22 September Saturday
ശ്രദ്ധ മുഴുവൻ പുനർനിർമാണ പ്രവർത്തനങ്ങളിലെന്ന‌് മുഖ്യമന്ത്രി

ജനങ്ങളാണ് വലുത്; ഒറ്റക്കെട്ടായി മുന്നോട്ടുപോകാം

വെബ് ഡെസ്‌ക്‌Updated: Friday Aug 24, 2018



ശ്രദ്ധ മുഴുവൻ കേന്ദ്രീകരിക്കേണ്ടത്  ജനങ്ങളെ പുനരധിവസിപ്പിക്കുന്നതിനും പുനർനിർമിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കുമാണെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അത്തരം പ്രവർത്തനങ്ങളിൽനിന്ന് ശ്രദ്ധ മാറി മറ്റ് തർക്കങ്ങളിലേക്ക് കടക്കുന്നത് ദുരിതാശ്വാസ പ്രവർത്തനങ്ങളെ ദുർബലപ്പെടുത്താനേ സഹായിക്കൂ.

ഒറ്റക്കെട്ടായിനിന്ന് നേരിടേണ്ട ദുരന്തമാണിത്. അത്തരത്തിൽ ജനങ്ങൾ ഉയർന്നുവരുമ്പോൾ ഇല്ലാത്ത പ്രശ്നങ്ങളുടെപേരിൽ ചർച്ചകൾ നടത്തി ഏകോപിച്ചുള്ള നീക്കങ്ങളെ ദുർബലപ്പെടുത്താതിരിക്കുക എന്നത് പ്രധാനമാണ്. ആ നിലയിൽ മുന്നോട്ടുപോകാനാണ് സർക്കാർ ആഗ്രഹിക്കുന്നത്.

ജനങ്ങളാണ് വലുത്; ജനങ്ങളുടെ പ്രശ്നങ്ങളുമാണ് വലുത്. അവ പരിഹരിക്കാനുള്ള ഇടപെടലാണ് രാഷ്ട്രീയ പാർടികളിൽനിന്ന് ജനങ്ങൾ ആഗ്രഹിക്കുന്നത്. ജനങ്ങൾക്കിടയിൽ അത്തരമൊരു യോജിപ്പ് ഉയർന്നുവന്നിട്ടുണ്ട്. അതാണ് അതിജീവനത്തിന്റെ മാർഗം. അത് ദുർബലപ്പെടുത്താനുള്ള ഒരു ശ്രമത്തിനും  വഴങ്ങിക്കൂടാ. ഒറ്റക്കെട്ടായി, ഒരേ മനസ്സോടെ നമുക്ക് മുന്നോട്ടുപോകാം. ഇത് തർക്കങ്ങളുടെ കാലമല്ല. മറിച്ച്, യോജിപ്പിന്റെയും കൂട്ടായ്മയുടെയും സമയമാണ്. അങ്ങനെനിന്ന് ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കേണ്ട ഘട്ടമാണ്. വിവാദങ്ങളിൽ അഭിരമിക്കാനല്ല, ജനങ്ങളുടെ പ്രശ്നപരിഹാരങ്ങളിലാണ് സർക്കാരിന് താൽപ്പര്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രധാന വാർത്തകൾ
Top