26 September Wednesday

ശുചീകരണവുമായി ഡിവൈഎഫ‌്ഐ

വെബ് ഡെസ്‌ക്‌Updated: Friday Aug 24, 2018

തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഡിവൈഎഫ്‌ഐ പ്രവർത്തകർ ചെങ്ങന്നൂരിൽ ശുചീകരണ പ്രവർത്തനത്തിൽ


തിരുവനന്തപുരം
പ്രളയബാധിത പ്രദേശങ്ങളിൽ ശുചീകരണപ്രവർത്തനങ്ങളുമായി ആയിരക്കണക്കിന‌്  ഡിവൈഎഫ‌്ഐ പ്രവർത്തകർ. എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലായാണ‌് ഏറ്റവും കൂടുതൽ പ്രവർത്തകരുള്ളത‌്. വരും ദിവസങ്ങളിൽ കൂടുതൽപേർ  എത്തും. പ്രളയം ബാധിച്ച എല്ലാ ജില്ലകളിലും പ്രവർത്തകരെ വിന്യസിച്ചിട്ടുണ്ട‌്.

നിരവധി സ്കൂളുകൾ, അങ്കണവാടികൾ, വീടുകൾ, കിണറുകൾ, ആശുപത്രികൾ, ആരാധനാലയങ്ങൾ, റോഡുകൾ എന്നിവ  ഇതിനോടകം ഡിവൈഎഫ‌്ഐ പ്രവർത്തകർ ശുചീകരിച്ചു.
പ്രളയം രൂക്ഷമായി ബാധിച്ച എറണാകുളം ജില്ലയിൽ സംസ്ഥാന പ്രസിഡന്റ് എ എൻ ഷംസീർ, സെക്രട്ടറി എം സ്വരാജ്, കേന്ദ്ര കമ്മിറ്റിയംഗം എസ് സതീഷ്, കെ എസ് അരുൺകുമാർ എന്നിവരാണ് നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനം. കണ്ണൂർ, പാലക്കാട്, കാസർകോട‌് ജില്ലകളിൽനി്ന്നുള്ള പ്രവർത്തകരാണ‌് ജില്ലയിലുള്ളത‌്. ആറായിരത്തിലധികം പ്രവർത്തകരാണ് ഇവിടെ ശുചീകരണം നടത്തുന്നത്.

പത്തനംതിട്ടയിൽ മൂവായിരത്തിലധികം പ്രവർത്തകരാണ‌് രംഗത്തുള്ളത‌്. സംസ്ഥാന ട്രഷറർ പി ബിജു, കേന്ദ്രകമ്മിറ്റി അംഗം എ എ റഹീം, ജില്ലാ സെക്രട്ടറി കെ യു ജനീഷ്കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ.  തിരുവനന്തപുരം, കൊല്ലം, കോട്ടയം ജില്ലകളിൽ നിന്നുള്ളവരാണ‌് ജില്ലയിലുള്ളത‌്. 

ആലപ്പുഴ ജില്ലയിൽ കോഴിക്കോട്, കൊല്ലം ജില്ലകളിൽനിന്നുള്ള പ്രവർത്തകരാണ് ശുചീകരണം തുടരുന്നത്. പെരുന്നാൾദിനത്തിലും ശുചീകരണം നടന്നു. മലപ്പുറം ജില്ലയിൽനിന്നുള്ള പ്രവർത്തകർ നാളെ മാന്നാർ, ചെങ്ങന്നൂർ മേഖലകളിൽ ശുചീകരണം നടത്തും. മൂവായിരത്തിലധികം പേരാണ് ആലപ്പുഴ ജില്ലയിൽ ശുചീകരണം നടത്തുന്നത്. 

മനു സി പുളിക്കലാണ് ആലപ്പുഴ ജില്ലയിൽ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്. തൃശൂർ ജില്ലയിലെ ചാലക്കുടിയിൽ പാലക്കാട്ടുനിന്നുവന്ന പ്രവർത്തകർ ശുചീകരണം നടത്തി. മറ്റു ജില്ലകളിൽ അതതു ജില്ലകളിൽത്തന്നെയുള്ള പ്രവർത്തകരാണ് ശുചീകരണം നടത്തുന്നത്. സംസ്ഥാന കമ്മിറ്റി അംഗങ്ങൾ മുതൽ യൂണിറ്റ് തലം വരെയുള്ള പ്രവർത്തകർ ശുചീകരണത്തിന് നേതൃത്വം നൽകുന്നു. ക്യാമ്പുകളിലേക്ക് ഭക്ഷണസാധനങ്ങളും മറ്റ് അവശ്യവസ്തുക്കളും എത്തിച്ചു. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ഡിവൈഎഫ്ഐ ഘടകങ്ങളിൽനിന്ന് വലിയ തോതിലാണ് സഹായം എത്തിച്ചത്. വരുംദിവസങ്ങളിലും ശുചീകരണപ്രവർത്തനങ്ങൾ തുടരും.

പ്രധാന വാർത്തകൾ
Top