Top
17
Sunday, December 2017
About UsE-Paper

കാലാവസ്ഥയില്‍ മാറ്റം; പുലര്‍ന്നിട്ടും മൂടല്‍മഞ്ഞ്

Friday Nov 24, 2017
ലെനി ജോസഫ്


ആലപ്പുഴ > തെക്കന്‍ കേരളത്തില്‍ കാലാവസ്ഥാ മാറ്റം. വ്യാഴാഴ്ച നേരംപുലര്‍ന്ന് ഏറെക്കഴിഞ്ഞിട്ടും അന്തരീക്ഷത്തില്‍ കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെട്ടു. പലയിടത്തും രാവിലെ എട്ടരവരെ വാഹന ഗതാഗതത്തിനു തടസമുണ്ടായി. മൂടല്‍മഞ്ഞില്‍ മാവേലിക്കര തെക്കേക്കര കുറുത്തികാട്ട് സ്വകാര്യ ബസും സ്കൂള്‍ബസും കൂട്ടിയിടിച്ച് ആറുപേര്‍ക്ക് പരിക്കേറ്റു. തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള ഭാഗത്തായിരുന്നു വ്യാഴാഴ്ച രാവിലെ കനത്ത മൂടല്‍മഞ്ഞ്.

വ്യാഴാഴ്ച രാവിലെ അഞ്ചരയ്ക്ക് രേഖപ്പെടുത്തിയ താപനില 23-24 ഡിഗ്രി സെല്‍ഷ്യസായിരുന്നുവെന്ന് മങ്കൊമ്പ് നെല്ലു ഗവേഷണ കേന്ദ്രത്തിലെ മേധാവി ഡോ. റീനാ മാത്യു പറഞ്ഞു. കൂടിയ താപനില 32-33 ആണ്. കഴിഞ്ഞ വര്‍ഷം നവംബര്‍ 23ന് കുറഞ്ഞ താപനില 24-25 ആയിരുന്നു. എന്നാല്‍ അന്ന് ഇതുപോലെ മൂടല്‍മഞ്ഞ് ഉണ്ടായിരുന്നില്ല. താപനിലയിലെ ചെറിയ വ്യത്യാസംകൊണ്ട് മൂടല്‍മഞ്ഞ് ഉണ്ടാകാമെന്ന് അവര്‍ പറഞ്ഞു. സാധാരണ മഞ്ഞുവരുമ്പോള്‍ മഴ തീരുന്നതായാണ് കാണുന്നതെങ്കിലും ഇത്തവണ വ്യത്യസ്തമാണ്. ബുധനാഴ്ചയും  ശക്തമായ കാര്‍മേഘം ഉണ്ടായിരുന്നു. അതിനുമുമ്പുള്ള ദിവസങ്ങളില്‍ കനത്ത മഴയാണ് പെയ്തത്. ഈ വര്‍ഷം നവംബറില്‍ വലിയ തോതില്‍ മഴ കിട്ടി. കഴിഞ്ഞവര്‍ഷം നംവബറില്‍ 14 മില്ലീമീറ്റര്‍ മഴ ലഭിച്ചപ്പോള്‍ ഈ വര്‍ഷം 106 മില്ലീമീറ്ററാണ്. പകല്‍ നല്ല ചൂടും രാത്രിയില്‍ തണുപ്പുമായ കാലാവസ്ഥയാണ് ഇപ്പോള്‍.

മഞ്ഞും മഴയുമില്ലാത്ത കാലാവസ്ഥയില്‍ കഴിഞ്ഞവര്‍ഷം മധ്യകേരളത്തിലും മറ്റും ശീതകാല പച്ചക്കറിയായി കോളി ഫ്്ളവറും കാബേജും കൃഷി ചെയ്തവര്‍ക്ക് കാര്യമായ വിളവ് കിട്ടിയില്ല. എന്നാല്‍ നെല്‍കൃഷിയെ ഇപ്പോഴത്തെ കാലാവസ്ഥ ബാധിക്കില്ല. ഇപ്പോള്‍ കൃഷിക്കാര്‍ നെല്ലുവിതയ്ക്കുന്നതേയുള്ളൂ. ജനുവരി, ഫെബ്രുവരി മാസങ്ങളിലെ തണുപ്പിലാണ് നെല്ലിന് ഇലപ്പേന്‍ അടക്കം പല രോഗങ്ങളും ബാധിക്കുക. വിതച്ചു കഴിഞ്ഞ് 25 ദിവസംവരെയുള്ള കാലത്ത് തണുപ്പ് കൂടുതലാകുമ്പോള്‍ മുഞ്ഞ ബാധിക്കുന്നതായും കാണുന്നുണ്ട്. അതുകൊണ്ടാണ് കൃഷിക്കാരോട് നവംബര്‍ 15നു മുമ്പ് വിത ആരംഭിക്കണമെന്നു പറയുന്നതെന്നും ഡോ. റീന പറഞ്ഞു.

വ്യവസായ മേഖലയായ കളമശേരിയിലും വ്യാഴാഴ്ച രാവിലെ കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെട്ടു. ഏഴുമണി വരെ തൊട്ടുമുമ്പിലുള്ളവരെ പോലും കാണാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു. കളമശേരി നഗരസഭാ പ്രദേശത്ത് വ്യാപകമായി ഇത് അനുഭവപ്പെട്ടെങ്കിലും പള്ളിലാംകര, കൈപ്പടമുകള്‍, മുണ്ടന്‍പാലം ഭാഗങ്ങളിലാണ് കൂടുതല്‍ തീവ്രതയോടെ മൂടല്‍മഞ്ഞ് കണ്ടത്. താഴ്ന്ന പ്രദേശങ്ങളില്‍ ശക്തമായ പുകപടലമുണ്ടായി. ഏതെങ്കിലും ഫാക്ടറിയില്‍നിന്ന് പുക തുറന്നുവിട്ടതാണൊ എന്ന സംശയമുണ്ട്. എന്നാല്‍ മണമൊന്നുമില്ലാത്തതിനാല്‍ അതിന് സാധ്യത കുറവാണെന്നാണ് ആളുകളുടെ നിഗമനം.

നെടുമ്പാശേരിയില്‍നിന്ന് 4 വിമാനം തിരിച്ചുവിട്ടു
നെടുമ്പാശേരി > കനത്ത മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ വ്യാഴാഴ്ച രാവിലെ ഇറങ്ങേണ്ട നാല് വിമാനങ്ങള്‍ തിരിച്ചുവിട്ടു. ഒരു അന്താരാഷ്ട്ര സര്‍വീസും മൂന്ന് ആഭ്യന്തര സര്‍വീസ് വിമാനങ്ങളുമാണ് തിരിച്ചുവിട്ടത്.

7.10ന് ഇറങ്ങേണ്ട മസ്കറ്റില്‍നിന്നുള്ള ഇന്‍ഡിഗോ വിമാനം കോയമ്പത്തൂരിലേക്കും, എയര്‍ ഏഷ്യയുടെ ബംഗളൂരുവില്‍നിന്നുള്ള വിമാനം തിരികെ ബംഗളൂരുവിലേക്കും, 7.15ന് ഒമാന്‍ എയറിന്റെ മസ്കറ്റില്‍നിന്നുള്ള വിമാനം തിരുവനന്തപുരത്തേക്കും, 7.25ന് ചെന്നൈയില്‍നിന്നുള്ള ഇന്‍ഡിഗോ വിമാനം കോയമ്പത്തൂരിലേക്കുമാണ് തിരിച്ചുവിട്ടത്. മൂടല്‍മഞ്ഞ് മാറിയതിനെത്തുടര്‍ന്ന് 9.30ഓടെ വിമാനങ്ങളെല്ലാം തിരികെ കൊച്ചിയിലിറക്കി.

Related News

കൂടുതൽ വാർത്തകൾ »