11 December Tuesday

പുല്ലേപ്പടി കവർച്ച: പ്രതികളുമായി തെളിവെടുപ്പ‌് നടത്തി

വെബ് ഡെസ്‌ക്‌Updated: Monday Sep 24, 2018


സ്വന്തം ലേഖകൻ
കൊച്ചി
പുല്ലേപ്പടിയിൽ വീട്ടുകാരെ ആക്രമിച്ച‌് കവർച്ച നടത്തിയ ബംഗ്ലാദേശ‌ിൽ നിന്നുള്ള മോഷ‌്ടാക്കളെ സ്ഥലത്തെത്തിച്ച‌് തെളിവെടുത്തു. പുല്ലേപ്പടി പാലത്തിനു സമീപം ഇല്ലിമൂട്ടിൽ ഇ കെ ഇസ്മയിലിന്റെ വീട്ടിലാണ‌്  പ്രതികളെയെത്തിച്ചത‌്. സംഘത്തിലെ പ്രധാനികളായ ഇക്രം (30), സലിം (40), മുഹമ്മദ് ഹാരൂൺ (46) എന്നിവരെയാണ് നോർത്ത് സിഐ കെ ജെ പീറ്ററിന്റെ നേതൃത്വത്തിലുള്ള സംഘം തെളിവെടുപ്പിന് എത്തിച്ചത‌്.

2017 ഡിസംബർ 15നായിരുന്നു കവർച്ച നടത്തിയത‌്. പിറ്റേദിവസം തൃപ്പൂണിത്തുറ എസ്എംപി കോളനി റോഡിൽ നന്ദപ്പിള്ളി ആനന്ദകുമാറിന്റെ വീട്ടിൽ കുടുംബാംഗങ്ങളെ കെട്ടിയിട്ടശേഷം മോഷണം നടത്തി. തുടർന്ന‌്  ബംഗ്ലാദേശ‌ിലേക്ക‌് കടന്നു. കഴിഞ്ഞ ജൂലൈയിൽ ഇവരടങ്ങുന്ന ആറംഗ സംഘം മോഷണം നടത്തുന്നതിനിടെ ഡൽഹി പൊലിസിന്റെ പിടിയിലായിരുന്നു. കേരളത്തിലെ മോഷണവുമായി പിടിയിലായ പ്രതികളിൽ മൂന്നു പേർക്ക്  ബന്ധമുണ്ടെന്ന വിവരത്തെത്തുടർന്ന് തൃക്കാക്കര എസ്‌ഐ ഷെബാബ്, നോർത്ത് എഎസ്‌ഐ റഫീഖ്, ഹിൽപാലസ് സിപിഒ റോബർട്ട് എന്നിവർ തീഹാർ ജയിലിലെത്തി പ്രതികളെ ചോദ്യംചെയ്ത ശേഷം അറസ്റ്റ‌് ചെയ്ത് കേരളത്തിലേക്ക് കൊണ്ടുവന്നു.

ആദ്യഘട്ടം നടത്തിയ അന്വേഷണങ്ങളിൽ ഡൽഹിയിൽ നിന്നു റോണി, അർഷാദ്, ഷേഖ‌്സാദ‌് എന്നിവരാണ് അറസ്റ്റിലായത്. ഇവരിപ്പോൾ കാക്കനാട് ജയിലിലാണ്. അനധികൃതമായി ഇടയ‌്ക്കിടെ ഇന്ത്യയിലെത്തുന്ന പ്രതികൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കവർച്ച നടത്തിയിട്ടുണ്ടെന്ന് പൊലീസ‌് പറഞ്ഞു. വീടുകളുടെ ജനൽ അപ്പാടെ കുത്തിയിളക്കിയ ശേഷം അകത്തു കടന്നു വീട്ടുകാരെ ബന്ദിയാക്കിയോ തോക്കു ചൂണ്ടിയോ കവർച്ച ചെയ്യുന്നതാണ് ഇവരുടെ രീതി. ആവശ്യത്തിന് പണവും സ്വർണവും കിട്ടിയാൽ സ്ഥലം വിടും. അല്ലെങ്കിൽ മറ്റൊരു കവർച്ച ആസൂത്രണം ചെയ്യും.

പുല്ലേപ്പടിയിൽ നടന്ന മോഷണത്തിൽ ഇസ്മയിലിന്റെ ഭാര്യ സൈനബയുടെ മാലയും വളയും അടക്കം അഞ്ചു പവൻ സ്വർണം കവർന്നിരുന്നു. തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയായിരുന്നു മോഷണം. സ്വർണാഭരണങ്ങൾ ഊരിയെടുക്കുന്നതിനിടെയുണ്ടായ പിടിവലിക്കിടെ സൈനബയുടെ കൈയ്ക്കു മുറിവേറ്റിരുന്നു. ബഹളം കേട്ട‌് എത്തിയ ഡൈവറെ പ്രതികൾ ഓടിച്ചു. പിടിയിലായ പ്രതികളെ കാക്കനാട‌് ജില്ലാ ജയിലിൽ തിരിച്ചറിയിൽ പരേഡ‌് നടത്തി.

ഇവരിൽനിന്ന‌് ഇന്ത്യൻ തിരിച്ചറിയിൽ കാർഡ‌് കണ്ടെത്തിയിട്ടുണ്ട‌്. ഒരാളിൽ നിന്ന‌് ഇന്ത്യൻ പാസ‌്പോർട്ടും പിടിച്ചെടുത്തു. ഇവ വ്യാജ രേഖയുപയോഗിച്ച‌് നിർമിച്ചതാണെന്നും പൊലീസ‌് കണ്ടെത്തിയിട്ടുണ്ട‌്. ആകെ 11 പേരായിരുന്നു മോഷണ സംഘത്തിലുണ്ടായിരുന്നത്. അഞ്ചു പേർകൂടി പിടിയിലാകാനുണ്ട്.  ഇവർക്കായി ബംഗ്ലാദേശ് അതിർത്തിയിലെ ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിന്റെ സഹായത്തോടെ നിരീക്ഷണം തുടരുകയാണെന്ന് പൊലീസ‌് പറഞ്ഞു.


പ്രധാന വാർത്തകൾ
Top