20 January Sunday

ചാരത്തില്‍നിന്നിതാ വീണ്ടും അക്ഷരപ്പൂക്കള്‍

വെബ് ഡെസ്‌ക്‌Updated: Sunday Dec 24, 2017


തിരൂര്‍ >  ആര്‍എസ്എസുകാര്‍ ചുട്ടെരിച്ച തലൂക്കര എ കെ ജി സ്മാരക വായനശാലക്ക് പുതിയകെട്ടിടം. സംഘപരിവാറിന്റെ അക്ഷരവൈരത്തിനെതിരെ ജനകീയപ്രതിരോധമുയര്‍ത്തി പണിതുയര്‍ത്തിയ ഗ്രന്ഥശാലാ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. തലൂക്കര ഗ്രാമവാസികള്‍ നല്‍കിയ ചെറുസംഭാവനമുതല്‍ പ്രവാസി സുഹൃത്തുക്കളടക്കമുള്ളവരുടെ പിന്തുണ കിട്ടിയപ്പോള്‍ ലഭിച്ച പത്തുലക്ഷത്തോളം രൂപ ഉപയോഗിച്ചാണ് ഇരുനില കെട്ടിടം നിര്‍മിച്ചത്. ഭാഷാസ്നേഹികളുടെ ഒരുമയില്‍ പതിനയ്യായിരത്തോളം പുസ്തകവും സ്വരൂപിച്ചു.  

എ കെ ജി വായനശാല കഴിഞ്ഞവര്‍ഷം മാര്‍ച്ച് 22-നാണ് ആര്‍എസ്എസുകാര്‍ കത്തിച്ചത്.  അയ്യായിരത്തിലേറെ പുസ്തകങ്ങളും കലാവേദിയുടെ സംഗീത ഉപകരണങ്ങളും ഫര്‍ണിച്ചറും ഇലക്ട്രോണിക്സ് ഉപകരണങ്ങളും ചാമ്പലായി. മാധ്യമങ്ങളില്‍ അതിനെതിരെ ശക്തമായ പ്രതികരണമുണ്ടായി. കലാ-സാംസ്കാരിക നായകരും രാഷ്ട്രീയ നേതാക്കളും അക്രമത്തെ അപലപിച്ച് തലൂക്കരയിലെത്തി.


ആര്‍എസ്എസ് നിലപാടിനെതിരെ ദേശത്തിന്റെയാകെ വികാരം അലയടിച്ച അന്തരീക്ഷത്തിലായിരുന്നു ഉദ്ഘാടനചടങ്ങ്. മന്ത്രി കെ ടി ജലീല്‍ അധ്യക്ഷനായി. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം വിജുകൃഷ്ണന്‍, മലപ്പുറം ജില്ലാ സെക്രട്ടറി പി പി വാസുദേവന്‍, സംസ്ഥാന കമ്മിറ്റിയംഗം പി നന്ദകുമാര്‍, സംസ്ഥാന ലൈബ്രറി കൌണ്‍സില്‍ സെക്രട്ടറി അഡ്വ. പി അപ്പുകുട്ടന്‍ എന്നിവര്‍ സംസാരിച്ചു. ഉദ്ഘാടനശേഷം നവമാധ്യമകൂട്ടായ്മ പ്രവര്‍ത്തകരെ ആദരിച്ചു.

ആര്‍എസ്എസ് അക്ഷര വിരോധികള്‍: മുഖ്യമന്ത്രി
തിരൂര്‍ > അക്ഷരവിരോധത്തിന്റെ ചരിത്രമാണ് ആര്‍എസ്എസിന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അക്ഷരത്തിന്റെയും അറിവിന്റെയും ശത്രുപക്ഷത്താണ് എന്നും ആര്‍എസ്എസ്. വിജ്ഞാനത്തോടുള്ള എതിര്‍പ്പ് അവരിന്ന് രാജ്യവ്യാപകമായി ആവര്‍ത്തിക്കുകയാണ്. ആര്‍എസ്എസുകാര്‍ ചുട്ടെരിച്ച തലൂക്കര എ കെ ജി സ്മാരക കലാവേദി  ആന്‍ഡ് ഗ്രന്ഥാലയത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നമ്മുടെ രാജ്യത്തെ പ്രധാന പദവികളിലുള്ള പലരും ആര്‍എസ്എസ് കല്‍പ്പിക്കുന്നത് അനുസരിക്കുന്നവരാണ്. ആര്‍എസ്എസിന്റെ കല്‍പ്പന അനുസരിക്കുകയും നടപ്പാക്കുകയുംചെയ്യുന്ന അവസ്ഥ അങ്ങേയറ്റം ആപത്താണ്. തങ്ങള്‍ക്ക് യോജിക്കാന്‍ കഴിയാത്ത ഒന്നിനെയും തുടരാന്‍ അനുവദിക്കരുതെന്നതാണ് സംഘപരിവാര നിലപാട്.  അതിന്റെ പ്രായോഗിക രൂപമായിരുന്നു ഗാന്ധിവധം. ഗാന്ധിവധത്തെ രാജ്യമാകെ അപലപിച്ചു. എന്നാല്‍, ഗാന്ധി കൊല്ലപ്പെടേണ്ടതാണെന്ന നിലപാട് ആര്‍എസ്എസ്  ഈയടുത്തും പ്രകടിപ്പിക്കുകയുണ്ടായി. ഗോഡ്സെയെ ദൈവതുല്യനായി  ക്ഷേത്രം നിര്‍മിച്ച് ആരാധിക്കുന്നു. തങ്ങളുടേതിന് സമാനമല്ലാത്ത അഭിപ്രായങ്ങള്‍ പറയുന്നവര്‍ ഇവിടെ വേണ്ട എന്നതാണ് അവരുടെ നയം.

ഏറ്റവുമൊടുവില്‍, ഗൌരി ലങ്കേഷിനെയും ശന്തനു ഭൌമിക്കിനെയുമെല്ലാം കൊന്നത് ആര്‍എസ്എസിന് ഇഷ്ടമില്ലാത്തത് പറഞ്ഞതിനാലാണ്. വളരുന്ന തലമുറയെ ദുര്‍ബോധനപ്പെടുത്താന്‍ പാഠഭാഗങ്ങളും തയാറാക്കുകയാണ്. ക്രിസ്മസ് ആഘോഷിക്കരുതെന്ന് കുട്ടികളോട് ആവശ്യപ്പെടുന്ന സാഹചര്യവും ഇന്നുണ്ട്. ഭക്ഷണത്തിന്റെ, പശുവിന്റെ, മതവിശ്വാസത്തിന്റെയെല്ലാംപേരില്‍ കൊലപാതകങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാവുകയാണ്. വല്ലാത്ത അസഹിഷ്ണുതയാണ് രാജ്യത്ത് സംഘപരിവാരം ഉയര്‍ത്തിക്കൊണ്ടുവരുന്നത്്. ജനങ്ങളെ ഭിന്നിപ്പിച്ച് അതില്‍ ഹരംകൊള്ളുകയാണ് വര്‍ഗീയശക്തികള്‍. കേന്ദ്ര സര്‍ക്കാരില്‍ വിശ്വാസം നഷ്ടമായെന്ന് കൈസ്തവ സഭാ അധ്യക്ഷന്‍ തുറന്നുപറയുന്ന സാഹചര്യം നമ്മുടെ നാടെത്തിയ അപകടകരമായ നിലയാണ് വ്യക്തമാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top