ തയ്യാറാക്കിവരികയാണ‌്.

രേഖകൾ നഷ്ടപ്പെട്ടയാളുടെ പേര്‌, മേൽവിലാസം, പിൻകോഡ്‌, വയസ്സ്‌, ഫോൺ നമ്പർ തുടങ്ങിയ അടിസ്ഥാനവിവരങ്ങൾ, ഫിംഗർ പ്രിന്റ്‌ പോലുള്ള ബയോമെട്രിക്‌ വിവരങ്ങൾ തുടങ്ങിയവ ഉപയോഗിച്ച്‌ പ്രധാന രേഖകൾ സർക്കാരിന്റെ വിവിധ സംവിധാനങ്ങളിൽനിന്ന്‌ വീണ്ടെടുക്കാനുള്ള പദ്ധതിയാണ്‌ വികസിപ്പിക്കുന്നത്‌. പേരിലുംമറ്റും അന്തരം ഉണ്ടെങ്കിലും കണ്ടുപിടിക്കാൻ കഴിയുന്ന രീതിയിലാണ്‌ ഈ സംവിധാനത്തിന്റെ രൂപകൽപ്പന. സെപ്‌തംബർ ആദ്യവാരംമുതൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിക്കുന്ന അദാലത്തുകളിൽകൂടി ജനങ്ങളുടെ നഷ്ടപ്പെട്ട രേഖകൾ വീണ്ടെടുത്ത്‌ വിതരണംചെയ്യാനാണ്‌ ഉദ്ദേശിക്കുന്നത്‌. ഇതിന്റെ പ്രാരംഭമായി എല്ലാ സർക്കാർ വകുപ്പുകളും അവരുടെ വിവരശേഖരം വിവരസാങ്കേതിക വകുപ്പുമായി പങ്കുവയ്‌ക്കാനുള്ള നിർദേശം നൽകി. ഇതിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവർത്തനം  30ന്‌ തെരഞ്ഞെടുക്കപ്പെട്ട ഒരു പഞ്ചായത്ത്‌ വാർഡിൽ നടക്കും.

രക്ഷാപ്രവർത്തനം പൂർത്തിയായതിന്റെഭാഗമായി കഴിഞ്ഞ മൂന്ന്‌ ദിവസങ്ങളിൽ ആരെയും രക്ഷപ്പെടുത്തേണ്ട സാഹചര്യമുണ്ടായില്ല. ക്യാമ്പുകളിൽ കഴിഞ്ഞിരുന്ന ജനങ്ങൾ വീടുകളിലേക്ക്‌ മടങ്ങിക്കൊണ്ടിരിക്കുകയാണ്‌. കഴിഞ്ഞ ദിവസം 2774 ക്യാമ്പുകൾ ഉണ്ടായിരുന്നു. ഇത‌് 2287 ആയി. 2,78,781 കുടുംബങ്ങൾ ഉണ്ടായിരുന്നു. നിലവിൽ 2,18,104 കുടുംബങ്ങളുണ്ട‌്. ക്യാമ്പുകളിലെ താമസക്കാരുടെ എണ്ണം കഴിഞ്ഞദിവസം 10,40,688 ആയിരുന്നു. അത്‌ 8,69,224 ആയി.

രക്ഷാപ്രവർത്തനത്തിന്റെ രണ്ടാംഘട്ടമായ വീടുകളിലേക്ക്‌ മടങ്ങുന്ന പ്രക്രിയയിലേക്ക്‌ ദുരിതാശ്വാസ പ്രവർത്തനം മാറി. 131683 വീടുകൾ ഇതിനകം വൃത്തിയാക്കി താമസയോഗ്യമാക്കിയിട്ടുണ്ട്‌. വെള്ളത്തിൽ മുങ്ങിപ്പോയ  വീടുകളുടെ 31 ശതമാനമാണിത‌്. സ്‌ക്വാഡുകൾ തുടർന്നുള്ള ദിവസങ്ങളിലും വീടുകൾ വൃത്തിയാക്കുന്ന പ്രവർത്തനം നടത്തും. വൈദ്യുതി തകരാറുകൾ പരിഹരിക്കുന്നതിനുള്ള പ്രവർത്തനങ്ങളും ത്വരിതഗതിയിൽ പുരോഗമിക്കുന്നു. തകരാറിലായ 25.60 സർവീസ്‌ കണക‌്ഷനുകളിൽ 23.36 കണക‌്ഷനുകൾ നൽകി. തകരാറിലായ 16,158 ട്രാൻസ്‌ഫോമറുകളിൽ 14,314 എണ്ണം പ്രവർത്തന സജ്ജമാക്കി.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top