18 November Sunday

ദുരിതാശ്വാസക്യാമ്പിൽനിന്നും സാധനങ്ങൾ കടത്താൻ ശ്രമിച്ച ജീവനക്കാർ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Saturday Aug 25, 2018


പനമരം
ദുരിതാശ്വാസ ക്യാമ്പിൽ നിന്നും സാധനങ്ങൾ കടത്താൻ ശ്രമിച്ച സ്പെഷ്യൽ വില്ലേജ് ഓഫീസറെയും വില്ലേജ് അസിസ‌്റ്റന്റിനെയും പൊലീസ് അറസ്റ്റ് ചെയ‌്തു. പനമരം വില്ലേജ് ഓഫീസിലെ സ്പെഷ്യൽ വില്ലേജ് ഓഫീസർ എം പി ദിനേശൻ (47), വില്ലേജ് അസിസ്റ്റന്റ് സിനീഷ് ജോസഫ് (32) എന്നിവരെയാണ് മാനന്തവാടി തഹസിൽദാരുടെ പരാതി പ്രകാരം പനമരം പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തെ തുടർന്ന് രണ്ടുപേരെയും കലക്ടർ സർവീസിൽനിന്നും സസ്പെൻഡ് ചെയ്തു.

പനമരം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിൽനിന്നും വ്യാഴാഴ്ച രാത്രി പന്ത്രണ്ടോടെ  ഇരുവരുടെയും കാറുകളിലാണ് സാധനങ്ങൾ കടത്താൻ ശ്രമിച്ചത്. സംഭവം ശ്രദ്ധയിൽപെട്ട ക്യാമ്പംഗങ്ങൾ സാധനങ്ങൾ കൊണ്ടുപോകുന്നത് തടഞ്ഞു. തുടർന്ന‌് തഹസിൽദാറെയും വിവരമറിയിച്ചു. തഹസിൽദാർ സ്ഥലത്തെത്തി വിവരങ്ങൾ  മനസ്സിലാക്കി പൊലീസിൽ പരാതി നൽകി. മറ്റു ദുരിതാശ്വാസ ക്യാമ്പുകളിൽ നൽകാനായാണ് സാധനങ്ങൾ വാഹനങ്ങളിൽ കയറ്റിയതെന്നായിരുന്നു ജീവനക്കാരുടെ വിശദീകരണം. എന്നാൽ പൊലീസ് പ്രാഥമിക അന്വേഷണം നടത്തി പുലർച്ചയോടെ ഇരുവരെയും അറസ്റ്റ് ചെയ്തു. കാറുകളും കസ്റ്റഡിയിലെടുത്തു. വസ്ത്രങ്ങളും ശുചീകരണ വസ്തുക്കളുമാണ് കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചത്. സർക്കാർ ഉദ്യോഗസ്ഥരുടെ മോഷണത്തിനെതിരെയുള്ള 381‐ാം വകുപ്പ് പ്രകാരമാണ് കേസ്.

പ്രധാന വാർത്തകൾ
Top