Top
18
Monday, December 2017
About UsE-Paper

ഡിജിറ്റല്‍ ധന സാക്ഷരതാ പദ്ധതി ഡിസംബറില്‍: മുഖ്യമന്ത്രി

Friday Nov 24, 2017
വെബ് ഡെസ്‌ക്‌


തിരുവനന്തപുരം > അക്ഷയകേന്ദ്രങ്ങള്‍വഴി സംസ്ഥാനത്ത് ഡിജിറ്റല്‍ ധന സാക്ഷരതാ പദ്ധതി ഡിസംബറില്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്ത് അക്ഷയ ബാങ്കിങ് കിയോസ്ക്കുകള്‍ കൂടുതല്‍ ആരംഭിക്കും. അക്ഷയകേന്ദ്രങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും തെറ്റായ നടപടികള്‍ ഒരു നിലയ്ക്കും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അക്ഷയ പദ്ധതിയുടെ 15-ാംവാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഗ്രാമീണരടക്കമുള്ളവരെ വിവരസാങ്കേതികതയില്‍ അധിഷ്ഠിതമായ ക്രയവിക്രയം പരിശീലിപ്പിക്കുന്നതിനാണ് ഡിജിറ്റല്‍ ധന സാക്ഷരതാ പദ്ധതി നടപ്പാക്കുന്നത്. അക്ഷയക്കൊപ്പം കുടുംബശ്രീ, സ്റ്റുഡന്റ് പൊലീസ് എന്നിവയുടെ സേവനവും ലഭ്യമാക്കും. കേന്ദ്രം പ്രഖ്യാപിച്ച ക്യാഷ്ലെസ് പദ്ധതി കേരളത്തില്‍ നേരത്തെ ആരംഭിച്ചതാണ്. കഴിഞ്ഞദിവസം കേരള സര്‍ക്കാരിന് ഇന്ത്യാടുഡേ അവാര്‍ഡ് നല്‍കുമ്പോള്‍ ഇക്കാര്യം  എടുത്തുപറഞ്ഞിരുന്നു. അക്ഷയകേന്ദ്രങ്ങളെ ജനസൌഹൃദ കേന്ദ്രങ്ങളാക്കലാണ് സര്‍ക്കാര്‍ലക്ഷ്യം. ഇതുവഴിയുള്ള സേവനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കും. ചില അക്ഷയകേന്ദ്രങ്ങള്‍ സൌജന്യസേവനങ്ങള്‍ക്കടക്കം ഫീസ് ഈടാക്കുന്നതാായി പരാതികള്‍ ലഭിച്ചിട്ടുണ്ട്. അവ അന്വേഷിക്കുന്നുണ്ട്. കുറ്റം തെളിഞ്ഞാല്‍ ശക്തമായ നടപടിയുണ്ടാകും.

കുഞ്ഞുങ്ങള്‍ ജനിച്ചുവീഴുമ്പോഴേ ആധാര്‍ എടുക്കണമെന്ന് ആഗ്രഹിക്കുന്നവരുണ്ട്. അവര്‍ക്കായി സര്‍ക്കാര്‍ ആശുപത്രികളില്‍ സംവിധാനം ഒരുക്കും. ആദ്യഘട്ടത്തില്‍ ഇതിന് ജില്ലാ ആശുപത്രികളില്‍ ആഴ്ചയില്‍ രണ്ടുദിവസം സംവിധാനമൊരുക്കും. അടുത്തഘട്ടത്തില്‍ താലൂക്കാശുപത്രികളിലും നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നവജാതശിശുക്കള്‍ക്കുള്ള ആധാര്‍ എന്‍റോള്‍മെന്റ് സംസ്ഥാനതല ഉദ്ഘാടനം, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട സംരംഭകര്‍ക്ക് ആധാര്‍യന്ത്രം വാങ്ങുന്നതിനുള്ള സാമ്പത്തികസഹായ വിതരണോദ്ഘാടനം, മികച്ച സംരംഭകര്‍ക്കുള്ള പുരസ്കാരദാനം എന്നിവയും മുഖ്യമന്ത്രി നിര്‍വഹിച്ചു.


പിഎസ്സി ചെയര്‍മാന്‍ അഡ്വ. എം കെ സക്കീര്‍ അധ്യക്ഷനായി. ബിഎസ്എന്‍എല്‍ ചീഫ് ജനറല്‍ മാനേജര്‍ ഡോ. പി ടി മാത്യു, എസ്ബിഐ ചീഫ് ജനറല്‍ മാനേജര്‍ എസ് വെങ്കട്ടരാമന്‍, വാര്‍ഡ് കൌണ്‍സിലര്‍ ഐ പി ബിനു എന്നിവര്‍ സംസാരിച്ചു. അക്ഷയ ഡയറക്ടര്‍ ശ്രീറാം സാംബശിവറാവു സ്വാഗതവും കെ സന്തോഷ്കുമാര്‍ നന്ദിയും പറഞ്ഞു.